തായന്നൂര്‍: എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഉച്ച കഴിഞ്ഞുള്ള പരിശോധന നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ചികിത്സ തുടരാനാവാത്തതിനാല്‍ നാട്ടുകാര്‍ ആശുപത്രി വരാന്തയില്‍ ഇരുന്ന് പ്രതിഷേധിച്ചു.
രണ്ടു മണിക്കൂറുകളോളം നീണ്ട സമരം, അമ്പലത്തറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ദാമോദരന്റെ സാന്നിധ്യത്തില്‍ മെഡിക്കല്‍ ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീജ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എം.ജയശ്രീ എന്നിവര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചു. നവംബര്‍ 1 മുതല്‍ വൈകുന്നേരം വരെ ഒപി പ്രവര്‍ത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്.ഡോക്ടര്‍മാരുടെ കുറവു മൂലം ഒന്‍പത് മാസം മുമ്പാണ് സായാഹ്ന ഒപി നിര്‍ത്തി വച്ചത്. ഉച്ചകഴിഞ്ഞുള്ള ചികിത്സ നിര്‍ത്തിയതോടെ കോടോം-ബേളൂര്‍, മടിക്കൈ, കിനാനൂര്‍- കരിന്തളം പഞ്ചായത്തില്‍ നിന്നായി എത്തുന്ന രോഗികള്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് ജില്ലാ ആശുപത്രിയിലോ സ്വകാര്യ ആശുപത്രികളിലോ പോകേണ്ടി വരുന്നു.
പിഎസ്സി നിയമനത്തിലൂടെ രണ്ട് ഡോക്ടര്‍മാരും, ഒരു എന്‍എച്ച്എം ഡോക്ടറും പഞ്ചായത്ത് താത്ക്കാലികമായി നിയമിക്കേണ്ട ഒരാളുമടക്കം 4 ഡോക്ടര്‍മാരുടെ സേവനമാണ് ഫാമിലി ഹെല്‍ത്ത് സെന്റെറുകളില്‍ വേണ്ടത്. മെഡിക്കല്‍ ഓഫീസറുടെ ചുമതലയുണ്ടായിരുന്ന ഡോക്ടര്‍ പ്രസവാവധിയില്‍ പോയതോടെ എണ്ണപ്പാറയില്‍ സായാഹ്ന ഒപി നിര്‍ത്തിയത്. രണ്ട് ഡോക്ടര്‍മാര്‍ രാവിലെ 9 മണിക്ക് ശേഷം എത്തി ഉച്ചയ്ക്ക് മടങ്ങും.
നിത്യേന ഇരുന്നുറോളം രോഗികള്‍ ആശ്രയിക്കുന്ന ആതുരാലയമാണിത്. ഡോക്ടര്‍മാരുടെ കുറവിനെ തുടര്‍ന്ന് സായാഹ്ന ഒപി നിര്‍ത്തിവച്ചതോടെ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മറ്റി തീരുമാനപ്രകാരം നിര്‍ത്തിയ താല്‍ക്കാലിക ലാബ് ടെക്നീഷ്യനെ പിരിച്ചു വിട്ടിരുന്നു. അതോടെ രാവിലെ ഭക്ഷണം കഴിക്കാതെ പരിശോധനക്കെത്തുന്ന രോഗികള്‍ 6 മുതല്‍ 9 വരെ കാത്തിരിക്കേണ്ടി വരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. അതിനിടെ ഞായര്‍ ഒപിയും നിര്‍ത്തി വച്ചിരുനെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും തുടങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂടുതല്‍ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ഈ ആശുപത്രി പരിധിയില്‍ മെയ്, ജൂണ്‍ മാസങ്ങളിലായ 3 ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആദിവാസികളും സാധാരണക്കാരുമടക്കമുളള നൂറുകണക്കിന് കുടുംബങ്ങള്‍ അശ്രയിക്കുന്ന ഈ ആശുപത്രിയില്‍ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ചികിത്സ വേണമെന്നും രാവിലെ 6 മുതല്‍ ലാബ് പ്രവര്‍ത്തിക്കണമെന്നും ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് പല തവണ ബന്ധപ്പെട്ടിരുന്നുവെങ്കിലും 10 മാസമായിട്ടും യാതൊരു പ്രതികരണവുമില്ലാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ സമരത്തിന് ഇറങ്ങേണ്ടിവന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.എം.ഡി.രാജന്, സി.എ.കുഞ്ഞിക്കണ്ണന്, ഗോപി വലിയവീട്ടില്‍, രമേശന് മലയാറ്റുകര, രാഘവന് മണിയറ, എന്‍.ബിന്ദു, കെ.സരോജിനി, ശില്‍പ്പ സുരേഷ്,ലക്ഷ്മി, മനീഷ സതീശന്,കെ.രഘു എം.സി.ഗീത, പി.രാധ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: