ന്യൂദല്‍ഹി: വഖഫ് ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തിലെ പ്രതിപക്ഷ നാടകം തുടരുന്നു. വിവിധ പാര്‍ട്ടികളിലെ മുസ്ലിം എംപിമാര്‍ ഇന്നലെ യോഗത്തില്‍ നിന്നു പ്രതിഷേധിച്ചിറങ്ങിപ്പോയി. കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ്, സമാജ് വാദി പാര്‍ട്ടി എംപി മൊഹിബുള്ള നദ്വി, എഐഎംഐഎം എംപി അസാദുദ്ദീന്‍ ഒവൈസി എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്. ഇവര്‍ മൂവരും പ്രത്യേക യോഗം ചേര്‍ന്ന് സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ നിന്നു മാറി നില്ക്കാന് തീരുമാനിച്ചു.
ദല്‍ഹി വഖഫ് ബോര്‍ഡ് അഡ്മിനിസ്ട്രേറ്റര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷ എംപിമാര്‍ ബഹളമാരംഭിച്ചത്. ദല്‍ഹി സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് റിപ്പോര്‍ട്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡുകളുടെ റിപ്പോര്‍ട്ടും യോഗം പരിഗണിച്ചു. ഉച്ചയ്ക്കു ശേഷം സുപ്രീംകോടതി, ഹൈക്കോടതി എന്നിവയിലെ പ്രമുഖ അഭിഭാഷകരുമായും ദല്‍ഹി വഖഫ് ടെനന്റ് വെല്‍ഫെയര്‍ അസോസിയേഷനുമായും ജെപി
സി കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ ദിവസം യോഗത്തിനിടെ ചില്ലുകുപ്പി എറിഞ്ഞുടച്ച് മോശമായി പെരുമാറിയ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയെ ഇന്നലത്തെ യോഗത്തില്‍ പ്രവേശിപ്പിച്ചില്ല. അദ്ദേഹം ഒരു ദിവസത്തെ സസ്പെന്‍ഷനിലാണ്. സംയുക്ത പാര്‍ലമെന്ററി സമിതി അധ്യക്ഷന്‍ ജഗദംബിക പാലിനെ കുപ്പികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചെന്നായിരുന്നു അധ്യക്ഷന്‍ തന്നെ പരാതിപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: