Kerala

നീലേശ്വരത്തെ അപകടം അനാസ്ഥ മൂലം, ആള്‍ക്കൂട്ടത്തിന് തൊട്ടടുത്ത് പടക്ക ശേഖരം സൂക്ഷിച്ചു, ക്ഷേത്ര ഭാരവാഹികൾ കസ്റ്റഡിയിൽ

Published by

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ടത്തിനിടെ വെടിപ്പുരക്ക് തീപിടിച്ചു. ഇക്കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ നൂറിലേറെ പേർക്കു പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി, ജില്ലയിലെയും മംഗളൂരുവിലെയും സ്വകാര്യ ആശുപത്രികൾ, പരിയാരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ എത്തിച്ചു. ചിലരുടെ നില ഗുരുതരമെന്നാണു സൂചന.

ഇന്നലെ രാത്രി 12.20ന് ആയിരുന്നു അപകടം. ജില്ലയിലെ ആംബുലൻസുകളോട് ജില്ലാ ആശുപത്രിയിലും സംഭവസ്ഥലത്തുമായി എത്തിച്ചേരാൻ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. കലക്ടറും ജില്ലാ പൊലീസ് മേധാവിയും സംഭവസ്ഥലത്തെത്തി.

വാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി വീണതാണ് തീപിടിക്കാൻ കാരണമെന്നാണ് നി​ഗമനം. സംഭവത്തിൽ സംഘാടകരെ കസ്റ്റഡിയിലെടുത്തു. ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിനായി ജില്ലാ ഭരണക്കൂടത്തിന്റെ അനുമതിയുണ്ടായിരുന്നില്ലെന്ന് കളക്ടർ വ്യക്തമാക്കി.

ക്ഷേത്രം അധികൃതർ വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷ നൽകിയിരുന്നില്ലെന്നും കാസർകോട് ജില്ലാ കളക്ടർ ഇൻപശേഖർ കാളിമുക്ക്‌ പറഞ്ഞു. സംഭവത്തിൽ ക്ഷേത്രഭാരവാഹികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.

ജില്ലാ ഭരണക്കൂടം സംഭവത്തിൽ പ്രാഥമികമായ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ ഇൻപശേഖർ കാളിമുക്ക്‌ പറഞ്ഞു.പരിക്കേറ്റവരെ കാസർകോട് ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്കും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by