ന്യൂദൽഹി: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി അഞ്ചുകോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച ഏഴുപേരെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഡിഎൽഎഫ് ഫാം മേഖലയിൽ താമസിക്കുന്ന ഒരാൾക്കെതിരെ വ്യാജ റെയ്ഡ് നടത്തി പണം തട്ടാൻ ശ്രമിച്ചവരാണ് പിടിയിലായത്.
ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ഒക്ടോബർ 22 ന് ഉച്ചയോടെ ഇഡി ഓഫീസർമാരായി ചമഞ്ഞ് ചിലർ ദൽഹിയിലെ ചത്തർപൂരിലെ അശോക അവന്യൂ, ഡിഎൽഎഫ് ഫാംസ് എന്ന സ്ഥലത്ത് വ്യാജ തിരച്ചിൽ നടത്തുന്നതായി ഇഡിക്ക് രഹസ്യ വിവരം ലഭിച്ചു. ഇരയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 5 കോടി രൂപ പിൻവലിക്കാൻ വ്യാജ ഇഡി ഉദ്യോഗസ്ഥർ ഇരയെ ഹൗസ് കൗസിലെ കൊട്ടക് ബാങ്കിലേക്ക് കൊണ്ടുപോയി.
അവിടെ ഇഡി റെയ്ഡെന്ന തരത്തിൽ തുക ഇയാളിൽ നിന്ന് തട്ടിയെടുക്കാനുമാണ് പ്രതികൾ ഉദ്ദേശിച്ചിരുന്നത്. തുടർന്ന് വിവരമറിഞ്ഞ് ഉടൻ തന്നെ യഥാർത്ഥ ഇഡി സംഘം ഹൗസ് കൗസിലെ കൊട്ടക് മഹീന്ദ്ര ബാങ്കിലേക്ക് പുറപ്പെട്ടു. ഇവർക്കൊപ്പം ദൽഹി പോലീസും സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു.
ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും കൂടുതൽ ചോദ്യം ചെയ്യൽ നടപടികൾ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: