മലയാളത്തിന്റെ പ്രസിദ്ധ കവിയും ചലച്ചിത്ര ഗാന രചയിതാവുമായ വയലാര്‍ രാമവര്‍മ്മയുടെ വേര്‍പാട് അരനൂറ്റാണ്ടിലേക്ക് കടക്കുന്ന ദിനമാണ് ഒക്ടോബര്‍ 27. 1975 ഒക്ടോബര്‍ 27ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കേരളത്തില്‍ കമ്യൂണിസ്റ്റ്-ഇടതുപക്ഷ ആശയങ്ങള്‍ക്ക് നാടക ഗാനങ്ങളിലൂടെയും സിനിമാഗാനങ്ങളിലൂടെയും ചിരപ്രതിഷ്ഠ നേടിക്കൊടുത്ത കവിയാണ് വയലാര്‍. താന്‍ നെഞ്ചേറ്റിയ രാഷ്ട്രീയ ആശയങ്ങള്‍ ജനമനസ്സുകളില്‍ നിന്ന് പടിയിറങ്ങുന്ന വര്‍ത്തമാനകാലത്ത് ആ ക്രാന്തദര്‍ശിയുടെ പല ഗാനങ്ങളും പുനര്‍വായനയ്ക്ക് വിധേയമാക്കുമ്പോള്‍ വല്ലാത്ത ധര്‍മ്മസങ്കടത്തിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്ന് കാണാന്‍ കഴിയാം.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുവേണ്ടി വയലാര്‍ എഴുതിയ പല ഗാനങ്ങളും ഇന്നത്തെ പാര്‍ട്ടിയെ വിശകലനം ചെയ്യാന്‍ ഉപയോഗിച്ചാല്‍ ഈ അധഃപതനം അല്ലെങ്കില്‍ തകര്‍ച്ച വളരെ മുമ്പ് തന്നെ ദീര്‍ഘദര്‍ശനം നടത്തിയ ക്രാന്തദര്ശിയാണോ വയലാര്‍ രാമവര്‍മ്മ എന്ന് തോന്നിപ്പോകും വിധമാണ് ഇന്നത്തെ അവസ്ഥ. മരിയ്ക്കാന്‍ ഞങ്ങള്‍ക്കു മനസ്സില്ല എന്ന ഗാനത്തില്‍ തളിരും തിരിയും പോലെ ഞങ്ങടെ തലയും കതിരും നുള്ളുന്നവരേ എന്ന പരാമര്‍ശം അക്കാലത്തെ ജന്മിത്ത സാമൂഹിക ഘടനയ്ക്ക് എതിരായ ശക്തമായ വിരല്‍ചൂണ്ടല്‍ ആയിരുന്നു. ആരംഭകാലത്ത് ജന്മിത്തത്തിനെതിരെ ദേശീയ സമരം നയിച്ച പാര്‍ട്ടിയുടെ നേതാക്കള്‍ ഇന്ന് പാര്‍ട്ടിയിലും സമൂഹത്തിലും ജന്മികളായതിന്റെ തെളിവാണ് 2012 മെയ് 4 ന് നടന്ന ടി.പി. ചന്ദ്രശേഖരന്റെ വധം മുതല്‍ കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു വരെയുള്ളവരുടെ അനുഭവങ്ങള്‍ മലയാളികളെ ഓര്‍മ്മപ്പെടുത്തുന്നത്. എന്തിനെയാണോ നിങ്ങള്‍ ഏറ്റവും ഏറ്റവും അധികം എതിര്‍ത്തത് ഒടുവില്‍ നിങ്ങള്‍ അതിന്റെ നടത്തിപ്പുകാരാകും എന്ന നിരീക്ഷണം ശരിവയ്ക്കപ്പെടുകയാണിവിടെ.
മുതലാളിത്തമേ നിന്മുന്നില് ഇനി മുട്ടുമടക്കാന്‍ മനസ്സില്ല എന്ന് പാടിയവരുടെ പിന്മുറക്കാര് നവമുതലാളിത്തത്തിന്റെ നടത്തിപ്പുകാരായി മാറുന്നതിന്റെ കാഴ്ച എങ്ങും പ്രകടമാണ്. കൈതോലപ്പായ വിവാദവും സ്വര്‍ണ്ണം കടത്തലും പൊട്ടിക്കലും മാസപ്പടി വിവാദവുമെല്ലാം ഓര്‍മ്മപ്പെടുത്തുന്നത് കമ്യൂണിസത്തിന്റെ തത്വശാസ്ത്രങ്ങള്‍ ഏതോ ചിതയില്‍ എരിഞ്ഞടങ്ങി എന്നു തന്നെയാണ്. ഇതുയര്‍ത്തിയ വിശ്വാസഗോപുരങ്ങളും കാലത്തിന്റെ കുത്തൊഴുക്കില്‍ ഇടിഞ്ഞ് വീഴുന്നു എന്നതാണ്.
വയലാര്‍ തന്റെ വരികളിലൂടെ ഉയര്‍ത്തിക്കാട്ടിയ കമ്യൂണിസ്റ്റ് ധര്‍മ്മ നീതികള്‍ താടിവളര്‍ത്തി തപസ്സിരിക്കുന്ന ഇക്കാലത്ത് നിരാശരായ മഹാഭൂരിപക്ഷം മാനസികമായി പടി ഇറങ്ങിയതോടെ കുരുക്ഷേത്രത്തില്‍ ആയുധം ഇല്ലാതെ നിന്ന അര്‍ജുനന്റെ സ്ഥിതിയിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കമ്യൂണിസ്റ്റുകളുടെ അവസ്ഥ. എങ്കിലും പ്രകൃതി പ്രതിഭാസങ്ങളേയും ഈശ്വര സങ്കല്‍പ്പങ്ങളേയും കൂട്ടിയിണക്കി അനശ്വര ഗാനങ്ങള്‍ രചിച്ച വയലാര്‍ രാമവര്‍മ്മ മലയാളികളുടെ മനസ്സില്‍ എന്നും നിലനില്ക്കുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: