തൊടുപുഴ: കേന്ദ്രസര്‍ക്കാര്‍ ബജറ്റ് വിഹിതം കുത്തനെ ഉയര്‍ത്തിയതോടെ വിവിധ വികസന ക്ഷേമപദ്ധതികളുമായി ഇന്ത്യന്‍ ടീ ബോര്‍ഡ്. ടീ ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് വിഹിതമാണ് 15 ാം ധനകാര്യ കമ്മിഷന്റെ ഈ സാമ്പത്തിക വര്‍ഷകാലയളവിലേക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇത് ഇടുക്കി ജില്ലയിലെ ശോചനീയാവസ്ഥയിലുള്ള തോട്ടം മേഖലക്ക് വലിയ ആശ്വാസമാകും.
ടീ ബോര്‍ഡ് മെമ്പര്‍ അഡ്വ. ടി.കെ. തുളസീധരന്‍പിള്ള കഴിഞ്ഞവര്‍ഷം ടീ ബോര്‍ഡിനും, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനും സമര്‍പ്പിച്ച വിശദമായ പദ്ധതി നിര്‍ദേശങ്ങള്‍ അംഗീകരിച്ച് 666.9 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത്. മുന്‍ വര്‍ഷങ്ങളില്‍ പരമാവധി 100 കോടി രൂപ ശരാശരി ലഭിച്ചിരുന്നിടത്താണ് ഇത്തവണ ഇത്രയും വലിയ തുക അനുവദിച്ചിട്ടുള്ളത്.
തോട്ടം മേഖലയിലെ തേയില തൊഴിലാളികള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും ഉള്ള ക്ഷേമപദ്ധതികള്‍, ചെറുകിട തേയില കര്‍ഷകര്‍ക്കുള്ള വിവിധ സബ്സിഡികള്‍, സൗജന്യ നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങളും, കയറ്റിറക്ക് വാഹനങ്ങളും ലഭിക്കുന്ന പദ്ധതി, തേയിലകൃഷിക്കുള്ള ധനസഹായം, തേയില തൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം, ചെറുകിട ഇടത്തരം കമ്പനികള്‍ക്കും, ഫാക്ടറികള്‍ക്കും ഉള്ള പ്രത്യേക സഹായ പദ്ധതികള്‍, കര്‍ഷകര്‍ക്കും, തൊഴിലാളികള്‍ക്കുമുള്ള പരിശീലനങ്ങള്‍, തേയില ഉല്‍പന്നങ്ങളുടെ വിപണന പ്രോത്സാഹനം, സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കുന്നതിനുള്ള പ്രത്യേക ധനസഹായം, പട്ടികജാതി- പട്ടികവര്‍ഗത്തില്‍പ്പെട്ട ചെറുകിട കര്‍ഷകര്‍ക്കും ധനസഹായം, തേയില നഴ്സറികള്‍ തുടങ്ങുന്നതിനുള്ള ധനസഹായം തുടങ്ങിയ നിരവധി ഘടക പദ്ധതികളാണ് 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ നടപ്പാക്കുന്നത്.
പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നതിനുള്ള മാര്‍ഗരേഖകളും, അപേക്ഷ ഫോമുകളും ടീ ബോര്‍ഡ് പ്രസിദ്ധീകരിച്ചു. പരമാവധി ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കാനായി 29ന് രാവിലെ 10ന് വാഗമണ്‍ മാസ്‌കോ ഓഡിറ്റോറിയത്തില്‍ കര്‍ഷക സംഗമം നടത്തും. ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരും, തോട്ടം മേഖലയിലെ പ്രമുഖരും പങ്കെടുക്കുമെന്ന് നാഷണല്‍ ടീ ബോര്‍ഡ് അംഗങ്ങളായ അഡ്വ. ടി.കെ. തുളസീധരന്‍ പിള്ള, ഡി. ഡേവിഡ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ക്ക് ടീ ബോര്‍ഡ് റീജിയണല്‍ ഓഫീസ്, പീരുമേട്, ഫോണ്‍ നമ്പര്‍: 04869 296111
പ്രതികരിക്കാൻ ഇവിടെ എഴുതുക: