കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രേരണാ കേസില്‍ പ്രതിയായ സിപിഎം നേതാവ് പി.പി. ദിവ്യ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണാശുപത്രിയില്‍ ചികിത്സ തേടിയെന്ന അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് പോലീസ് അന്വേഷണമാരംഭിച്ചു.
രക്തസമ്മര്‍ദ്ദം കൂടുതലായതിനെ തുടര്‍ന്ന് ദിവ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. ഈ കാര്യം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അസുഖമാണെന്ന് കോടതിയെ ധരിപ്പിച്ച് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമമാണ് ദിവ്യയുടേതെന്ന സൂചനയും ഉണ്ട്. അറസ്റ്റിലായാലും റിമാന്‍ഡ് കാലം ആശുപത്രിയില്‍ കഴിയാനുള്ള തന്ത്രമായി പല പ്രതികളും രോഗത്തെ ഉപയോഗിക്കാറുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
ഈ മാസം 29നാണ് ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ കോടതി വിധി പറയുന്നത്. വിധിവരുന്നത് വരെ ധൃതിപിടിച്ച് ദിവ്യയെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. നവീന്‍ ബാബുവിന്റെ മരണം ഉപതെരഞ്ഞെടുപ്പുവേളയില്‍ പ്രതിപക്ഷം ആയുധമാക്കുന്ന സാഹചര്യത്തില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ദിവ്യക്ക് സിപിഎം നിര്‍ദേശമുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഉത്തരവ് വന്നശേഷം തീരുമാനമെടുക്കാമെന്നാണ് പാര്‍ട്ടി നിലപാട്.
ഹര്‍ജി തലശേരി സെഷന്‍സ് കോടതി തള്ളിയാല്‍ അറസ്റ്റു ചെയ്യുകയോ ദിവ്യക്ക് ഹൈക്കോടതിയെ സമീപിക്കുകയോ ചെയ്യാം. പത്തുവര്‍ഷം തടവ് ലഭിക്കുന്ന കുറ്റമായതിനാല്‍ മൊഴി നല്കാന് ദിവ്യയെത്തിയാല്‍ അറസ്റ്റിന് പോലീസ് നിര്‍ബന്ധിതമാകും. ഈ നിയമോപദേശം ലഭിച്ചതുകൊണ്ടാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയിട്ടും ദിവ്യ അന്വേഷണസംഘത്തിന് മുന്പില് ഹാജരാകാത്തത്. ഏഴുവര്‍ഷം വരെ ലഭിക്കുന്ന കുറ്റമാണെങ്കില്‍ ചോദ്യം ചെയ്തശേഷം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കാം. എന്നാല്‍ അതിന് മുകളിലുള്ള കുറ്റമാണെങ്കില്‍ ജാമ്യമില്ലാത്ത കേസായി പരിഗണിച്ച് ഭാരതീയ ന്യായ സംഹിത പ്രകാരം അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: