Kerala

യുവാക്കളുടെ അഭിലാഷങ്ങള്‍ക്ക് പാലമായി റോസ്ഗാര്‍ മേള: സുരേഷ് ഗോപി

Published by

കൊച്ചി: യുവാക്കളുടെ അഭിലാഷങ്ങള്‍ക്കും രാജ്യം നല്‍കുന്ന അവസരങ്ങള്‍ക്കും ഇടയിലുള്ള പാലമായാണ് റോസ്ഗാര്‍ മേള നിലകൊള്ളുന്നതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ദേശീയതല റോസ്ഗാര്‍ മേളയുടെ ഭാഗമായി തപാല്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമിതരായവരെ സുരേഷ് ഗോപി അഭിനന്ദിക്കുകയും അവരുടെ സമര്‍പ്പണവും സമഗ്രതയും കഠിനാധ്വാനവും രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തുമെന്നും ഓര്‍മിപ്പിച്ചു. ഓരോ നിയമനവും ഒരു ജോലിയേക്കാള്‍ ഉപരിയാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്കും വികസനത്തിനും അര്‍ത്ഥപൂര്‍ണമായി സംഭാവന ചെയ്യാനുള്ള പ്രതിബദ്ധതയാണെന്ന് മന്ത്രി പറഞ്ഞു. പുതിയതായി നിയമിതരായവരുടെ വിജയത്തില്‍ മാതാപിതാക്കള്‍ വഹിച്ച പങ്കിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

രാജ്യത്തുടനീളം 40 സ്ഥലങ്ങളില്‍ ഇന്നലെ റോസ്ഗാര്‍ മേള നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ 51,236 പുതിയ റിക്രൂട്ട്മെന്റുകള്‍ക്ക് നിയമന കത്തുകള്‍ വിതരണം ചെയ്യുകയും അഭിസംബോധന ചെയ്യുകയും ചെയ്തു. പരിപാടിയില്‍ പുതുതായി നിയമിതരായ 135 പേര്‍ക്ക് നിയമന കത്തുകള്‍ കൈമാറി.

സുരേഷ് ഗോപി 25 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നിയമന കത്തുകള്‍ വിതരണം ചെയ്തു. വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അതത് വകുപ്പുകളില്‍ പുതുതായി നിയമനം ലഭിച്ചവര്‍ക്കുള്ള കത്ത് കൈമാറി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക