കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രത്യേക പോലീസ് സംഘത്തിന് അന്വേഷണം കൈമാറി. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ആര്. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക സംഘം. കണ്ണൂര്‍ റേഞ്ച് ഡിഐജിക്കാണ് മേല്‍നോട്ട ചുമതല.
നിലവില്‍ കേസന്വേഷിക്കുന്ന കണ്ണൂര്‍ ടൗണ്‍ പോലീസ് എസ്എച്ച്ഒമാരായ ശ്രീജിത്ത്് കോടേരി, സനല്‍കുമാര്‍, എസ്ഐമാരായ നവ്യ സജി, രേഷ്മ, സൈബര്‍ സെല്‍ എഎസ്ഐ ശ്രീജിത്ത് എന്നിവര്‍ പ്രത്യേക അന്വേഷണ സംഘത്തിലുമുണ്ട്. അന്വേഷണ പുരോഗതി വിലയിരുത്തി എല്ലാ ആഴ്ചയും കണ്ണൂര്‍ റേഞ്ച് ഡിഐജിക്കു നേരിട്ടു റിപ്പോര്‍ട്ട് നല്‍കണം.
കേസിലെ പ്രതി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്തിട്ടില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 29ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. എഡിഎമ്മിനെതിരേ കൈക്കൂലിപ്പരാതി ഉന്നയിച്ച പ്രശാന്തിന്റെ ഭാര്യാസഹോദരനെ ഇന്നലെ വിളിച്ചുവരുത്തി പോലീസ് മൊഴിയെടുത്തു.
അതേസമയം പ്രത്യേക അന്വേഷണ സംഘത്തെ രുപീകരിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലുളള കണ്ണൂരിലെ സിപിഎം നേതാവിന്റെയും ഏകെജി സെന്ററിന്റെയും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് സൂചന. പുതിയ അന്വേഷണ സംഘത്തില്‍പെട്ടവരെല്ലാം സിപിഎമ്മിന്റെ അതീവ വിശ്വസ്തരായ ഉദ്യോഗസ്ഥരാണ്.
അതേസമയം ദിവ്യ ഇന്ന് പോലീസില്‍ കീഴടങ്ങിയേക്കും. കോടതിയില്‍ ഹാജരാക്കി ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് നീക്കം. പോലീസും സിപിഎം നേതൃത്വവും ചേര്‍ന്നാണ് കീഴടങ്ങല്‍ നാടകമൊരുക്കുന്നതെന്ന സൂചനയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: