ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും ആഴ്‌സണലും തമ്മില്‍ നടന്ന സൂപ്പര്‍ പോരാട്ടം സമനിലയില്‍ പിരിഞ്ഞു. ആഴ്‌സണലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ കരുത്തരുടെ പോരാട്ടം സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി.
ഈ മത്സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ ലിവര്‍പൂളിന് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയരാമായിരുന്നു. രണ്ട് തവണ പിന്നിട്ടുനിന്ന മത്സരത്തില്‍ 81-ാം മിനിറ്റില്‍ മുഹമ്മദ് സല നേടിയ ഗോളിലാണ് ലിവര്‍പൂള്‍ ആഴ്‌സണലിനെതിരെ സമനില സ്വന്തമാക്കിയത്. ആഴ്‌സണലിനായി ഒന്‍പതാം മിനിറ്റില്‍ ബുകായോ സാക, 43-ാം മിനിറ്റില്‍ മൈക്കല്‍ മെറീനോ എന്നിവരാണ് ഗോളടിച്ചത്. ലിവര്‍പൂളിനായി 18-ാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ ഡിക്കും ഒരു ഗോളടിച്ചു.
മത്സരത്തില്‍ നേരിയ മുന്‍തൂക്കം ലിവര്‍പൂളിനായിരുന്നെങ്കിലും ആദ്യം ഗോളടിച്ചത് ആഴ്‌സണലാണ്. ഒന്‍പതാം മിനിറ്റില്‍ ബുക്കായോ സാകയിലൂടെ ആഴ്‌സനലാണ് ആദ്യം ലീഡെടുക്കുന്നത്. ബെന്‍ വൈറ്റിന്റെ ലോങ് ബോള്‍ സ്വീകരിച്ച സാക പിഴവുകളില്ലാതെ ലക്ഷ്യം കണ്ടു. ലീഡ് വഴങ്ങിയതോടെ ലിവര്‍പൂള്‍ ആക്രമണം ശക്തമാക്കി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 18-ാം മിനിറ്റില്‍ അവര്‍ സമനില ഗോള്‍ കണ്ടെത്തി. അലക്‌സാണ്ടര്‍-അര്‍നോള്‍ഡിന്റെ സെറ്റ്പീസില്‍ നിന്ന് ഹെഡുതിര്‍ത്ത് വിര്‍ജില്‍ വാന്‍ ഡിക്കാണ് ലക്ഷ്യം കണ്ടത്. എന്നാല്‍ ആദ്യപകുതി അവസാനിക്കുന്നതിന് മുന്‍പായി ഗണ്ണേഴ്‌സ് വീണ്ടും ലീഡ് നേടി. ഡെക്‌ലാന്‍ റീസ് ഒരുക്കിയ അവസരത്തില്‍ നിന്ന് മൈക്കല്‍ മെറീനോ ലക്ഷ്യം കണ്ടു. ഇതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഗണ്ണേഴ്‌സ് 2-1ന് മുന്നില്‍.
രണ്ടാം പകുതിയിലും ഇരുടീമുകളും മികച്ച ഫുട്‌ബോള്‍ കാഴ്ചവെച്ചു. സമനില ഗോളിനായി ലിവര്‍പൂളും ലീഡ് ഉയര്‍ത്താന്‍ ആഴ്‌സണലും കിണഞ്ഞു ശ്രമിച്ചെങ്കിലും പക്ഷേ ഗോള്‍ വിട്ടുനിന്നു. രണ്ടാം പകുതി അവസാനത്തേക്ക് കടന്നതോടെ ആഴ്‌സനല്‍ ഏറെ കുറേ ജയമുറപ്പിച്ചിരുന്നു. എന്നാല്‍, 81-ാം മിനിറ്റില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹിന്റെ ഗോളിലൂടെ ലിവര്‍പൂള്‍ സമനില സ്വന്തമാക്കി. നൂനസ് ഒരുക്കിയ അവസരത്തില്‍ നിന്നായിരുന്നു സലയുടെ ഗോള്‍.
പ്രീമിയര്‍ ലീഗില്‍ ഒന്‍പത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 22 പോയിന്റുമായി ലിവര്‍പൂള്‍ രണ്ടാമതും 18 പോയിന്റുമായി ആഴ്‌സനല്‍ മൂന്നാമതുമാണ്. 23 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: