കണ്ണൂര്‍: എഡിഎം നവീൻ ബാബു ആത്മഹത്യാ ചെയ്ത കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ അറസ്റ്റിന് വഴങ്ങില്ലെന്ന് സൂചന. ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന ദിവ്യ വീണ്ടും രഹസ്യകേന്ദ്രത്തിലേക്ക് മാറി. അന്വേഷണസംഘത്തിന് മുന്നിൽ 29 വരെ ഹാജരാകില്ലെന്ന് പി.പി ദിവ്യയുമായി അടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കി. ജാമ്യാപേക്ഷയിൽ വിധി വന്നതിന് ശേഷമായിരിക്കും ദിവ്യ പോലീസിന് മുന്നിൽ എത്തുകയെന്നാണ് സൂചന.
അതേസമയം അന്വേഷണ സംഘത്തിന് മുമ്പാകെ എത്താൻ ദിവ്യക്ക് മേൽ സിപിഎം ഉന്നത നേതൃത്വത്തിന്റെ സമ്മർദ്ദം ശക്തമാകുന്നുവെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത്. എന്നാൽ അതുവരെ കാത്തിരിക്കേണ്ടതില്ലെന്നാണ് നേതൃത്വം ദിവ്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അറസ്റ്റിന് നീക്കം നടത്തുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം കണ്ണൂർ ഡിഐജി ഓഫീസിൽ യോഗം ചേരുമെന്ന റിപ്പോർട്ടുകളുമുണ്ട്. നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ പി പി ദിവ്യ ഒളിവിൽ കഴിയുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട് എന്നാണ് ഉന്നത നേതൃത്വത്തിന്റെ വിലയിരുത്തൽ.
കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ സംഘം. ഇതുകൂടാതെ കണ്ണൂർ റേഞ്ച് ഡിഐജിക്ക് അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയും നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: