Categories: News

സ്മരണാഞ്ജലി; ‘ഓര്‍മയില്‍ ഹരിയേട്ടന്‍’ സ്മൃതി സന്ധ്യ

Published by

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും സൈദ്ധാന്തികനും എഴുത്തുകാരനുമായ ആര്‍. ഹരിയെ അനുസ്മരിച്ച് സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍. രാഷ്‌ട്ര ധര്‍മ്മ പരിഷത്തിന്റെ നേതൃത്വത്തില്‍ എറണാകുളം ഗംഗോത്രി ഹാളില്‍ സംഘടിപ്പിച്ച ‘ഓര്‍മയില്‍ ഹരിയേട്ടന്‍’ സ്മൃതി സന്ധ്യയില്‍ ലക്ഷ്മിബായ് ധര്‍മ്മ പ്രകാശന്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി എം. മോഹനന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഏവര്‍ക്കും സ്വീകാര്യനായ വ്യക്തിത്വം ആയിരുന്നു ആര്‍. ഹരിയുടേതെന്ന് എം. മോഹനന്‍ പറഞ്ഞു.

നിരവധി മഹദ് വ്യക്തിത്വങ്ങളെ സംഘത്തിലേക്ക് അടുപ്പിക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചു. സമൂഹത്തിന്റെ സ്പന്ദനം മനസിലാക്കിയായിരുന്നു പ്രവര്‍ത്തനം. തിരുത്തേണ്ട കാര്യങ്ങള്‍ ആരെയും വെറുപ്പിക്കാതെ വളരെ ലളിതമായി കൈകാര്യ ചെയ്യുന്നത് ആര്‍. ഹരിയുടെ പ്രത്യേകതയായിരുന്നു. ഏത് വിഷയം എടുത്താലും അതിനെക്കുറിച്ച് അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ ഒരിക്കലും തെറ്റാറില്ലായിരുന്നു. സംന്യാസി സമൂഹത്തിനു പോലും മാതൃകാപരമായ വ്യക്തിത്വമായിരുന്നു. സംഘമായി ജീവിച്ച് സംഘമായി പ്രവര്‍ത്തിച്ച പ്രചാരകരനായിരുന്നു ഹരിയേട്ടനെന്നും എം. മോഹനന്‍ അനുസ്മരിച്ചു.

രാഷ്‌ട്രവും സംസ്‌കൃതിയും-ഒരു സമകാലിക ചിന്ത എന്ന വിഷയത്തില്‍ ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത കാര്യകാരി അംഗവും കുരുക്ഷേത്ര മാനേജിങ് ഡയറക്ടറുമായ കാ.ഭാ. സുരേന്ദ്രന്‍ സംസാരിച്ചു. ഭാരതം നില കൊള്ളുന്നത് ലോകത്തെ പഠിപ്പിക്കാനാണ്. പുസ്തകത്തില്‍ എഴുതി വയ്ച്ചിട്ടുള്ള പല സംസ്‌കാരങ്ങളും തകര്‍ന്നപ്പോള്‍ ഭാരതത്തിന്റെ സംസ്‌കാരത്തിന് ഒന്നും സംഭവിച്ചില്ല. ലോകത്തെ മറ്റുള്ള മതങ്ങള്‍ ഒരാളുടെ പേരിലാണ് അറിയപ്പെടുന്നത്. അതിലൂടെയാണ് സംസ്‌കാരവും ഉണ്ടായത്. എന്നാല്‍ ഭാരതത്തില്‍ മതത്തിന്റേ പേരിലോ വ്യക്തിയുടെ പേരിലോ അല്ല സംസ്‌കാരം. എഴുതി തയാറാക്കിയതുമല്ല. മതവും സംസ്‌കാരവും രണ്ടായിത്തന്നെ നില കൊള്ളുന്നു. നമ്മുടെ സംസ്‌കാരത്തെ തകര്‍ക്കാന്‍ സാധിക്കാത്തതും അതിനാലാണ്, അദ്ദേഹം പറഞ്ഞു. കൊച്ചി മഹാനഗര്‍ സംഘചാലക് അഡ്വ. പി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. രാഷ്‌ട്ര ധര്‍മ്മ പരിഷത് സെക്രട്ടറി കെ. ലക്ഷ്മിനാരായണന്‍, രതീഷ് എന്നിവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക