തിരുവനന്തപുരം: ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിന്നപോലെ നിന്നവർ എന്ന് മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്‌ണദാസിനെ പിന്തുണച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കൃഷ്‌ണദാസിന്റെ ‘പട്ടിപ്രയോഗം’, നല്ല വിമർശനമാണെന്നാണ് ഗോവിന്ദന്റെ പ്രതികരണം. നല്ല വിമർശനത്തിന് നല്ല സുന്ദരമായ പദം ഉപയോഗിക്കുന്നതാണ് നല്ലതെന്നും ഗോവിന്ദൻ പരിഹസിച്ചു.
മാധ്യമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് മാധ്യമങ്ങൾക്ക് തന്നെ കിട്ടികൊണ്ടിരിക്കുന്ന ഓരോ പദപ്രയോഗങ്ങളാണ് ഇവയെന്നും ഗോവിന്ദൻ പറഞ്ഞു. പാർട്ടി അവഗണനയിൽ മനം നൊന്ത് രാജി വയ്‌ക്കുന്നുവെന്ന് പ്രഖ്യാപിച്ച സിപിഎം പാലക്കാട് ഏരിയാ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂറിനെ അനുനയിപ്പിച്ച് കൊണ്ടുവന്നതിന് പിന്നാലെയായിരുന്നു കൃഷ്‌ണദാസിന്റെ അധിക്ഷേപം. ഷുക്കൂറിന് ഒന്നും പറയാനില്ല. ഷുക്കൂറിനുള്ളത് താൻ പറഞ്ഞോളാം എന്നായിരുന്നു കൃഷ്ണദാസിന്റെ പ്രതികരണം.
സി.പി.എമ്മിൽ പൊട്ടിത്തെറിയെന്ന് വാർത്ത കൊടുത്തവരും,രാവിലെ മുതൽ ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്ന പോലെ നിന്നവർ ലജ്ജിച്ച് തലതാഴ്‌ത്തണമെന്നും കൃഷ്ണദാസ് പറഞ്ഞു. ആയിരക്കണക്കിന് ആളുകളുടെ ചോര കൊണ്ടുണ്ടാക്കിയ പാർട്ടിയാണ്. ഷുക്കൂറിന്റെ ഒരു തുള്ളി ചോരയും ഈ പാർട്ടിയിലുണ്ട്. ഷുക്കൂറിനെ നിങ്ങൾക്ക് അറിയില്ലെന്നും ഷുക്കൂറിന് ഒന്നും പറയാനില്ലെന്നും കൃഷ്ണദാസ് പറഞ്ഞിരുന്നു.
കൃഷണദാസിനെ പിന്തുണച്ച് സിപിഎം നേതാക്കളായ എ. വിജയരാഘവൻ, എം. സ്വരാജ് എന്നിവരും രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: