കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റി.
അതേസമയം, ബുധനാഴ്ച തന്നെ ദിവ്യ ജാമ്യാപേക്ഷ സമര്‍പ്പിക്കും. അന്വേഷണസംഘം കസ്റ്റഡി അപേക്ഷയും ഉടന്‍ സമര്‍പ്പിച്ചേക്കും. കസ്റ്റഡി ആവശ്യം പൊലീസ് നിലവില്‍ പരസ്യമായി ഉന്നയിച്ചിട്ടില്ല
നേരത്തേ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്ന് പൊലീസുമായുളള ധാരണ പ്രകാരം പി പി ദിവ്യ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നവീന്റെ മരണത്തിന് പിന്നാലെ ദിവ്യ ഒളിവിലായിരുന്നു.നേരത്തേ ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ നിയമതടസമില്ലാതിരുന്നപ്പോഴും അന്വേഷണസംഘം അവരെ അറസ്റ്റ് ചെയ്യാതിരുന്നതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്നും പി പി ദിവ്യയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോയപ്പോള്‍ പ്രതിപക്ഷ യുവജന സംഘനകള്‍ കരിങ്കൊടി കാട്ടിയിരുന്നു. മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കാന്‍ ജില്ലാ ആശുപത്രിയുടെ പിന്‍വാതിലിലൂടെയാണ് ദിവ്യയെ വൈദ്യ പരിശോധനയ്ക്കെത്തിച്ചത്.
ഇതിന് ശേഷം തളിപ്പറമ്പ് മജിസ്ട്രേറ്റിന്റെ വീട്ടിലാണ് പി പി ദിവ്യയെ ഹാജരാക്കിയത്. ഇവിടെ ദിവ്യയെ എത്തിക്കും മുമ്പ് തന്നെ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. സി പി എം പ്രവര്‍ത്തകരും പ്രതിപക്ഷ കക്ഷികളിലെ പ്രവര്‍ത്തകരും വീടിന് മുന്നില്‍ തടിച്ചു കൂടി. യാതൊരു കൂസലുമില്ലാതെ ചിരിച്ച് കൊണ്ടാണ് പി പി ദിവ്യ പൊലീസ് ജീപ്പില്‍ ജയിലിലേക്ക് പോയത്.
ദിവ്യക്ക് പിന്തുണ നല്കാന് ജനാധിപത്യ മഹിളാ അസോസിയേഷന് പ്രവര്‍ത്തകും ഡി വൈ എഫ് ഐ ക്കാരും മജിസ്ട്രേട്ടിന്റെ വീടിന് മുന്നില്‍ എത്തിയിരുന്നു. ദിവ്യയെ ജയില്‍ വളപ്പില്‍ പ്രവേശിപ്പിച്ചപ്പോള്‍ പിന്നാലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: