പാലക്കാട്: ദീപാവലി അടുത്തതോടെ ബേക്കറികളില്‍ മധുരപലഹാര വിപണി സജീവമായി. അതോടൊപ്പം പടക്കവിപണിയും. 31നാണ് ദീപാവലി. വിഷു കഴിഞ്ഞാല്‍ പിന്നെ പടക്കവിപണിയില്‍ കാര്യമായ കച്ചവടം നടക്കുന്നത് ദീപാവലിക്കാലത്താണ്. എന്നാല്‍ മധുരവിപണിയിലാണ് കൂടുതലായും വ്യാപാരമെന്നിരിക്കെ ബേക്കറികളെല്ലാം സജീവമാണ്.
വിവിധതരത്തിലുള്ള മധുരപലഹാരങ്ങള്‍ നിറഞ്ഞ ബോക്‌സുകളിലാണ് ദീപാവലിക്കാലത്തെ വിപണി തയ്യാറാവുന്നത്. 120, 240, 300 രൂപയുടെ ബോക്‌സുകള്‍ വരെയുണ്ട്. തമിഴ്‌നാട് ആസ്ഥാനമായുള്ള പ്രമുഖ ബേക്കറികള്‍ ഓഫറുകളുമായും രംഗത്തുണ്ട്. ‘ഒരുകിലോ സ്വീറ്റ്‌സിന് അരക്കിലോ കാരം’ എന്ന രീതിയില്‍ ദീപാവലി സ്‌പെഷ്യല്‍ ഓഫറുമുണ്ട്. സാധാരണ സ്വീറ്റ്‌സുകള്‍ക്കു പുറമെ സ്‌പെഷ്യല്‍ പാല്‍ഗോവ, പേഡ, ലഡ്ഡു എന്നിവയുടെ നിരവധി മോഡലുകളും വിപണിയിലുണ്ട്.
ഓണ്‍ലൈനുകളില്‍ വ്യാപാരം നടക്കുമെങ്കിലും ദീപാവലിക്കാലത്ത് ബേക്കറികളിലെത്തി വാങ്ങുന്നവരുടെ എണ്ണത്തിന് കുറവില്ല. അഗ്രഹാരങ്ങളില്‍ ദീപാവലിക്കാലത്ത് വീടുകളില്‍ സ്വീറ്റ്‌സ് ഉണ്ടാക്കുന്നവരുമേറെയാണ്. ബേക്കറികളില്‍ എക്കാലത്തും മധുരപലഹാരങ്ങള്‍ക്ക് ആവശ്യക്കാരേറെയാണെങ്കിലും ദീപാവലിക്കാലം മധുര വിപണികള്‍ പ്രതീക്ഷയുള്ള കാലമാണ്.
മഹാനവമി കഴിഞ്ഞതോടെ ആഘോഷങ്ങളും സജീവമാകുന്ന വേളയില്‍ ദീപാവലിയുമെത്തുന്നതോടെ മധുരപലഹാര വിപണിയില്‍ മധുര പ്രതീക്ഷയിലാണ് വ്യാപാരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക