ന്യൂദല്‍ഹി: കേരള ഹൗസില്‍ 2015ല്‍ ഉണ്ടായ ബീഫ് വിവാദം പോപ്പുലര്‍ ഫ്രണ്ട് താത്വികാചാര്യന്‍ പി. കോയയുടെ ബുദ്ധിയില്‍ ഉദിച്ച തന്ത്രമായിരുന്നുവെന്ന് യുപി പോലീസ് കണ്ടെത്തിയിരുന്നു. കേരളത്തില്‍ ബിജെപിക്കു തടയിടാനും ഹിന്ദു- ക്രിസ്ത്യന്‍ ഭിന്നത സൃഷ്ടിക്കാനും ആയിരുന്നു നീക്ം. കേരള ഹൗസ് കാന്റീനിലെ ബീഫിനെ പശുവിറച്ചിയാക്കി ചിത്രീകരിക്കാനുള്ള ഗൂഡ പദ്ധതി നടപ്പാക്കാന്‍ ക്വട്ടേഷന്‍ ഏറ്റത് കോയയുടെ ശിഷ്യനായ സിദ്ദിഖ് കാപ്പനും. പോപ്പുലര്‍ ഫ്രണ്ട് മുഖപത്രം തേജസിന്റെ ലേഖകനായിരുന്നു കാപ്പന്‍. കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം ഭാരവാഹിയും ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകനും കാപ്പനൊപ്പം ഗൂഡാലോചനയില്‍ പങ്കാളികളായി എന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. കേരള പത്രപ്രവര്‍ത്തകയൂണിയനെതിരെ യുപി പോലീസ് അന്വേഷണം നടത്താനും കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കാനും ഉള്ള കാരണങ്ങളില്‍ ഒന്ന് ഇതായിരുന്നു.
ജന്തര്‍ മന്ദറില്‍ ഗോവധ നിരോധന ബാനറുമായി സ്ഥിരം ധര്‍ണ നടത്തുന്ന ഹിന്ദുസേന നേതാവ് വിഷ്ണു ശര്‍മ്മയെയാണ് ക്വട്ടേഷന്‍ സംഘം കുടുക്കിയത്. കേരള ഹൗസ് കാന്റീനില്‍ പശു ഇറച്ചി വിളമ്പുന്നുവെന്നു സംഘം വിഷ്ണു ശര്‍മ്മയെ തെറ്റിദ്ധരിപ്പിച്ചു. ഡല്‍ഹിയില്‍ പലയിടത്തും ലഭ്യമായ പോത്തിറച്ചിയാണ് കേരള ഹൗസ് കന്റീനിലെ ബീഫ് എന്നു തിരിച്ചറിയാനുള്ള വിവരം വിഷ്ണു ശര്‍മ്മയ്‌ക്ക് ഇല്ലാതെ പോയി. കേരള ഹൗസ് കന്റീനില്‍ ഉച്ചയൂണിന്റെ തിരക്ക് കഴിഞ്ഞ സമയം നോക്കിയാണ് ക്വട്ടേഷന്‍ സംഘം വിഷ്ണു ശര്‍മ്മയേയും അനുയായികളെയും കേരള ഹൗസ് കാന്റീനിലേക്ക് കൊണ്ടു പോയത്. ബീഫ് ഉണ്ടോയെന്ന ചോദ്യത്തിന് കന്റീന്‍ കാഷ്യര്‍ ഉണ്ടെന്നു പറഞ്ഞു ടോക്കന്‍ നീട്ടിയതും അടിപൊട്ടി. ബീഫ് വിവാദത്തിനു ഗംഭീര തുടക്കം.
കന്റീനില്‍ നടന്ന അക്രമത്തില്‍ ഭയപ്പെട്ട റസിഡന്റ് കമ്മിഷണര്‍ തല്‍ക്കാലത്തേക്ക് മെനുവില്‍ നിന്നു ബീഫ് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. കാപ്പന്റെ ക്വട്ടേഷന്‍ ടീം കാത്തിരുന്ന സുവര്‍ണാവസരം. കേരള ഹൗസ് കന്റീനിലെ സ്ഥിരം ലഞ്ചുകാരായ കെയുഡബ്ല്യുജെക്കാരെ അണിനിരത്തി കേരള ഹൗസിനു മുന്നില്‍ പ്രകടനം നടത്തി. ബീഫ് വിലക്ക് നീക്കാന്‍ എം പിമാരുടെ പ്രതിഷേധം വന്‍ വാര്‍ത്തയായി. അവസാനം റസിഡന്റ് കമ്മിഷണര്‍ വിലക്കു നീക്കി സമരം അവസാനിപ്പിച്ചു.
കേരള ഹൗസില്‍ ബീഫ് വിലക്ക് നീങ്ങിയതോടെ വിവാദം തണുത്തെങ്കിലും കാപ്പന്‍ ടീം അടങ്ങിയില്ല. ഇല്ലാത്ത ബീഫ് നിരോധനത്തിന്റെ പേരില്‍ ബീഫ് ഫെസ്റ്റുകള്‍ നടത്തി സംഘര്‍ഷം സൃഷ്ടിക്കാമെന്ന ആശയം ഡിവൈഎഫ്‌ഐ നേതാവായിരുന്ന എം.ബി. രാജേഷിനു പിടിച്ചു. ഡിവൈഎഫ്‌ഐക്കു പിറകെ എസ് എഫ് യും ക്യാംപസുകളില്‍ ബീഫ് ഫെസ്റ്റ് നടത്തി അര്‍മാദിച്ചു. ഇതോടെ എബിവിപിയും രംഗത്തെത്തി. ഹൈദരാബാദിലും ബാംഗ്ലൂരിലും ക്യാംപസുകളില്‍ ബീഫ് ഫെസ്റ്റുകള്‍ നടത്തിയ എസ് എഫ്‌ഐക്കാരെ തിരഞ്ഞു പിടിച്ച് പഞ്ഞിക്കിട്ടു. കേരളത്തിനു പുറത്തു ബീഫ് ഫെസ്റ്റ് തടി കേടാക്കുന്ന ഐറ്റമാണെന്നു കണ്ട് എസ് എഫ് ഐ പിന്‍മാറി.
മുക്കിനു മുക്കിനു പെറോട്ട – ബീഫ് സുഭേമായ കേരളത്തിലായി പിന്നെ ബീഫ് ഫെസ്റ്റ്. ഗോവധ നിരോധനമില്ലാത്ത കേരളത്തില്‍ ബീഫ് ഫെസ്റ്റിന്റെ പ്രസക്തി എന്താണെന്നു മാത്രം എസ് എഫ് ഐ വിശദീകരിച്ചില്ല.
പോപ്പുലര്‍ ഫ്രണ്ടിന്റെ അജന്‍ഡയില്‍ കരുക്കളായി മാറുകയായിരുന്നു രാജേഷും ശിഷ്യന്മാരും. എം.ബി. രാജേഷിനു പോത്തുരാജേഷ് എന്നവിളിപ്പേരും വീണു.
സംഭവത്തെക്കുറിച്ച് ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകന്‍ എന്നവകാശപ്പെടുന്ന ഷെരീഫ് ഫേസ് ബുക്കില്‍ എഴുതിയത് ഇങ്ങനെ.
‘കാശ്മീര്‍ വെട്ടിമുറിച്ചതില്‍ ആശങ്കയോടെ ഇന്ത്യ നില്‍ക്കുമ്പോള്‍ മൂന്ന് വര്‍ഷം മുന്‍പുണ്ടായ ആശങ്കയും അതിന്റെ പരിഹാരവുമാണ് ഇപ്പോള്‍ ഓര്‍മയില്‍ വരുന്നത്.
ഉത്തരേന്ത്യയില്‍ ബീഫ് മനഃസമാധാനമായി കഴിക്കാവുന്ന വിരലിലെണ്ണാവുന്ന കാന്റീനുകള്‍ മാത്രമാണുള്ളത്. അവയില്‍ ഒന്നാണ് ഡല്‍ഹിയിലെ കേരള ഹൗസ്. ഒരിക്കല്‍ ബീഫ് വിളമ്പിയതിന്റെ പേരില്‍ ഹിന്ദുസേനക്കാര്‍ കേരള ഹൗസില്‍ കയറി അക്രമം ഉണ്ടാക്കി. പ്രശ്‌നം പുറത്തറിയാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ പെടാപാട് പെട്ടെങ്കിലും ഈ ദൃശ്യം അന്നത്തെ ചാനല്‍ റിപ്പോര്‍ട്ടര്‍ ആയിരുന്ന ധനസുമോദിന്റെ കണ്ണിലുടക്കി. അയാള്‍ ഫോണ്‍ എടുത്തു ഞെക്കി വിളിച്ചതും ഓണ്‍ ചെയ്ത ക്യാമറയുമായി ക്യാമറാമാന്‍ ലിജു ഓടി വന്നു.
ഇന്ത്യയെ ഞെട്ടിച്ച വാര്‍ത്ത ധനസുമോദ് മിന്നല്‍വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. മലയാളം മീഡിയകള്‍ വിഷയം തൊട്ടില്ല. പിറ്റേദിവസം ഇറങ്ങിയ മലയാളം പത്രത്തിന്റെ ഡല്‍ഹി എഡിഷനില്‍ ഉള്‍പ്പേജില്‍ ഒരു കുഞ്ഞുകോളം വാര്‍ത്ത മാത്രം. വാര്‍ത്ത പുറത്തു കൊണ്ടുവരുന്നതില്‍ മാത്രമല്ല ഇത് ചര്‍ച ആക്കുന്നതിലും ഈ വിദ്വാന്റെ വിരുത് ഡല്‍ഹി കണ്ടു. എസ്‌ക്ലൂസീവ് വിഷ്വലുകള്‍ എന്‍ ഡി ടിവി, സി എന്‍ എന്‍ ഐബിഎന്‍ തുടങ്ങി എല്ലാ നാഷണല്‍ ചാനലുകള്‍ക്കും പകര്‍ത്തി നല്‍കി. ഇംഗ്‌ളീഷ് ചാനലുകള്‍ വാര്‍ത്ത കൊടുത്തതോടെ നടപടിയുമായി രാജ്നാഥ് സിംഗ് പത്രസമ്മേളനം നടത്തി. ഇതോടെ മലയാളം ചാനലുകളും ഏറ്റെടുത്തു. പിറ്റേദിവസം ഹിന്ദു പത്രം ധനസുമോദിനെ ഇന്റര്‍വ്യൂ ചെയ്തു. ആ ലിങ്ക് ഞാന്‍ ഇപ്പോഴും സൂക്ഷിച്ചു വയ്‌ക്കുന്നു.
ഡല്‍ഹിയുടെ ദാരിദ്ര്യത്തില്‍ വിശപ്പടക്കാനുള്ള ബഡ്ജറ്റിലൊതുങ്ങിയ ഭക്ഷണം സംരക്ഷിക്കാന്‍ മുന്‍പില്‍ നിന്നതിന്റെ നന്ദി സൂചകമായി ധനസുമോദിനും ക്യാമറാമാനും ഡ്രൈവര്‍ക്കും അടക്കം കേരള ഹൗസില്‍ നിന്നും എന്റെ വക ബീഫ് വാങ്ങി ഊണ് കൊടുത്തു..
പ്രതികരിക്കാൻ ഇവിടെ എഴുതുക