റാഞ്ചി : ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ബർഹൈത്ത് മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ഗാംലിയേൽ ഹെംബ്രോമും തുണ്ടി മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ വികാഷ് മഹാതോയും പാർട്ടി പ്രഖ്യാപിച്ചു.
ബർഹൈത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച തലവനുമായ ഹേമന്ത് സോറനെതിരെയാണ് ഹെംബ്രോം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2014 മുതൽ ഹേമന്ത് സോറൻ നിലനിർത്തുന്ന സീറ്റ് കടപുഴക്കാനായിട്ടാണ് ശക്തനായ ഹെംബ്രോംമിനെ പാർട്ടി രംഗത്തിറക്കിയിരിക്കുന്നത്. തുണ്ടി മണ്ഡലത്തിൽ 2019 നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ജെഎംഎം സ്ഥാനാർത്ഥി മഥുര പ്രസാദ് മഹാതോയും ബിജെപിയുടെ വികാഷ് മഹാതോയും തമ്മിലാണ് പോരാട്ടം.
നേരത്തെ ഒക്ടോബർ 19 ന് ബിജെപി 66 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാണ്ടി ധനവാറിൽ നിന്നും ലോബിൻ ഹെംബ്രോം ബോറിയോയിൽ നിന്നും സീത സോറൻ ജംതാരയിൽ നിന്നും മത്സരിക്കും. മുൻ മുഖ്യമന്ത്രി ചമ്പൈ സോറൻ സറൈകെല്ലയിൽ മറ്റുരയ്‌ക്കുന്നു.
കൂടാതെ തിരഞ്ഞെടുപ്പിനുള്ള 40 സ്റ്റാർ പ്രചാരകരുടെ പട്ടിക ബിജെപി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി ധർമേന്ദ്ര പ്രധാൻ, ശിവരാജ് സിങ് ചൗഹാൻ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.
ഇവർക്ക് പുറമെ ബിജെപി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ് , നയാബ് സിംഗ് സൈനി , മോഹൻ മാജി ഹിമന്ത ബിശ്വ ശർമ്മ, വിഷ്ണു ദേവ് സായ് എന്നിവരും താരപ്രചാരകരിൽ ഉൾപ്പെടുന്നു.
സംസ്ഥാനത്തെ രണ്ട് പ്രധാന സഖ്യങ്ങൾ തമ്മിലാണ് തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്നത്. ഭരണകക്ഷിയായ കോൺഗ്രസ്-ജെഎംഎം സഖ്യവും ബിജെപി, ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ് യൂണിയൻ (എജെഎസ്‌യു), ജനതാദൾ (യുണൈറ്റഡ്), ലോക് ജനശക്തി പാർട്ടി (എൽജെപി) എന്നിവരും ചേർന്ന സഖ്യവുമാണ് തമ്മിൽ പോരടിക്കുന്നത്.
അതേ സമയം ബിജെപി 68 സീറ്റുകളിലും എജെഎസ്‌യു 10 സീറ്റുകളിലും ജെഡിയുവും എൽജെപിയും യഥാക്രമം രണ്ടിടത്തും ഒരു സീറ്റിലും മത്സരിക്കും. 81 സീറ്റുകളുള്ള ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നവംബർ 13, 20 തീയതികളിൽ നടക്കും. വോട്ടെടുപ്പ് നവംബർ 23നാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: