അയര്‍ലണ്ട് യുവതി മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍ ഭാരതത്തിന്റെ ദത്ത് പുത്രി ആയപ്പോള്‍ ഭഗിനി നിവേദിതയായി (1898 മാര്‍ച്ച് 25 ന്). ഏകദേശം 18 വയസു വരെ മാര്‍ഗരറ്റ് വിശ്വസിക്കുകയും ആചരിക്കുകയും ചെയ്ത ക്രിസ്തുമതത്തെക്കുറിച്ചുള്ള ധാരാളം സമസ്യകള്‍ അവരുടെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. എവിടെനിന്നും, തൃപ്തികരമായ ഉത്തരം കിട്ടാതായപ്പോള്‍ ബുദ്ധമത സാഹിത്യവും ദര്‍ശനങ്ങളും അല്പം ആശ്വാസം നല്കി. എന്നാല്‍ ഒന്നിലും പൂര്‍ണത അനുഭവപ്പെട്ടില്ല. ഇതിനിടയില്‍ 1895 നവംബറില്‍ ലണ്ടനില്‍ വച്ച് സ്വാമി വിവേകാനന്ദന്റെ പഠനക്ലാസ്സില്‍ എത്തിച്ചേര്‍ന്നു. സ്വാമിജിയുമായി സംശയനിവാരണണത്തിനുള്ള അവസരവും കിട്ടി. സ്വാമിജിയുടെ സത്സംഗം മാര്‍ഗരറ്റില്‍ അവാച്യമായ അനുഭൂതിയേകി. നിസ്വാര്‍ത്ഥ സേവന തല്‍പ്പരതക്കും ആക്കം കൂട്ടി. മാത്രമല്ല, അവരിലെ കൃത്യത, ശുദ്ധത, നിസ്സീമമായ സ്നേഹം, നിശ്ചയദാര്‍ഢ്യം, വിദ്യാഭ്യാസ പദവി ഇവയെല്ലാം സ്വാമിജിക്കും പ്രചോദനമായി. ഇത്രയും സ്വഭാവ വിശേഷതകളുള്ള പെണ്‍സിംഹങ്ങളെയാണ് ഭാരതത്തിന്റെ വര്‍ത്തമാന സാഹചര്യത്തിന് അത്യാവശ്യമെന്ന് തിരിച്ചറിയുകയും അത് അവരെ ബോധ്യപ്പെടുത്തുകയും ചെയ്ത സ്വാമിജി, തന്റെ ശിഷ്യയായി ഭാരതത്തിലേക്ക് ക്ഷണിച്ചു.
സ്വാമിജിയുടെ നിര്‍ദേശപ്രകാരം അയര്‍ലണ്ടില്‍ നിന്ന് കപ്പല്‍ കയറുമ്പോള്‍, സനാതനധര്‍മ്മത്തിന്റെ അന്തസത്തയെ മാര്‍ഗരറ്റ് ആഴത്തില്‍ മനസ്സിലാക്കിയിരുന്നില്ല. എങ്കിലും, മനുഷ്യരാശിക്ക് അവശ്യം വേണ്ടുന്ന മൂല്യബോധത്തിന്റെ ഉറവിടം ഭാരതവും സനാതനധര്‍മ്മവുമാണെന്ന ദൃഢവിശ്വാസം, സ്വാമിജിയുമായുള്ള സംശനിവാരണത്തിലൂടെയും അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലൂടെയും അവര്‍ക്ക് ബോധ്യപ്പെട്ടു. ഭാരതത്തിലെ എല്ലാ ദര്‍ശനങ്ങളും സകലജീവിത സാഹചര്യങ്ങളെയും പ്രതിപാദിക്കുന്നുണ്ടെന്നും എല്ലാവിധ സമസ്യകളെയും അതിജീവിക്കാനുള്ള പ്രായോഗികതത്വങ്ങളുടെ കലവറയാണെന്നും അവര്‍ സ്വാമിജിയിലൂടെ തിരിച്ചറിഞ്ഞു. ഭാരതത്തിന്റെ പൈതൃകത്തെ തൊട്ടറിഞ്ഞ ഈ ആധുനിക മനീഷി ഹിന്ദുധര്‍മത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകള്‍ സമൂഹത്തിന്റെ അവസാനത്തെ ആളിലേക്ക് വരെ എത്തിക്കാന്‍, തന്റെ ശിഷ്ടജീവിതം ചിലവഴിച്ചു.
ഭാരതത്തില്‍ വന്നശേഷം, ഭഗിനിയെ ഏറ്റവും സങ്കടത്തിലാക്കിയ സാഹചര്യം, സ്വന്തം വിജ്ഞാന പാരമ്പര്യങ്ങളെക്കുറിച്ചുള്ള ഇവിടുത്തെ സമൂഹത്തിന്റെ (പ്രത്യേകിച്ച് ആധുനിക വിദ്യാഭ്യാസം നേടിയ അഭ്യസ്തവിദ്യരുടെ)അജ്ഞതയായിരുന്നു. ഭഗിനി ഉദ്ബോധിപ്പിച്ചു-ഹൈന്ദ ധര്‍മ്മം (സനാതന ധര്‍മ്മം) നമ്മുടെ മാത്രം ഈറ്റില്ലമാണ്. അതുകൊണ്ടുതന്നെ മറ്റ് മതങ്ങള്‍ക്ക് അതിന്റെ പരിശുദ്ധതയെ ചൂഷണം ചെയ്യാന്‍ സാധിക്കുന്നില്ല. കാരണം, ഇവിടുത്തെ സാമൂഹ്യജീവിത രീതിക്ക് തനതായ സ്വഭാവവും പാരമ്പര്യവുമുണ്ട്. ധര്‍മ്മാധിഷ്ഠിതമായ സാമൂഹ്യജീവിതം, കുടുംബം തൊട്ട് രാഷ്ട്ര-അന്താരാഷ്ട്ര-പ്രപഞ്ചതലം വരെ വ്യാപരിച്ചിരിക്കുന്ന ഈ വ്യവസ്ഥിതിയില്‍ കേവലം religion എന്നതിന് യാതൊരു പ്രസക്തിയുമില്ല എന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. സനാതനധര്‍മ്മ ആശയങ്ങളെ വെല്ലാന്‍ ലോകത്തില്‍ വേറൊരു ചിന്താധാരക്കും അവകാശമില്ല എന്നുകൂടി നിവേദിത അടിവരയിട്ട് ചൂണ്ടിക്കാട്ടുന്നു.
ഹിന്ദുധര്‍മ്മത്തിന് ഒരിക്കലും നാശമില്ലായെന്ന് ഭഗിനി ഉറക്കെപ്പറയുന്നുണ്ട്. അനേകായിരം വര്‍ഷത്തെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടുള്ള ജൈത്രയാത്ര അനവരതം മുന്നേറും. ഒരുപക്ഷേ, അതിനിടയില്‍ ജീവിതരീതികള്‍, തൊഴില്‍, ജാതി ചിന്ത ഇവയൊക്കെ മാറി മറിഞ്ഞു വന്നേക്കാം. പക്ഷേ സനാതന ധര്‍മ്മം (ഹിന്ദുധര്‍മ്മം) അമരമാണ്… ഭഗിനിയുടെ വാക്കുകള്‍ ഇങ്ങനെ ”our religon is fully compatible with any of the higer forms of civilisation. It will never die out of the land of its birth….” ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യമുള്ള ഭാരതീയ ദര്‍ശനങ്ങളുടെ അന്തസത്തയിലൂടെ അവര്‍ ലോകത്തിലെ മറ്റ് ദര്‍ശനങ്ങളുടെ അപാകതകളെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. അവര്‍ക്കെല്ലാം നേരായ വഴികള്‍ തുറന്നുകൊടുത്തതുകൊണ്ട് നമ്മുടെ നാട് ”വിശ്വഗുരു”വായി അംഗീകരിക്കപ്പെടുമെന്നും ഭഗിനി മുന്‍കൂട്ടി കണ്ടിരുന്നു എന്നു വേണം കരുതുവാന്‍. കാരണം, മറ്റ് സംസ്കാരങ്ങള്‍ക്ക് ഭിന്നമായി, നമ്മുടേതിനെ നിലനിര്‍ത്തുന്നത് ഓരോ കാലഘട്ടങ്ങളിലേയും ഗുരു പരമ്പരകളാണ്.
മറ്റ് മതങ്ങള്‍ ‘ഈശ്വരന് ഉണ്ട്’ എന്ന് അവകാശപ്പെടുമ്പോള്‍, സനാതനധര്‍മ്മ ദര്‍ശനങ്ങളെ ഉദ്ധരിച്ച്, നിവേദിതയുടെ അഭിപ്രായത്തില്‍-ഈശ്വരന് എന്നത് ജീവിതത്തിലെ തന്നെ ഓരോ അനുഭവങ്ങളാണെന്നാണ്. അത് ‘സത്യം’ തന്നെ. അതായത്, ജീവിത യാഥാര്‍ത്ഥ്യങ്ങളെ വിവേകത്തോടെ സമീപിച്ച്, ഈശ്വര സാന്നിദ്ധ്യം കൈക്കൊള്ളുകയാണ് നാം ഇവിടെ ചെയ്യുന്നത്. ഭഗിനി ആത്മാര്‍ത്ഥമായി ഓര്‍മിപ്പിക്കുന്ന കാര്യം ശ്രദ്ധേയമാണ്-മുരവുരി ധരിച്ച് വൃക്ഷച്ചുവടുകളിലിരുന്ന്, ആഴത്തിലും വ്യാപ്തിയിലും ‘സത്യ’ങ്ങളെ സംഭാവന ചെയ്ത ഭാരതീയ ഋഷീശ്വരന്മാരെ ഇനിയെങ്കിലും പടിഞ്ഞാറന്‍ വിദ്യാഭ്യാസ വിചക്ഷണന്മാര് സ്മരിക്കുകയും നമിക്കുകയും വേണ്ടതാണ്.
നിവേദിതയുടെ ഉദ്ബോധനം ശ്രദ്ധേയമാണ്. ഹിന്ദുധര്‍മം ഒരു സംഘടിത വ്യവസ്ഥിതിയേക്കാള്‍ ഒരു വടവൃക്ഷമാണ്. അത് ശാഖോപശാഖകളായി വളര്‍ന്ന് പന്തലിച്ചുകൊണ്ടിരിക്കണം. അതുകൊണ്ട്, നമ്മുടെ മുന്നിലുള്ള പ്രധാനപ്പെട്ട ചുമതല സനാതന ധര്‍മത്തിന്റെ പ്രചരണമാണ്. അതിനുവേണ്ടി നാം ഊര്‍ജ്ജസ്വലരാകണം, സാമൂഹ്യബോധമുള്ളവരാകണം. ലോക ലോകാന്തരമുള്ള പ്രചരണങ്ങള്‍ക്ക് വേണ്ടി ശൃംഖലകള്‍ കെട്ടിപ്പടുക്കണം. സ്വന്തമായുള്ള വളര്‍ച്ചയിലൂടെ മറ്റുള്ളവരേയും പുരോഗതിയിലേക്ക് നയിക്കാന്‍ പ്രതിജ്ഞാബദ്ധരാവണം. ആത്മീയമായി മുന്നേറണം. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടണം. എല്ലാവര്ക്കും ഒരേപോലെ വിദ്യാഭ്യാസം നല്കി, ഓരോരുത്തരിലും അന്തര്‍ലീനമായ കഴിവുകളെ കണ്ടെത്തണം. (പുതിയ ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യംവയ്ക്കുന്നതും ഇതുതന്നെയാണല്ലോ.) എല്ലാവരും ‘യജ്ഞ ഭാവേന സാമൂഹ്യപ്രവര്‍ത്തകരാവണം. അതായത്, ഓരോരുത്തര്‍ക്കും കഴിയുന്ന രീതിയില്‍ ഒരു പ്രത്യേക ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാവണം. ഹിന്ദുധര്‍മ്മത്തിന്റെ (ഭാരതത്തിന്റെ)പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഐക്യം അനിവാര്യമാണ്. ഇതിനായി സന്നദ്ധ സംഘടനകളുടെ ആവശ്യകത നിവേദിത എടുത്തു പറയുന്നുണ്ട്. ഭഗിനിയുടെ പ്രസ്തുത ലക്ഷ്യങ്ങളെ-ആഹ്വാനങ്ങളെ -ഉദ്ബോധനങ്ങളെ അവര്‍ തന്നെ പറഞ്ഞിരിക്കുന്നത്. ”അഴഴൃലശൈ്ല ഒശിറൗശാെ” എന്നാണ്.
ഭാരതീയ ദര്‍ശനങ്ങളില്‍ വിദ്യാഭ്യാസ ലക്ഷ്യം, ധര്‍മബോധത്തിലൂന്നിയ തലമുറകളെ വളര്‍ത്തിയെടുക്കലാണ്. അതായത് പല കാലങ്ങളിലും കുറെ അറിവുകള്‍ (informations) ഉണ്ടാക്കുക എന്നതിനുപരി, യഥാര്‍ത്ഥ ‘സത്യ’ത്തെ തിരിച്ചറിഞ്ഞുകൊള്ളുന്ന ‘ജ്ഞാന’ സമ്പാദനമാണ്. മനുഷ്യനെ പൂര്‍ണ്ണതയിലെത്തിക്കുന്ന വിദ്യാഭ്യാസ പദ്ധതി, തന്റെ ഗുരുവിന്റെ പാത പിന്തുടര്ന്നുകൊണ്ട് ഭഗിനി നിവേദിത ഏറ്റെടുത്തു. മൂല്യാധിഷ്ഠിതവും ശുദ്ധവുമായ വിദ്യാഭ്യാസ പദ്ധതിയില്‍ തുടരുന്ന തലമുറ, മുഴുവന്‍ സമൂഹത്തിന് വേണ്ടിയും പ്രവര്‍ത്തിക്കുന്നവരായിരിക്കുമെന്ന് നിവേദിതക്കു ഉറപ്പുണ്ടായിരുന്നു.
വെറും നാല് വര്‍ഷം മാത്രമാണ്, നിവേദിതക്ക് സ്വാമിജിക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ സാധച്ചത്. 1902 ജൂലൈ 4 ന് സ്വാമിജി സമാധി ആയപ്പോള്‍, അവര്‍ സുഹൃത്തിനെഴുതി. ”He is not dead; He is with us always. I can not even grieve; I only want to work” സ്വാമിജിയുമൊത്ത് പ്രവര്‍ത്തിച്ച ഈ ചുരുങ്ങിയ കാലയളവില്‍ തന്നെ, അന്നത്തെ ഭാരതം നേരിട്ടിരുന്ന ആഭ്യന്തരവും വിദേശപരവുമായ പ്രശ്നങ്ങളുടെ മൂലകാരണങ്ങളെക്കുറിച്ച് അവര്‍ തികഞ്ഞ ബോധവതിയായിരുന്നു. സ്വന്തം രാജ്യത്തിന്റെ സര്‍വ്വാത്മകമായ പൈതൃകത്തെ താഴെത്തട്ടിലെ ജനതയെവരെ ബോധ്യപ്പെടുത്താന്‍ തക്ക സംവിധാനങ്ങളുടെ അഭാവം അവര്‍ തിരിച്ചറിഞ്ഞു. മുമ്പ് സൂചിപ്പിച്ച ലക്ഷ്യബോധത്തോടെയുള്ള വിദ്യാഭ്യാസത്തിന് നിവേദിത ഏറെ പ്രാധാന്യം നല്‍കിയിരുന്നു. സ്ത്രീയിലെ ‘മാതൃഭാവം’ (മാതൃത്വം) ഉത്തമപൗരന്മാരെ വാര്‍ത്തെടുക്കാന്‍ നിര്‍ണ്ണായക ഘടകമാണെന്ന തന്റെ ഗുരുനാഥന്റെ കാഴ്ചപ്പാടിനെ നിവേദിതയും പിന്തുടര്ന്നു. സ്ത്രീകള്‍ക്കു മാത്രമായുള്ള വിദ്യാലയങ്ങള്‍ ആരംഭിച്ചു. ഇന്ന് കാണുന്ന ശാരദമിഷന്‍ സ്കൂളുകള്‍ അവരുടെ സംഭാവനയാണ്.
ഭഗിനി നിവേദിത, ഭാരതത്തിലെ സാമൂഹ്യ പരിഷ്ക്കരണങ്ങളില്‍ അഗ്രഗണ്യയാണ്. ഭാരതീയ സാമൂഹ്യജീവിതത്തിന്റെ സര്വ്വതോന്മുഖമായ വികാസത്തിന് സ്വന്തം കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ടെന്ന് അവരുടെ ജീവചരിത്രം ചൂണ്ടിക്കാട്ടുന്നു. മഹര്‍ഷി അരവിന്ദന്, സുബ്രഹ്മണ്യ ഭാരതി തുടങ്ങി പല ദേശീയ സ്വാതന്ത്ര്യസേനാനികള്, ഭഗിനിയുമായ ധാരാളം ആശയവിനിമയങ്ങള്‍ നടത്തിയിട്ടുണ്ട്. ഭാരതീയ സംസ്കാരത്തിനെ, ഇത്രയധികം ആഴത്തില്‍ പഠിച്ച്, ന്യൂനതകളേയും പ്രശ്നങ്ങളേയും പരിഹാരങ്ങളേയും ഓരേ പ്രാധാന്യത്തോടെ അപഗ്രഥിച്ച ചിന്തക ഭാരതാംബയുടെ പുത്രി തന്നെയാണ്. സ്വാമി വിവേകാനന്ദന് ഏതൊക്കെ സംരംഭങ്ങള്‍ തുടങ്ങിവെച്ചു. അതുമുഴുവന്‍ ചുരുങ്ങിയ കാലയളവില്‍ പൂര്‍ത്തീകരിച്ചുകൊണ്ടാണ് 1911 ല്‍ തന്റെ 44-ാം വയസ്സില്‍ നിവേദിത ഇഹലോകവാസം വെടിയുന്നത്. ഇങ്ങനെ എത്രയോ മനീഷികള്‍ ഇവിടെ ജനിച്ചു. സമൂഹത്തിനും, രാഷ്ട്രത്തിനും വേണ്ടി ജീവത്യാഗം ചെയ്തു. അവരെയൊക്കെ സ്മരിക്കാനുള്ള സന്ദര്‍ഭങ്ങള്‍ ഒന്നുംതന്നെ, സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഭരണകൂടങ്ങളോ ബുദ്ധിജീവികളോ അനുവദിച്ചിരുന്നില്ല. സ്വന്തമായ ഒരു വിദ്യാഭ്യാസ പദ്ധതിപോലും തയ്യാറാക്കാന്‍ നമ്മുടെ രാജ്യത്തിന് ഇത്രയും കാലമായിട്ട് സാധിച്ചിരുന്നില്ല. ആത്മനിര്‍ഭര ഭാരതത്തിലേക്കുള്ള പ്രയാണത്തില്‍ നാം നഷ്ടപ്രതാപങ്ങളെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. നാടിന്റെ യഥാര്‍ത്ഥ ചരിത്രവും പാരമ്പര്യവും വീണ്ടെടുക്കാനുള്ള ഉദ്യമത്തിലാണ്. അതിന്റെ ഭാഗമായി തമസ്കരിക്കപ്പെട്ട ചരിത്രപുരുഷന്മാരെയും സ്ത്രീരത്നങ്ങളെയും വരുംതലമുറക്കെങ്കിലും പരിചയപ്പെടുത്താന്‍ നാം തയ്യാറാവണം. അതാവട്ടെ, രാഷ്ട്രത്തോടുള്ള നമ്മുടെ ഒരു ധര്‍മ്മം.
(ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന കാര്യാധ്യക്ഷയാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: