കോട്ടയം: കേരള പാഡി പ്രൊക്യുര്‍മെന്റ് പ്രോസസിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (കാപ്കോസ്) ആദ്യ റൈസ് മില്ലിന്റെ നിര്‍മ്മാണം കിടങ്ങൂര്‍ കൂടല്ലൂര്‍ കവലയ്‌ക്ക് സമീപം പത്തേക്കര്‍ ഭൂമിയില്‍ പുരോഗമിക്കുന്നു . അപ്പര്‍ കുട്ടനാട് മേഖലയിലെ നെല്ലു സംസ്‌കരണത്തില്‍ നാഴികക്കല്ലാകാവുന്ന ഈ മില്ലിന്‌റെ നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് .
പതിനെട്ട് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്‌ക്കാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. നൂതനമായ സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായ മില്ലാണ് നിര്‍മ്മിക്കുന്നത്. ഇവിടെ 50,000 മെട്രിക് ടണ്‍ നെല്ല് പ്രതിവര്‍ഷം സംസ്‌ക്കരിക്കാന്‍ സാധിക്കും. നെല്ല് സംഭരിക്കുന്ന വെയര്‍ഹൗസിന് പകരം 3500 ടണ്‍ ശേഷിയുള്ള 8 ആധുനിക സൈലോകളാണ് സ്ഥാപിക്കുക.
റൈസ് മില്ലിന്റെ നിര്‍മാണം പതിനെട്ടുമാസത്തിനുള്ളില്‍ പൂര്‍ത്തികരിച്ച് അരി ജനങ്ങള്‍ക്ക് എത്തിക്കുന്ന രീതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ മില്ല് പൂര്‍ത്തിയാകുന്നതോടെ അപ്പര്‍ കുട്ടനാട് മേഖലയിലെ നെല്ലു സംസ്‌കരണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ കൂടുതല്‍ ശക്തമാവുമെന്നും കാപ്കോസ് നെല്‍കര്‍ഷകരുടെ കണ്ണീരൊപ്പുന്ന സ്ഥാപനമായി മാറുമെന്നും സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: