ന്യൂദല്‍ഹി: എഴുപതിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് രണ്ടാം ഘട്ട പദ്ധതിക്ക് ഇന്നു തുടക്കം. നാലു കോടി കുടുംബങ്ങളിലെ ആറുകോടിയോളം വയോധികര്‍ക്ക് ആശ്വാസമേകുന്ന പദ്ധതി ജനങ്ങള്‍ക്കുള്ള ദീപാവലി സമ്മാനമാകും.
വരുമാന പരിധിയില്ലാതെ പണക്കാരനും പാവപ്പെട്ടവനും ഇടത്തരക്കാരനുമെല്ലാം ഈ പദ്ധതി പ്രകാരം സൗജന്യ ചികിത്സയ്‌ക്ക് അര്‍ഹതയുണ്ട്. പിഎംജെഎവൈ പോര്‍ട്ടലിലോ ആയുഷ്മാന്‍ ആപ്പിലോ രജിസ്റ്റര്‍ ചെയ്യണം. അര്‍ഹരായവര്‍ക്ക് ആയുഷ്മാന്‍ ആരോഗ്യ കാര്‍ഡ് നല്കും. കാര്‍ഡ് നിലവിലുള്ളവരും പുതിയ സംവിധാനത്തിലൂടെ അപേക്ഷിച്ച് കെവൈസി നടപടികള്‍ പൂര്‍ത്തീകരിക്കണം. ആയുഷ്മാന്‍ ഭാരത് കാര്‍ഡുള്ള കുടുംബങ്ങളില്‍ 70നു മുകളിലുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് അധികമായാണ് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നത്. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ എംപാനല്‍ ചെയ്ത ആശുപത്രികളിലൂടെയാണ് ചികിത്സ തേടേണ്ടത്. രാജ്യത്തെ 29,648 ആശുപത്രികള്‍ പദ്ധതിയിലുണ്ട്. ഇതില്‍ 12,696 സ്വകാര്യ ആശുപത്രികളാണ്.
ദല്‍ഹി ആയുര്‍വേദ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് 12,850 കോടി രൂപയുടെ പദ്ധതികളാണ് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. രാജ്യത്തെ ആദ്യ ദേശീയ ആയുര്‍വേദ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പഞ്ചകര്‍മ ആശുപത്രി, ഔഷധ നിര്‍മാണ ആയുര്‍വേദ ഫാര്‍മസി, സ്പോര്‍ട്സ് മെഡിസിന്‍ യൂണിറ്റ്, കേന്ദ്ര ലൈബ്രറി, ഐടി, സ്റ്റാര്‍ട്ടപ്പ് ആശയ ഉദ്ഭവ കേന്ദ്രം, 500 പേര്‍ക്കുള്ള ഓഡിറ്റോറിയം എന്നിവ ഇതില്‍പ്പെടുന്നു. മധ്യപ്രദേശിലെ മന്ദ്സൗര്‍, നീമച്ച്, സിവ്നി എന്നിവിടങ്ങളിലെ മൂന്നു മെഡിക്കല്‍ കോളജുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൂടാതെ, ബിലാസ്പുര്‍, കല്യാണി, പട്‌ന, ഗോരഖ്പുര്‍, ഭോപ്പാല്‍, ഗുവാഹത്തി, ന്യൂദല്‍ഹി എന്നിവിടങ്ങളിലുള്ള വിവിധ എയിംസുകളിലെ സൗകര്യങ്ങളും സേവന വിപുലീകരണങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ബിലാസ്പുരിലെ ഗവ. മെഡി. കോളജ് സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കും ഒഡിഷയിലെ ബര്‍ഗഢില്‍ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കും ഉദ്ഘാടനം ചെയ്യും.
യു വിന്‍ പോര്‍ട്ടല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ ഇതു ഗര്‍ഭിണികള്‍ക്കും ശിശുക്കള്‍ക്കും പ്രയോജനമാകും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും (ജനനം മുതല്‍ 16 വരെ) പ്രതിരോധ കുത്തിവയ്പിലൂടെ 12 രോഗങ്ങള്‍ക്കെതിരേ ജീവന്‍രക്ഷാ വാക്‌സിനുകള്‍ സമയ ബന്ധിതമായി നല്കുമെന്ന് ഇതുറപ്പാക്കും. അനുബന്ധ, ആരോഗ്യ പരിപാലന പ്രൊഫഷണലുകള്‍ക്കും ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ക്കുമായി പോര്‍ട്ടലും ഉദ്ഘാടനം ചെയ്യും. ഒഡീഷ ഖോര്‍ധയിലും ഛത്തീസ്ഗഡ് റായ്പൂരിലും യോഗയ്‌ക്കും പ്രകൃതി ചികിത്സയ്‌ക്കുമുള്ള രണ്ടു കേന്ദ്ര ഗവേഷണ സ്ഥാപനങ്ങള്‍ക്ക് അദ്ദേഹം തറക്കല്ലിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: