കല്‍പ്പറ്റ: വയനാട് ലോക്സഭാമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക വാദ്രയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്ന് എന്‍ഡിഎ. സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതിലെ എതിര്‍പ്പ് വ്യക്തമാക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യാ ഹരിദാസ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി. പ്രിയങ്ക വാദ്ര സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലും സത്യവാങ്മൂലത്തിലും പ്രസക്തമായ വിവരങ്ങള്‍ മനപ്പൂര്‍വം മറച്ചുവച്ചെന്നും നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഓഹരികള്‍, സ്വത്തുക്കള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകള്‍, നാഷണല്‍ ഹെറാള്‍ഡിലെ സോണിയയുടെയും രാഹുലിന്റെയും ഓഹരികള്‍ തുടങ്ങിയവ പരാമര്‍ശിക്കുന്നത് അവര്‍ സൗകര്യപൂര്‍വം ഒഴിവാക്കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
ഓഹരി വിവരങ്ങളും കേസുകളും ബോധപൂര്‍വം ഒഴിവാക്കിയതും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയ നവ്യാ ഹരിദാസ്, പ്രിയങ്ക വാദ്രയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതിനെ ശക്തമായി എതിര്‍ത്തു.
അതേസമയം കോണ്‍ഗ്രസും പ്രിയങ്ക വാദ്രയും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഇരുവര്‍ക്കുമെതിരെ ദല്‍ഹി ഹൈക്കോടതിയില്‍ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇവരുടെ സ്വത്തു വിവരങ്ങളെക്കുറിച്ച് ആധികാരികമായി പറയുന്നുണ്ടെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് വ്യക്തമാക്കി. നാമനിര്‍ദേശപത്രികയില്‍ നല്കിയ വിവരങ്ങളിലും, ഇ ഡിക്ക് മുന്‍പാകെ നല്കിയ മൊഴിയിലും വലിയ വ്യത്യാസമുണ്ടെന്നും എം.ടി. രമേശ് ചൂണ്ടിക്കാട്ടി. നാമനിര്‍ദേശ പത്രികയില്‍ 78 കോടി രൂപയാണ് പ്രിയങ്ക ആസ്തിയായി കാണിച്ചിട്ടുള്ളത്. എന്നാല്‍ പത്തുവര്‍ഷത്തെ നികുതി കുടിശികയായി 82 കോടി രൂപ ഇവര്‍ അടയ്ക്കാനുണ്ട്. റോബര്‍ട്ട് വാദ്രയ്ക്ക് ലണ്ടനില്‍ രണ്ട് കമ്പനികള്‍ ഉണ്ട്. ഇത് ഏത് കമ്പനിയാണെന്ന് നാമനിര്‍ദേശപത്രികയില്‍ പ്രിയങ്ക വ്യക്തമാക്കിയിട്ടില്ല. ഇ ഡിയുടെ അന്വേഷണ പരിധിയിലുള്ള കമ്പനികളാണിത്. ജനങ്ങളെ കബളിപ്പിച്ച് നാമ നിര്‍ദേശ പത്രിക നല്കിയ പ്രിയങ്കയുടെ പത്രിക തള്ളണമെന്നും ഇവരുടെ സ്ഥാനാര്‍ത്ഥിത്വത്തെ നിയമപരമായി നേരിടുമെന്നും രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: