അഹമ്മദാബാദ്: വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ന്യൂസിലന്‍ഡ് ജയിച്ചും. ഭാരതത്തിനെതിരെ 76 റണ്‍സ് വിജയമാണ് സന്ദര്‍ശകര്‍ നേടിയത്. ഇതോടെ മൂന്ന് മത്സര പരമ്പര 1-1ന് സമനിലയാലായി.
നാളെ ഇതേ സ്റ്റേഡിയത്തില്‍ നടക്കുന്ന പരമ്പരയിലെ അവസാന മത്സരം ഫൈനലിന് സമാനമാകും. ആദ്യ മത്സരത്തില്‍ ഭാരതം 59 റണ്‍സിന് ജയിച്ച് മുന്നിലെത്തിയതായിരുന്നു. ഇന്നലെ അതേ നാണയത്തില്‍ കീവസ് വനിതകള്‍ തിരിച്ചടിച്ചു.
രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡ് മുന്നില്‍വച്ച 260 റണ്‍സ് പിന്തുടര്‍ന്ന ഭാരതം 47.1 ഓവറില്‍ 183 റണ്‍സില്‍ ഓള് ഔട്ടായി. ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്ക് മുന്നില്‍ അടിപതറിയ ഭാരതത്തിനായി രാധാ യാദവും(48) സൈമ തകോറും(29) നടത്തിയ ചെറുത്തു നില്‍പ്പാണ് തോല്‍വിയുടെ ആഘാതം ഒരു പരിധിവരെ കുറച്ചത്. തുടരെ രണ്ടാം മത്സരത്തിലും ഓപ്പണര്‍ സ്മൃതി മന്ദാന പരാജയമായിരുന്നു. തുടക്കത്തിലേ പൂജ്യത്തിന് പുറത്തായി. നായിക ഹര്‍മന്‍പ്രീത് കൗര്‍ തിരികെയെത്തിയിട്ടും മന്ദാനയുടെ ഫോമൗട്ട് തുടരുകയാണ്. പരിക്ക് മാറിയെത്തിയ ഹര്‍മന്‍പ്രീത്(24) മികച്ചൊരു ഇന്നിങ്സ് പടുക്കാതെ പുറത്തായി. ബാക്കിയുള്ളവരാരും തന്നെ വ്യക്തിഗത സ്കോര്‍ 20 റണ്‍സ് പോലും തികച്ചില്ല.
മൂന്ന് വിക്കറ്റ് പ്രകടനവുമായി ലീ തഹൂഹുവിനൊപ്പം നായിക സോഫീ ഡിവൈനും ഭാരതത്തെ തോല്‍പ്പിക്കുന്നതില്‍ മുന്നിട്ടു നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത് വെല്ലുവിളിയുയര്‍ത്താവുന്ന സ്കോര്‍ കണ്ടെത്തുന്നതിലും സോഫീയുടെ ഇന്നിങ്സ് ശ്രദ്ധേയമായി. നാലാം നമ്പറില്‍ ഇറങ്ങിയ സോഫീ ഡിവൈന്‍(79) നേടിയ അര്‍ദ്ധ സെഞ്ചുറിയുടെ ബലത്തിലാണ് ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 259 റണ്‍സെടുത്തത്. ഓപ്പണര്‍ സൂസി ബെയ്റ്റ്സ്(58), ജോര്‍ജിയ പ്ലിമ്മര്‍(41), മാഡ്ഡി ഗ്രീന്‍(42) എന്നിവരും ന്യൂസീലന്‍ഡിനായി പൊരുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: