വഖഫ് ബോര്‍ഡിന്റെ ഭീകരമുഖം കൂടുതല്‍ പ്രദേശങ്ങളില്‍ തല ഉയര്‍ത്തുമ്പോള്‍ സാധാരണക്കാരായ ഭാരതീയരുടെ നെഞ്ചിടിപ്പ് അനുദിനം കൂടിക്കൂടി വരുന്നു. വഖഫിന്റെ അവകാശവാദങ്ങളില്‍ ഉള്‍പ്പെട്ട പ്രദേശവാസികള്‍ മാത്രമല്ല അക്കൂട്ടത്തിലുള്ളത്. നാളെ ഇത് തങ്ങളുടെ നാട്ടിലും തല പൊക്കാമെന്ന ചിന്ത, രാജ്യത്താകമാനമുള്ള മുസ്ലിം ഇതര ജനവിഭാഗങ്ങളെ മുള്‍മുനയിലാക്കുന്നു. കര്‍ണാടകയിലും ഒടുവില്‍ തെലങ്കാനയിലും ഈ മുഖം തെളിഞ്ഞുവന്നതോടെ രാജ്യത്തിന്റെ തെക്കന്‍ മേഖലയിലെ നാല് സംസ്ഥാനങ്ങളിലെ ജനങ്ങളാണ് ഇരുള് മൂടിയ ഭാവിയിലേക്ക് നോക്കി നെടുവീര്‍പ്പിടുന്നത്.
തമിഴ്നാട്ടില്‍ ഒരു ഗ്രാമത്തിന് അപ്പാടെ അവകാശം ഉന്നയിച്ചവര്‍ കേരളത്തില്‍ മുനമ്പത്തെ അറുന്നൂറില്‍ ഏറെ കുടുംബങ്ങളുടെ സ്വത്തിലാണ് കൈവച്ചിരിക്കുന്നത്. ഇപ്പോള്‍ കര്‍ണാടകയിലെ വിജയപുരയില്‍ ഹോന്‍വാഡ ഗ്രാമത്തിലെ 1500 ഏക്കര്‍ സ്ഥലത്തിന് മേലും തെലങ്കാനയിലെ മല്‍കാജ്ഗിരിയില്‍ ജനവാസമേഖലയായ 750 ഏക്കര്‍ ഭൂമിയിലും പിടിമുറുക്കുന്നു. മുനമ്പത്ത് ഭീഷണിയിലായവര്‍ ഏറെയും മത്സ്യത്തൊഴിലാളികളാണെങ്കില്‍ കര്‍ണാടകത്തില്‍ പെരുവഴിയിലാകുന്നത് കര്‍ഷകരാണ്. കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള വഖഫ് ബോര്‍ഡ് ഭേദഗതി ബില്ലിന്റെ പ്രാധാന്യം അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ഇത്തരം ആനുകാലിക സംഭവങ്ങള്‍.
നിയമ പരിരക്ഷയുള്ള ഭൂമികൈയേറ്റമായി മാറിയിരിക്കുന്ന, വഖഫിന്റെ ഇന്നത്തെ ഈ നടപടിയെ എതിര്ക്കാനെന്നല്ല അതിനെതിരെ വായ് തുറക്കാന്‍ പോലും പേടിക്കുന്നവരാണ് ഇവിടത്തെ, ഇടത്- വലത് പാളയത്തിലെ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍. ഇവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊതുജനത്തിന് എന്ത് സുരക്ഷിതത്വ ബോധമാണ് ഇക്കൂട്ടര്‍ക്ക് നല്‍കാനാവുക ? ജനങ്ങള്‍ ആരോട് പരാതി പറയും? പറഞ്ഞാല്‍ ആര് ചെവിക്കൊള്ളും? എന്ത് ജനരക്ഷയുടെ പേരിലാണ് ഇത്തരക്കാര്‍ അധികാരത്തിലേറിയത്? എന്ത് ജനവിശ്വാസത്തിന്റെ പേരിലാണ് അധികാരത്തില്‍ തുടരുന്നതും വോട്ട് ചോദിക്കുന്നതും ?
ഭൂരിപക്ഷ വര്‍ഗീയതയെ കുറിച്ചും ന്യൂനപക്ഷ സംരക്ഷണത്തെകുറിച്ചും നിരന്തരം പ്രസംഗിച്ചുനടക്കുന്നവര്‍ക്ക്, മുസ്ലിം മത വിഭാഗത്തോട് മാത്രം എന്തേ പ്രത്യേക മമത എന്ന ചോദ്യത്തിന് ഉത്തരമില്ല. അവര്‍ക്കു മുന്നില്‍ വാക്കൈ പൊത്തി നില്ക്കുന്ന ഈ രാഷ്ട്രീയക്കാര്‍ക്ക് മറ്റു ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും പ്രശ്നമേയല്ലെന്നുണ്ടോ?
ന്യൂനപക്ഷ സംരക്ഷണമെന്ന പേരില്‍ ഭൂരിപക്ഷ വിരോധം പടര്‍ത്തുകയും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയും ചെയ്തവര്‍ ഇപ്പോള്‍ ന്യൂനപക്ഷങ്ങളെത്തന്നെ തമ്മില്‍ത്തല്ലിക്കാനുള്ള ശ്രമത്തിലാണ്. കേന്ദ്രഭരണത്തിലിരിക്കെ, ഒരു നിയമ ഭേദഗതിയിലൂടെ, ലോകത്തെങ്ങുമില്ലാത്ത അധികാരം നല്കി കുടത്തിലെ ഭൂതത്തെ തുറന്നുവിട്ട കോണ്‍ഗ്രസും കൂട്ടുകക്ഷികളും ആ ഭൂതത്തെ തൃപ്തിപ്പെടുത്താന്‍ പരസ്പരം മത്സരിക്കുകയാണ്. അതിന്റെ ഭാഗമാണ് എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിനെതിരെ കേരള നിയമസഭയില്‍ ഒരേ മനസോടെ പ്രമേയം പാസാക്കിയതും കര്‍ണാടകയില്‍ വഖഫ് നീക്കത്തിനെതിരെ മൗനം പാലിക്കുന്നതും. മത നിരപേക്ഷത എന്നാല്‍ സംഘടിത മതത്തിന് പ്രത്യേക പരിഗണന എന്നല്ല അര്‍ഥം. എല്ലാ വിഭാഗത്തിനും തുല്യ പരിഗണന എന്നാണ്. നിലവിലെ വഖഫ് നിയമം അതിന് എതിരാണ്. ഈ യാഥാര്‍ത്ഥ്യം ജനങ്ങള്‍ സ്വയം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: