ന്യൂദല്‍ഹി: ഐഎസ്ആര്‍ഒയുടെ നിര്‍ണായക ദൗത്യങ്ങളുടെ ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ച് ചെയര്‍മാന്‍ എസ്. സോമനാഥ്. ആകാശവാണിയിലെ സര്‍ദാര്‍ പട്ടേല്‍ സ്മാരക പ്രഭാഷണത്തിനിടെയായിരുന്നു വെളിപ്പെടുത്തല്‍.
മനുഷ്യനെ ബഹിരാകാശത്തെത്തിച്ച് തിരിച്ചുകൊണ്ടുവരുന്ന, ഭാരതത്തിന്റെ അഭിമാന ദൗത്യമായ ഗഗന്‍യാന്റെ വിക്ഷേപണം 2025ലുണ്ടാകില്ല. നേരത്തേ നിശ്ചയിച്ചതു മാറ്റി. പുതിയ തീരുമാന പ്രകാരം 2026ലാകും വിക്ഷേപണം. മനുഷ്യനെ വഹിച്ചുള്ള, നിര്‍ണായക ദൗത്യത്തെ ഐഎസ്ആര്‍ഒ ജാഗ്രതയോടെ സമീപിക്കുന്നതിന്റെ ഭാഗമാണത്. ദൗത്യത്തിന്റെ സുരക്ഷയും വിജയവും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഈ താമസം സൂചിപ്പിക്കുന്നത്, അദ്ദേഹം വിശദീകരിച്ചു
ചന്ദ്രനില്‍ നിന്ന് മണ്ണെടുത്ത് തിരികെയെത്തുന്ന ചന്ദ്രയാന്‍ 4: സാമ്പിള്‍ റിട്ടേണ്‍ മിഷന്‍ 2028ലും നിസാര്‍: ഭാരതം-യുഎസ് സംയുക്ത ദൗത്യം 2025ലും ഉണ്ടാകും. ജപ്പാന്‍ ബഹിരാകാശ ഏജന്‍സി ജാക്‌സയുമായി സഹകരിച്ച് ചന്ദ്രനിലിറങ്ങാനുള്ള ചന്ദ്രയാന്‍ 5ന്റെ വിക്ഷേപണം തീരുമാനിച്ചില്ല. 2028ന് ശേഷം പ്രതീക്ഷിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ആഗോള ബഹിരാകാശ സമ്പദ് വ്യവസ്ഥയില്‍ രണ്ടു ശതമാനം മാത്രമാണ് ഭാരതത്തിന്റെ സംഭാവന. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇത് 10 ശതമാനമായി ഉയര്‍ത്തുക, അന്താരാഷ്‌ട്ര ബഹിരാകാശ രംഗത്ത് പ്രധാന പങ്കുവഹിക്കുന്ന രാജ്യമായി ഭാരതത്തെ മാറ്റുക എന്നിവയാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം, അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക