പുഴയുടെ ഏകാന്ത പുളിനത്തില്‍ ഭൂമിക്ക് പൊന്നരഞ്ഞാണം ചാര്‍ത്തിക്കൊടുത്ത്, ഇളംകാറ്റിനോടും, നീരരുവിയോടും സല്ലപിച്ച, ഗാനരചനാ ശാഖയിലെ വസന്തപുഷ്പം, വയലാര്‍ രാമവര്‍മയുടെ വേര്‍പാടിന് ഇന്നേക്ക് 49 വര്‍ഷം.
1975 ഒക്ടോ. 27ന് പുലര്‍ച്ചെ നാലു മണിക്ക് 47 ാമത്തെ വയസിലായിരുന്നു, വയലാര്‍ ഓര്‍മയായത്. ആരും കാണാതെ ഓളവും, തീരവും ആലിംഗനത്തില്‍ മുഴുകിയ ഒരു കൊച്ചുവെളുപ്പാന്‍ കാലത്ത് ആരോടും യാത്ര പറയാതെ അദ്ദേഹം നിത്യനിദ്രയില്‍ അലിഞ്ഞുചേര്‍ന്നു. കവിതയുടെ ആത്മാവിലേക്ക് സംഗീതത്തെ കടത്തി വിടുകയും, ഗാനഹൃദയത്തിലേക്ക് കവിതയെ ആവാഹിക്കുകയും ചെയ്ത വയലാര്‍ എന്ന കാവ്യഗന്ധര്‍വന്‍, മലയാളത്തിന്റെ നിസ്തുല സൗന്ദര്യമായാണ് മാനവികതയുടെ ആത്മാവില്‍ കൂടുകൂട്ടിയത്. വിസ്മയത്തിന്റെ ഓളങ്ങള്‍ തീര്‍ത്ത് മനുഷ്യത്വത്തിന്റെ തേനില്‍ ചാലിച്ചെടുത്ത മനോഹര ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ചായിരുന്നു, വയലാറിന്റെ മടക്കയാത്ര. അക്ഷരങ്ങളുടെ സൗന്ദര്യശാസ്ത്രത്തില്‍ ജീവന്റെ പ്രകാശം പരത്തിയ വയലാര്‍ രാമവര്‍മ, വരികള്‍ കൊണ്ട് വരച്ചിട്ട ദൃശ്യങ്ങള്‍, മലയാളി മനസില്‍ ആഴത്തിലിറങ്ങി ചെന്നു.
കവി എന്നതിലുപരി, സിനിമാ ഗാനരചയിതാവ് എന്ന നിലയിലാണ് വയലാര്‍ കൂടുതല്‍ പ്രസിദ്ധനായത്. വയലാറിന്റെ ഗാനങ്ങള്‍ മലയാളി ഒരു നേരമെങ്കിലും മൂളാത്ത ഒരൊറ്റ ദിവസവും കടന്നുപോയിരിക്കാന്‍ ഇടയില്ല. അതായിരുന്നു, കാലഘട്ടത്തെ അതിജീവിച്ച വയലാര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. വയലാറിന്റെ ജന്മഗൃഹത്തില്‍ വെച്ച് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തെ സംസ്‌കരിച്ചു. മകനും, പ്രശസ്ത ഗാനരചയിതാവുമായ ശരത്ചന്ദ്രവര്‍മ തറവാട്ടുവളപ്പിലൊരുക്കിയ അച്ഛന്റെ ചിതയ്‌ക്ക് അഗ്‌നിപകര്‍ന്നു. ആ ചിതയില്‍ അലിഞ്ഞുചേര്‍ന്നത്, മലയാളക്കരയ്‌ക്ക് വരദാനമായി ലഭിച്ച അപൂര്‍വ്വ പ്രതിഭയായിരുന്നുവെന്ന് വര്‍ത്തമാന കാലഘട്ടം സാക്ഷ്യപ്പെടുത്തി. ‘മറക്കുവാന്‍ പറയാനെന്തെളുപ്പം. മണ്ണില്‍, പിറക്കാതിരിക്കലാണതിലെളുപ്പം.’ എത്ര അന്വര്‍ത്ഥമായി അദ്ദേഹത്തിന്റെ കാവ്യരചനയുടെ കാഴ്‌ച്ചപ്പാട്.
1956 ല്‍ ‘കൂടപ്പിറപ്പ്’ എന്ന സിനിമക്കു വേണ്ടി ഗാനങ്ങളെഴുതി തന്റെ സിനിമാ ജീവിതം തുടങ്ങിയ വയലാര്‍, 250 ലേറെ ചിത്രങ്ങള്‍ക്കായി ആയിരത്തിലേറെ ഗാനങ്ങളും, 25 ഓളം നാടകങ്ങള്‍ക്കായി 150 ഓളം ഗാനങ്ങളും എഴുതി.
വയലാര്‍-ദേവരാജന്‍ മാസ്റ്റര്‍ കൂട്ടുകെട്ടില്‍ പിറന്നത്, മലയാള മണ്ണിന്റെ സുഗന്ധമുള്ള എണ്ണിയാലൊടുങ്ങാത്ത മനോഹര ഗാനങ്ങളായിരുന്നു. വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ട്, ഒരു വലിയ റിക്കാര്‍ഡാണ് മലയാള സിനിമാഗാന ലോകത്ത് സൃഷ്ടിച്ചത്. വയലാര്‍ രചിച്ച ചലച്ചിത്ര ഗാനങ്ങളില്‍ അറുപതു ശതമാനവും ദേവരാജന്‍ മാസ്റ്ററുടെ ഈണത്തില്‍ പുറത്തുവന്നവയാണ്. 600 ഓളം ഗാനങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറവിയെടുത്തു. 1959 ല്‍ പുറത്തിറങ്ങിയ ചതുരംഗം എന്ന ചലച്ചിത്രത്തില്‍ തുടങ്ങിയ വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ട്, 1975 ല്‍ വയലാര്‍ മരിക്കുമ്പോഴേക്കും 135 ചിത്രങ്ങളില്‍ നിന്നായി 755 ഗാനങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞിരുന്നു. ആയിരം പാദസരങ്ങള്‍ കിലുങ്ങി, പെരിയാറേ പെരിയാറേ, ചക്രവര്‍ത്തിനീ…തുടങ്ങി ഇരുവരും ഒന്നിച്ചുള്ള കൂട്ടുകെട്ടില്‍ പിറന്ന ഓരോ ഗാനങ്ങളും മലയാളികളുടെ മനസില്‍ മായാതെ തെളിഞ്ഞു നിന്നു. വയലാറിന്റെ 100 ഓളം ഗാനങ്ങള്‍ക്ക് എം.എസ്. ബാബുരാജും ഈണമിട്ടിട്ടുണ്ട്. വി. ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍ തുടങ്ങിയ സംഗീതജ്ഞര്‍ക്കൊപ്പവും അദ്ദേഹം ഗാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
വയലാര്‍ കവിതയായ ‘ആയിഷ’ മലയാളക്കര നെഞ്ചോട് ചേര്‍ത്തുവെച്ചു. രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ ചിലര്‍ ‘അരക്കവി’ യെന്നും, ‘കോടമ്പാക്കം കവി’യെന്നും, ‘സിനിമാക്കവി’ യെന്നുമൊക്കെ വിളിച്ചാക്ഷേപിച്ചപ്പോഴും, അദ്ദേഹത്തിന്റെ കാവ്യശകലങ്ങളെ മലയാളക്കര നെഞ്ചോട് ചേര്‍ത്തു. ‘വാളല്ലെന്‍ സമരായുധം, ത്ധണ ത്ധണ-ധ്വാനം മുഴക്കീടുവാ നാള,ല്ലെന്‍ കരവാളു വിറ്റൊരു മണിപ്പൊന്‍ വീണ വാങ്ങിച്ചു ഞാന്‍.’ എന്ന് മൂര്‍ച്ചയേറിയ കാവ്യംകൊണ്ട് ആ അധിക്ഷേപത്തെ വയലാര്‍ പരോക്ഷമായി പ്രതിരോധം തീര്‍ത്തു. ആ കാവ്യം ഉള്‍ക്കൊള്ളുന്ന കവിതാസമാഹാരമായ ‘സര്‍ഗ്ഗസംഗീതം’ എന്ന കവിതക്ക് 1961 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കൂടി ലഭിച്ചപ്പോള്‍, വയലാറിന്റെ ആ കാവ്യവും മലയാളക്കര അംഗീകരിച്ചതിന്റെ വലിയൊരു അടയാളപ്പെടുത്തലായി. 1974 ല്‍ ‘നെല്ല്,’ ‘അതിഥി,’ എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള രാഷ്‌ട്രപതിയുടെ സുവര്‍ണപ്പതക്കവും വയലാറിനെ തേടിയെത്തി. 1972 ല്‍ അച്ഛനും, ബാപ്പയും എന്ന ചിത്രത്തിലെ ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു’ എന്ന ഗാനരചനക്ക് ദേശീയ പുരസ്‌കാരവും, 1969, 72, 74, 75 വര്‍ഷങ്ങളില്‍ മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്‌കാരവും വയലാറിന്റെ പേരില്‍ എഴുതിച്ചേര്‍ത്തു.
പൂക്കളിറുത്തും, പൂന്തേനുണ്ടും മലയാള ചലചിത്ര രംഗത്ത് പാറിപ്പറന്ന വയലാര്‍, അവസാന ജീവശ്വാസത്തിലും സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിച്ചിരിക്കണം, ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങുന്ന ഈ മനോഹര തീരത്ത്, ഇനിയൊരു ജന്മംകൂടി തനിക്ക് തരുമോ’യെന്ന്…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: