Main Article

അക്ഷരം കൊണ്ട് കളിക്കരുത്, അത് സംസ്‌കാരമാണ്

വരാത്രി പുലര്‍ന്ന് വിജയദശമിയില്‍ വിദ്യാരംഭം കഴിച്ചൂ മലയാളികള്‍. അന്ന് ആയുധപൂജ കഴിഞ്ഞ് ആയുധ പ്രയോഗ- പരിശീലനങ്ങളായിരുന്നു മറ്റു പലയിടത്തും. കേരളം സാംസ്‌കാരിക- ആചാര- അനുഷ്ഠാന തലങ്ങളില്‍ വ്യത്യസ്തമാണ്; എന്നാല്‍ വേറിട്ടതല്ല. വ്യത്യസ്തമാകുന്നതും വേറിട്ടുനില്‍ക്കുന്നതും രണ്ടാണ്. അര്‍ത്ഥത്തിലും ഭാവത്തിലും അവ തമ്മില്‍ ഏറെ അകലമുണ്ട്. ഒന്നിച്ചുനില്‍ക്കേണ്ടതില്‍നിന്ന് അകന്നു പോകുമ്പോഴാണ് വേറിടല്‍ ഉണ്ടാകുന്നത്. വ്യത്യാസം അങ്ങനെയല്ല, ഒന്നില്‍ത്തന്നെ ഉണ്ടാകുന്ന ചില ഭേദം മാത്രമാണ്. രണ്ടും ഒന്നു തന്നെ ആയിരിക്കും.

വിജയദശമിയില്‍, വിദ്യാരംഭത്തില്‍, ‘ഹരിഃ ശ്രീ ഗണപതയേ നമഃ’ എന്ന് അക്ഷരം കുറിക്കുന്നത്, അറിവിന്റെ ഔദ്യോഗിക അവകാശിയാകുന്നതിന്റെ തുടക്കം ആയാണ് സങ്കല്‍പ്പിക്കപ്പെടുന്നത്; കാണാനും കേള്‍ക്കാനും തിരിച്ചറിയാനുമുള്ള ബോധമുണ്ടാകുമ്പോള്‍ ശരിയായ രീതിയും വഴിയും കാട്ടിക്കൊടുക്കുന്ന ആചാരവിധിപ്രകാരമുള്ള അനുഷ്ഠാനം. അത് സങ്കല്‍പ്പിച്ചവര്‍ക്കും വിധിപ്രകാരം അനുഷ്ഠിച്ചവര്‍ക്കും അതിന്റെ ശാസ്ത്രീയത ബോധ്യമുണ്ടായിരുന്നു. മനുഷ്യശരീരം, മസ്തിഷ്‌കം, നാഡി, ബോധം, പഞ്ചേന്ദ്രിയങ്ങളുടെ ശേഷി, പ്രത്യേകതകള്‍ ഒക്കെ തിരിച്ചറിഞ്ഞുതന്നെയാണ് അത് ചിട്ടപ്പെടുത്തിയത്. തലച്ചോറിലേക്കും തലച്ചോറില്‍നിന്നുമുള്ള ആവേഗപ്രവേഗങ്ങളാണ് മനുഷ്യശരീരത്തെയും ബോധത്തെയും പ്രവര്‍ത്തിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും എന്നെല്ലാം മനസ്സിലാക്കിയാണത് ക്രമപ്പെടുത്തിയത്. ചൂണ്ടുവിരല്‍ കൊണ്ട് മണ്ണിലും അരിയിലും അക്ഷരമെഴുതിച്ചിരുന്ന നിലത്തെഴുത്താശാന്മാര്‍ ആ ശാസ്ത്രീയതയൊന്നും അറിയാതെയാവാം പിന്തുടര്‍ന്നത്. ക്രമത്തില്‍ അത് കമ്പ്യൂട്ടര്‍ യുഗത്തില്‍ എത്തിച്ചപ്പോള്‍ ചൂണ്ടുവിരല്‍ മാത്രമല്ല, പത്തുവിരലും ‘എഴുതാന്‍’ വേണ്ടിവരുന്നുവെന്നതാണ് മാറ്റം. അവിടവും കടന്ന് എഴുത്തുവേണ്ട, കഴുത്തുവഴി വരുന്ന ശബ്ദം അക്ഷരമാക്കാമെന്നും കണ്ടെത്തി, അടുത്തപടിയില്‍ എഴുത്തും കഴുത്തും വേണ്ട ‘മനസ്സില്‍ കണ്ടാല്‍ അത് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കാട്ടിത്തരും ‘എന്ന സ്ഥിതിയും കടന്ന് പരസ്പരം മനസ്സുവായിക്കുന്ന സ്ഥിതിയും വന്നേക്കാം. പക്ഷേ, അതുവരെ ആശയവിനിമയത്തിന് ഭാഷ വേണം, അക്ഷരം വേണം അതിനാല്‍ ‘ഹരിഃ ശ്രീ’ അടിസ്ഥാനം തന്നെയാണ്.

ഹരിഃശ്രീ എഴുതിക്കാത്ത വിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്യാന്‍ നേരമില്ല; ഫലമില്ലാത്ത പ്രവൃത്തി ബോധം കുറഞ്ഞവര്‍ പോലും ചെയ്യില്ല എന്നാണല്ലോ പ്രമാണം – ”പ്രയോജനം അനുദ്ദിശ്യ, ന മന്ദോപി പ്രവര്‍ത്തതേ” എന്നാണ്. ‘കതിരില്‍ വളം വെച്ചിട്ടു കാര്യമില്ല’, ‘കുടം കമഴ്‌ത്തിവെച്ച് വെള്ളം നിറക്കാനാവില്ല’, ‘നായുടെ വാല്‍ കുഴലിലിട്ടാലും നിവരില്ല’, ‘ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ല’ എന്ന ചൊല്ലൊക്കെയാണ് അതിന് ന്യായം. ഹരിഃ ശ്രീ എന്നുവേണോ, ‘ഹരിശ്രീ’ പോരേ, ഗണപത’യേ’ ആണോ ഗണപത’യെ’ പോരെ, ഗണപ’താ’യേ തുടങ്ങിയ, അജ്ഞതമൂലമല്ലാത്ത തര്‍ക്കത്തിലും സമയം കളയാനില്ല. അജ്ഞന്മാര്‍ക്ക് ബുദ്ധിഭ്രമം ഉണ്ടാക്കരുത്, അനുഷ്ഠിച്ച് കാട്ടിയാല്‍ നന്ന്, അനുവര്‍ത്തിച്ചുകൊള്ളുമെന്നാണ് ഒരു ശാസ്ത്രം; ”ന ബുദ്ധിഭേദം ജനയേദ്/അജ്ഞാനാം കര്‍മ്മസംഗിനാം,/ജോഷയേദ് സര്‍വകര്‍മ്മാണി/വിദ്വാന്‍ യുക്തഃ സമാചരന്‍” എന്നാണ് ഗീതോപദേശം. അജ്ഞാനികളുടെ കാര്യമാണ്. അജ്ഞാനം നടിക്കുന്നവരുടെ കാര്യത്തില്‍ ‘താന്തോന്നിക്ക് ചെയ്യരുത് ബുദ്ധ്യുപദേശമാരും’ എന്ന ചൊല്ലാണ് പഥ്യം. പറയാന്‍ ശ്രമിക്കുന്നത് ഇതാണ്: വാക്കില്‍, അക്ഷരത്തില്‍, വര്‍ത്തമാനത്തില്‍ ചിലത് അറിഞ്ഞോ അറിയാതെയോ നമ്മര്‍ ഉപേക്ഷിക്കുമ്പോള്‍ ഇല്ലാതായിപ്പോകുന്നത് ആ വാക്കുമാത്രല്ല, ഭാഷയുമല്ല, ഒരു സംസ്‌കൃതിയാണെന്ന കാര്യമാണ്.

ഞാനും നീയും ഒന്നാണ്, സര്‍വചരാചരവും ബ്രഹ്മമാണ് എന്ന് പഠിപ്പിക്കുന്ന ‘തത്ത്വമസി’ (തത് + ത്വം + അസി) അര്‍ത്ഥമറിഞ്ഞ് ബോധ്യപ്പെടുന്നില്ലെങ്കില്‍ ‘തത്ത്വമസി’ ഒരു വാക്കാണോ വാക്യമാണോ എന്നു പോലും മനസ്സിലാക്കാതെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അതിനി, ശബരിമല പതിനെട്ടാം പടിയില്‍ നമസ്‌കരിച്ചാലും പടിപൂജ ചെയ്താലും വിശ്വാസികളെ വിലക്കിയാലും പോലീസിനെക്കൊണ്ട് തല്ലിച്ചാലും യുവതികളെ മലകയറ്റിയാലും അതിനെല്ലാം പ്രായശ്ചിത്തം ചെയ്താലും ആചാരം ലംഘിച്ചാലും ഒക്കെ ഒരേ ഫലമാണ്. ‘അത് നീയാകുന്നു’ എന്നതാണ് അതിന്റെ അര്‍ത്ഥമെന്ന് അറിയുമ്പോള്‍ ”അത്” എന്താണ് എന്നന്വേഷിക്കാനുള്ള ത്വരയുണ്ടാകണം. അതില്ലെങ്കില്‍ ഫലമില്ല. ‘അത്’ ഞാനാകുന്നു എന്ന് മാത്രമല്ല, ‘അതും ഞാനാകുന്നു’ എന്ന് വിവരിക്കുന്നത് കേള്‍ക്കാന്‍ കഴിയണം. അങ്ങനെ ഭഗവദ്ഗീത 10-ാം അദ്ധ്യായത്തില്‍ ‘ഞാന്‍’ ആരാണെന്ന് പറയുന്നു. ”അക്ഷരാണാം അകാരോസ്മി/ദ്വന്ദ്വ സാമാസികസ്യ ച” എന്ന്. അക്ഷരങ്ങളില്‍ ഞാന്‍ ‘അ’കാരവും സമാസത്തില്‍ ഞാന്‍ ‘ദ്വന്ദ്വ’ സമാസവുമാണെന്ന്. ദ്വന്ദ്വസമാസത്തിന്റെ പ്രത്യേകത രണ്ടിനെ ചേര്‍ക്കുമ്പോള്‍ രണ്ടിനും തുല്യപ്രാധാന്യം ഉണ്ടാകുന്നുവെന്നതാണ്. രണ്ടും ചേര്‍ന്നുണ്ടാകുന്ന ഇരട്ടിക്കുന്ന ശക്തിയാണ് ദ്വിത്വസന്ധിയില്‍. അതിനുമപ്പുറം നില്‍ക്കുന്ന ജീവിതവേദാന്തമാണ് ദ്വന്ദ്വസമാസം. ഉദാഹരണം പറഞ്ഞാല്‍, കൈകാലുകള്‍ എന്നത് ദ്വന്ദ്വസമാസമാണ്. രാപകലും അങ്ങനെതന്നെ. കൈ മാത്രമായാല്‍ പൂര്‍ണമല്ല, കൈയും കാലും വേണം, രണ്ടിനും തുല്യപ്രാധാന്യവുമാണ്. രാത്രി മാത്രം പോരാ പകലും വേണം-രണ്ടും ചേര്‍ന്ന് രാപകല്‍ പൂര്‍ണതയാകുന്നു. (രാപ്പകല്‍ തെറ്റാണ്, സമരക്കാരും സിനിമക്കാരുമാണ് ‘രാപ്പകല്‍’ ഉണ്ടാക്കുന്നത്. സന്ധിയും സമാസവും ഭാഷയുമൊന്നുമല്ല അവരുടെ ശ്രദ്ധാകേന്ദ്രം, പലവിധ ‘പ്രതിസന്ധി’കള്‍ ആണല്ലോ).

സമാസവും സന്ധിയും നില്‍ക്കട്ടെ; അക്ഷരമാണ് വിഷയം. അക്ഷരങ്ങളില്‍ ‘അ’കാരമാണ് ഞാന്‍ എന്ന് ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് പറയുമ്പോള്‍ പിന്നെ എന്തുകൊണ്ട് ‘ഹരിഃ’ എഴുതിക്കുന്നുവെന്ന് ചോദിക്കുന്നിടത്താണ് ആദ്യക്ഷരവും ഹരിഃ ശ്രീയും വിദ്യാരംഭവും തമ്മിലുള്ള വ്യത്യാസം, ഭേദം, അറിയുന്നത്. ആദ്യക്ഷരം ‘അ’തന്നെയാണ്. ”ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയു”മിതെന്ന് ഹരിനാമകീര്‍ത്തനം. ആ’ദ്യാ’ക്ഷരമല്ല, ആദ്യത്തെ അക്ഷരം ആദ്യക്ഷരമാണ്. ‘അ’ അങ്ങനെ ‘വിഷ്ണു’വാകുന്നു. അതുതന്നെയാണ് ‘ഹരിഃ’. വിസര്‍ഗ്ഗമില്ലെങ്കില്‍ ‘ഹരി’ക്ക് സിംഹമെന്നോ കുരങ്ങെന്നോ ഒക്കെ അര്‍ത്ഥ വ്യാഖ്യാനവും വരാം. വിസര്‍ഗ്ഗത്തോടെയാണെങ്കില്‍ അത് വിഷ്ണുവാണ്. വിദ്യയുടെ ആരംഭമാണ് വിദ്യാരംഭം. അത് അക്ഷരവിദ്യയാകാം. സംഗീതമോ നൃത്തമോ ആയോധന കലകളോ ആകാം. ‘ഹരിശ്രീ’കുറിക്കുന്നത്. അക്ഷരജ്ഞാനത്തിന്റെ തുടക്കത്തിലാണ്. അതില്‍ ഹരിഃയിലെ ‘ഹ’ യാകട്ടെ എഴുതാന്‍ എത്രയും എളുപ്പമായതും. ആദ്യം അക്ഷരമാല പഠിപ്പിക്കുന്ന പുസ്തകത്തില്‍ നിന്ന് ‘ഹരിഃ’യെ മാറ്റിക്കളഞ്ഞവര്‍ക്ക് പ്രത്യേക’അജണ്ട’ ഉണ്ടായിരുന്നിരിക്കണം. പക്ഷേ ‘അ’ എഴുന്നതിനേക്കാള്‍ അതിവേഗം എഴുതാന്‍ പഠിക്കുന്നത് ‘ഹ’യും ‘ഹരി’യും ആണെന്നത് ഏത് ശാസ്ത്ര വിശകലനവും സമ്മതിക്കുന്ന കാര്യമാണ്. പക്ഷേ, ‘ഹ’മാത്രമല്ല, ‘ഹരിഃശ്രീ ഗണപതയേ നമഃ’ തന്നെ അപ്രത്യക്ഷമാക്കാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്ന സംസ്‌കൃതി നഷ്ടത്തെക്കുറിച്ചാണ് വാസ്തവത്തില്‍ വ്യസനിക്കേണ്ടത്.

ഇംഗ്ലീഷുകാരന്റെ കണ്ടുപിടുത്തമായ കമ്പ്യൂട്ടര്‍ സംവിധാനം തലയിലേറ്റുന്ന തിടമ്പാക്കി മാറ്റിയപ്പോള്‍ ഒരുകാലത്ത് അതിനു വഴങ്ങാത്തതെല്ലാം പൊട്ടിയാട്ടിക്കളഞ്ഞു. അങ്ങനെ ഭാഷയില്‍നിന്ന് പടിയിറക്കി പിണ്ഡംവച്ച അക്ഷരങ്ങള്‍ പലതുണ്ട്. ‘ഋ’ എന്ന അക്ഷരം കഷ്ടിച്ച് നിലനില്‍ക്കുന്നു. അതിന്റെ ദീര്‍ഘാക്ഷരം, അതിവിടെ കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ ലഭ്യമല്ലാത്തതിനാല്‍ എഴുതിച്ചേര്‍ക്കാനാവില്ല. (ചിത്രം നോക്കുക). ‘ല്ു’ ‘ല്ൂ’ എന്നീ അക്ഷരങ്ങള്‍ ഇന്ന് ഇല്ലേയില്ല. പക്ഷേ, അവ നിഘണ്ടുവിലുണ്ട്. ആ അക്ഷരങ്ങള്‍ ചേര്‍ത്തുള്ള വാക്കുകള്‍ അധികം ഇല്ലാത്തതിനാലും പ്രയോഗിക്കാറില്ലാത്തതിനാലും അവ വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. ആര്? എന്തുകൊണ്ട്? എന്തിന്? അതാണ് ചോദിക്കേണ്ട ചോദ്യം. എന്നാല്‍, നിഘണ്ടുവിലേക്ക് പോവുക. ആധികാരികമായ നിഘണ്ടു- ശബ്ദതാരാവലി. ശ്രീകണ്‌ഠേശ്വരം ജി. പത്മനാഭ പിള്ള 1923 ല്‍ തയ്യാറാക്കിയ നിഘണ്ടു. അതില്‍ നമ്മള്‍ ഉപേക്ഷിച്ച ‘ഋ’എന്നതിന്റെ ദീര്‍ഘരൂപമായ ‘ഋൂ’ (ക്ഷമിക്കണം കമ്പ്യൂട്ടറിലൂടെ എഴുതാന്‍ സാധിക്കാത്തത്, ചിത്രം നോക്കുക) എന്ന അക്ഷരത്തില്‍ തുടങ്ങുന്ന അഞ്ചുവാക്കുകളുണ്ട്. അതില്‍ രണ്ടെണ്ണത്തിന്റെ കാര്യം വിടുക; ഓരോ അക്ഷരത്തെക്കുറിച്ചും നിഘണ്ടുവില്‍ നല്‍കുന്ന വിശദീകരണങ്ങള്‍ മാത്രമാണവ. എന്നാല്‍, മറ്റ് വാക്കുകള്‍ അങ്ങനെയല്ല. ‘ഋൂ’ എന്ന അക്ഷരത്തിന് മാത്രം- ഓര്‍മ്മ, ഭയം, ആക്ഷേപകം, കരുണ എന്നീ അര്‍ത്ഥങ്ങളുണ്ട്. അതിന് ദേവമാതാവ്(അദിതി), ഭൈരവന്‍, ഒരു ദാനവന്‍ എന്നീ അര്‍ത്ഥങ്ങളുമുണ്ട്. ആ അക്ഷരത്തില്‍ തുടങ്ങുന്ന ഒരു വാക്കുണ്ട് ‘ഋൂഭോഷന്‍’- അതിനര്‍ത്ഥം ‘കൊള്ളരുതാത്തവനും നീചനുമായ വിഡ്ഢി’ എന്നാണ്. ഒറ്റ അക്ഷരത്തില്‍ കരുണയും ഓര്‍മ്മയും ഭയവും ആക്ഷേപകവും ദ്യോതിപ്പിക്കാവുന്ന ആ അക്ഷരത്തെ- ഏകാക്ഷര വാക്കിനെ, ‘ഋൂഭോഷനെ’ നാം കൊന്നുകളഞ്ഞു. അത് ഒരു സംസ്‌കാരത്തെയാണ് നശിപ്പിച്ചതെന്ന് അറിയാതെ, അല്ലെങ്കില്‍ അറിഞ്ഞ് ആസൂത്രിതമായിത്തന്നെ.

‘ല്ു’ എന്നുച്ചരിക്കുന്ന ആ അക്ഷരവും അതിന്റെ ദീര്‍ഘമായ ‘ല്ൂ’, ഇവ രണ്ടിലുമായി അഞ്ച് പ്രധാന വാക്കുകളുണ്ട്. പര്‍വതം, ദേവി, സ്ത്രീസ്വഭാവം, ദേവമാതാവ് എന്നും ലുപ്തമായത് എന്നും ഒരു വിശിഷ്ട മന്ത്രം എന്നും അര്‍ത്ഥം ദ്യോതിപ്പിക്കുന്ന ഒറ്റയക്ഷര വാക്ക്. അമ്മ, ദിവ്യസ്ത്രീ, ശിവന്‍ എന്നിങ്ങനെയും എട്ടുകാലി എന്നും അര്‍ത്ഥംവരുന്ന രണ്ടക്ഷര വാക്കുമുണ്ട് ആ ദീര്‍ഘോച്ചാരണ അക്ഷരത്തില്‍ തുടങ്ങുന്നതായി. ഇവയൊക്കെ വേണ്ടെന്നുവയ്‌ക്കാന്‍ കാരണമെന്താണ്. പൊതുവായ ചില കാരണങ്ങള്‍ അവ മന്ത്രവും ദേവതാ നാമവും ഒക്കെയായതാവാം. പക്ഷേ ‘കാരുണ്യ’വും ‘ഓര്‍മ്മ’യും, ‘അമ്മ’യും ‘ഭൂമി’യും ‘പര്‍വത’വും മറ്റും ഒഴിവാക്കുന്നതിനു കാരണം ‘ഋൂഭോഷത്വ’മാവുമോ? അതായത്, ‘കൊള്ളരുതാത്തവനും നീചനുമായ വിഡ്ഢി’യായതുകൊണ്ടാവുമോ. ‘ഋഷി’ എന്ന് പേരിട്ട് ഇംഗ്ലീഷില്‍ ആര്‍ഐഎസ്എച്ച്‌ഐ എന്ന് എഴുതി, അത് മലയാളത്തിലാക്കി ‘റിഷി’ എന്നെഴുതി അഭിമാനംകൊള്ളുന്ന മലയാളി അറിഞ്ഞിട്ടില്ല അവന്റെ സംസ്‌കൃതിയുടെ അടിത്തറയാണ് ‘അക്ഷരംകൊല്ലി’കള്‍ ഇളക്കിക്കളഞ്ഞതെന്ന്. ഹരിഃ ശ്രീ എഴുതിക്കാത്തവനും മതേതരത്വ മഹത്തുക്കളാകാന്‍ മുദ്രാവാക്യം എഴുതിക്കുന്നവനും മനസ്സിലാക്കാതെ പോകുന്നത് ഭാഷ ഒരു സംസ്‌കാരമാണെന്നതാണ്. പ്രയോഗിച്ചാല്‍ അപകടമാകുന്ന, ഭരണഘടനാപ്രകാരം ശിക്ഷിക്കപ്പെടാവുന്നതായി മാറിക്കഴിഞ്ഞു ചില ഭാഷാശൈലികള്‍ എന്നതും നാം തിരിച്ചറിയണം. രഹസ്യധാരണയുണ്ടാക്കി പരസ്യമായി ഏറ്റുമുട്ടുന്നുവെന്ന് പ്രതീതി ജനിപ്പിച്ച് മാലോകരെ കബളിപ്പിക്കുന്ന രാഷ്‌ട്രീയപ്രവര്‍ത്തനത്തെ ‘ചക്കളത്തിപ്പോരാട്ട’മെന്ന് മുമ്പ് ഒറ്റവാക്കില്‍ വിവരിക്കാമായിരുന്നു. ഇപ്പോള്‍ അത് പറഞ്ഞാല്‍ സാമുദായിക ആക്ഷേപത്തിന് കേസാകും. ‘എമ്പ്രാന്റെ വിളക്കത്ത് വാര്യര്‍ അത്താഴം കഴിച്ചാല്‍’ കുഴപ്പമില്ല, പക്ഷേ, സമാനമായ ചില പ്രയോഗങ്ങള്‍ക്ക് ഭാരതീയ ന്യായസംഹിതപ്രകാരം കേസ് വരാം. അക്ഷരം കൊണ്ട് ആക്ഷേപിക്കാം, പക്ഷേ അക്ഷരംകൊണ്ടേ ‘വ്യാക്ഷേപക’ങ്ങള്‍ (വികാര പ്രകടനം) കിറുകൃത്യമാക്കാനാവൂ. അതായത് അക്ഷരം കലയും സംസ്‌കാരവുമാണ്.

പിന്‍കുറിപ്പ്:
പാലക്കാട്, വയനാട്, ചേലക്കര. ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്ന മൂന്നിടങ്ങളുടെ പേരുകള്‍ ശ്രദ്ധിച്ചോ. ഒരു പേരില്‍ എന്തിരിക്കുന്നുവെന്ന് പാശ്ചാത്യര്‍ ചോദിച്ചേക്കാം. പക്ഷേ, പ്രദേശത്തിന്റെ പേരിലുമുണ്ട് നമുക്ക് നമ്മുടെ സംസ്‌കാരം. കാടും നാടും കരയും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക