ന്യൂദൽഹി : ബിജെപിയുടെ ജാർഖണ്ഡ് യൂണിറ്റിന്റെ വർക്കിംഗ് പ്രസിഡൻ്റായി മുൻ എംപി രവീന്ദ്ര കുമാർ റായിയെ നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് ശനിയാഴ്ച റായിയെ നിയമിച്ചതെന്ന് ദേശീയ ജനറൽ സെക്രട്ടറിയും ഹെഡ്ക്വാർട്ടേഴ്സ് ഇൻചാർജുമായ അരുൺ സിംഗ് പറഞ്ഞു.
അതിനിടെ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പിനുള്ള 40 താര പ്രചാരകരുടെ പട്ടിക ബിജെപി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി ധർമേന്ദ്ര പ്രധാൻ, ശിവരാജ് സിങ് ചൗഹാൻ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.
ബിജെപി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, നയാബ് സിംഗ് സൈനി, മോഹൻ മാജി , ഹിമന്ത ബിശ്വ ശർമ്മ, വിഷ്ണു ദേവ് സായ് എന്നിവരും താരപ്രചാരകരിൽ ഉൾപ്പെടുന്നു.
ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ്സ് യൂണിയൻ (എജെഎസ്യു), ജനതാദൾ (യുണൈറ്റഡ്), ലോക് ജനശക്തി പാർട്ടി (എൽജെപി) എന്നിവരുമായി സഖ്യത്തിലാണ് ബിജെപി വരാനിരിക്കുന്ന ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുക. ബിജെപി 68 സീറ്റിലും എജെഎസ്യു 10 സീറ്റിലും ജെഡിയു രണ്ട് സീറ്റിലും എൽജെപി ഒരു സീറ്റിലും മത്സരിക്കും.
ജാർഖണ്ഡ് നിയമസഭയിലെ 81 സീറ്റുകളിലേക്കാണ് നവംബർ 13നും 20നും രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: