ആലപ്പുഴ: കളര്‍കോട് മഹാദേവ ക്ഷേത്രത്തിലെ മുന്‍ ഉപദേശക സമിതിക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്കിയ കേസില്‍ ആലപ്പുഴ സൗത്ത് പോലീസ് സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതായി പരാതി. ഹൈക്കോടതി വരെ ഇടപെട്ട വിഷയത്തിലാണ് രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.
കളര്‍കോട് മഹാദേവ ക്ഷേത്രത്തില്‍ സപ്താഹയജ്ഞം നടത്തിയതിന്റെ മറവില്‍ വ്യാജരസീത് ഉപയോഗിച്ച് പണപ്പിരിവ് നടത്തിയതിന് സബ്ഗ്രൂപ്പ് ഓഫീസര്‍ സൗത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 24ന് ഉപദേശക സമിതി പ്രസിഡന്റിനെയും സെക്രട്ടറിയേയും പ്രതികളാക്കി പോലീസ് എഫ്ഐആര്‍ രേഖപ്പെടുത്തി കേസെടുത്തിരുന്നു.
എന്നാല്‍ രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് അന്വേഷണം അട്ടിമറിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്. ഉപദേശക സമിതിയംഗം കൂടിയായ പ്രധാന സാക്ഷിയെ പോലീസ്, സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. മൊഴി മാറ്റണമെന്നായിരുന്നു ആവശ്യം. കഴിഞ്ഞ ആറിനാണ് ആദ്യം സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. വീണ്ടും 24ന് എത്താന്‍ ആവശ്യപ്പെട്ടു. അന്നേ ദിവസം എത്തിയപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥന് ഭീഷണിപ്പെടുത്തിയത്.
സാക്ഷി മൊഴി നല്‍കിയയാള്‍ ഇതിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. ഭരണകക്ഷിയിലെ പ്രമുഖ ജനപ്രതിനിധിയുടെ ഇടപെടലാണ് കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നതിന് പിന്നിലെന്നാണ് ആക്ഷേപം. അനധികൃത പണപ്പിരിവ്, വ്യാജ രസീത്, പ്രദക്ഷിണ വഴി നിര്‍മ്മാണത്തിലെ ക്രമക്കേട് തുടങ്ങി നിരവധി ആക്ഷേപങ്ങള്‍ ഉന്നയിച്ച് ഭക്തര്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉപദേശക സമിതിയെ പിരിച്ചുവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: