ജ്ഞാനമുദ്രാം, ശാസ്തൃമുദ്രാം,
ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം, ശുദ്ധമുദ്രാം,
രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം, തസ്യമുദ്രാം,
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേനമുദ്രാം
പാതുസദാപി മേം ഗുരുദക്ഷിണയാ
പൂര്‍വ്വം തസ്യാനുഗ്രഹകാരണേ
ശരണഗത മുദ്രാഖ്യം
തന്മുദ്രം ധാരയാവ്യഹം
ശബര്യചല മുദ്രായൈ നമോഃ
മാലയിട്ടു കഴിഞ്ഞാല്‍ മുദ്ര (മാല) ധരിക്കുന്ന ആള്‍ ഭഗവാന് തുല്യന്‍. ‘തത്ത്വമസി’. വേദമഹാകാവ്യങ്ങളില്‍ ഇതിന് അര്‍ത്ഥം, ‘അത് നീയാകുന്നു’ എന്നാണ്.
മാലയിട്ടു കഴിഞ്ഞാൽ മത്സ്യ മാംസാദികൾ, ലഹരി വസ്തുക്കൾ, സ്ത്രീസംഗം, ക്ഷൗരം, ഹിംസ, കോപം, പരുഷ വചനം, നുണ പറയൽ എന്നിവ ഉപേക്ഷിക്കണം.
ശവസംസ്ക്കാരം, ചോറൂണ് തുടങ്ങിയവയിൽ പങ്കെടുക്കരുത്. ചെരുപ്പുകൾ ഉപയോഗിക്കാവുന്നതാണ്. അൽപ്പ മാത്ര ഭക്ഷണവും ദിവസേന രണ്ടുനേരം സ്‌നാനവും ശരണംവിളിയും ധ്യാനവും മന്ത്രജപവും വേണം. കൈയില്‍ ശുദ്ധജലം എടുത്ത്.
1. ഓം ആത്മശുദ്ധി രം,
2. ഓം ദേഹശുദ്ധി കം,
3. മന്ത്രശയുദ്ധി വം.,
4. കര്‍മ്മശുദ്ധി യം,
5. സകലശുദ്ധി സ്വാഹാഃ
എന്ന് ജപിച്ച് അഞ്ചുപ്രാവശ്യം സേവിക്കണം. ശേഷം തുളസിയില ചന്ദനത്തില്‍ തൊട്ട് കൈയില്‍വച്ച് അയ്യപ്പനെ ഭജിക്കേണ്ട ശ്ലോകം..
”ഓം സ്‌നിഗ്ധാരാള വിസാരി കുന്തളഭരം
സിംഹാസനാദ്ധ്യാസിതം,
സ്ഫൂര്‍ജ്ഞിത് പത്ര സുക്ലിപ്ത കുണ്ഡല മഥേഷ്വിഷ്വാസ
ഭൃദ്രോര്‍ദ്വയം.
നീലക്ഷൗമവസം നവീനദലദശ്യാമം പ്രഭാസത്യക സ്ഫായല്‍ പാര്‍ശ്വയുഗം സുരക്തസകലാ കല്പം സ്മരേദാര്യകം.”
എന്ന് ജപിച്ച് തുളസിയിലയും പൂവും ചന്ദനവും നിലവിളക്കിന് മുന്നില്‍ അര്‍പ്പിക്കണം. ശേഷം മൂലമന്ത്രം ചൊല്ലണം.
മൂലമന്ത്രം: ഓം ഘ്രൂം നമ പരായ ഗോപ്‌ത്രേ!”
ശരണം വിളി.
“ഋഷിപ്രോക്തം തു പൂര്‍വ്വാണം മഹാത്മാനാം ഗുരോര്‍മതം
സ്വാമി ശരണമിത്യേവം
മുദ്രാവാക്യം പ്രകീര്‍ത്തനം
ഇതാണ് ശരണ മന്ത്രത്തിന്റെ പൊരുള്‍.
മനുഷ്യന്റെ ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കു വരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണംവിളി ഇല്ലായ്മ ചെയ്യും. ഉള്ളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും. കൂട്ടത്തോടെ ശരണംവിളിക്കുന്നതു കൊണ്ട് അന്തരീക്ഷത്തില്‍ സവിശേഷമായ ആത്മീയ ശബ്ദ പ്രപഞ്ചം ഉണ്ടാകുകയും ചെയ്യും. അത് നാദബ്രഹ്മ ത്തിലുണ്ടാക്കുന്ന ചലനം സവിശേഷമാണ്. ശരണത്തിലെ ‘ശ’ എന്ന അക്ഷരം ശത്രു ശക്തി കളെ ഇല്ലാതാക്കുന്നു. ‘ര’ അറിവിന്റെ അഗ്‌നിയെ ഉണര്‍ത്തുന്നു. ‘ണ’ ശാന്തിയെ പ്രദാനം ചെയ്യുന്നു. ശരണംവിളി കാട്ടില്‍ ദുഷ്ടമൃഗങ്ങളെ അകറ്റുന്നതുപോലെ മനസ്സിലെ ദുഷ്ട ചിന്തകളേയും അകറ്റുന്നു.
പതിനെട്ടു പടികൾ . 18 പടികള്‍, 18 മലകളെയും പ്രതിനിധാനം ചെയ്യുന്നു.
1. പൊന്നമ്പലമേട് മല
2. ഗരുഡന്‍ മല
3. നാഗമല
4. സുന്ദരമല
5. ചിറ്റമ്പലമല
6. ഖല്‍ഗിമല
7. മാതഗം മല
8. മൈലാട്ടും മല
9. ശ്രീപാദമല
10. ദേവര്‍മല
11. നിലയ്‌ക്കല്‍ മല
12. തലപ്പാറ മല
13. നീലിമല
14. കരിമല
15. പുതുശ്ശേരി മല
16. കാളകെട്ടിമല
17. ഇഞ്ചിപ്പാറമല
18. ശബരിമല
ഒരു സാധാരണ വിശ്വാസിക്ക് നടന്നു കയറാൻ അസാദ്ധ്യമായ ഈ മലകളെ ആരാധിക്കാൻ അവനു അവസരമൊരുക്കുന്നതാണ് പതിനെട്ടാംപടിയെന്നു പറയുന്നു. അതല്ല, മോക്ഷ പ്രാപ്തിക്കുമുമ്പ് മനുഷ്യന് പിന്നിടേണ്ട പതിനെട്ടു ഘട്ടങ്ങളെ സൂചിപ്പിക്കുന്നതാണെന്നും പറയുന്നു. അതനുസരിച്ച് ആദ്യത്തെ 5 പടികൾ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു (കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക്) അടുത്ത 8 പടികൾ അഷ്ടരാഗങ്ങളെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ എന്നിവയെ പ്രതിനിധീകരിക്കുന്നു.
അടുത്ത 3 പടികൾ സത്വഗുണം, രജോഗുണം, തമോഗുണം എന്നീ ത്രിഗുണങ്ങളെ പ്രതിനിധീകരിക്കുന്നു. അവസാനം വരുന്ന 17, 18 പടികൾ വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു. ഈ പുണ്യ പാപങ്ങളെ സ്വീകരിച്ചും തിരസ്‌കരിച്ചും മാത്രമേ ഒരുവന് ഈ ലോകമാകുന്ന ‘മായ’യില് നിന്ന് മോചനം നേടാനാവൂ. മാത്രമല്ല 18 എന്ന അക്കത്തിന് വലിയ പ്രാധാന്യമുണ്ട്. ഭഗവദ്ഗീതയില് 18 അധ്യായങ്ങളാണുള്ളത്. കുരുക്ഷേത്രയുദ്ധം 18 ദിവസം നീണ്ടുനിന്നു. പുരാണങ്ങൾ 18 ആണ്. നാലു വേദങ്ങളും എട്ടു ശാസ്ത്രങ്ങളുംഅഞ്ചു ഇന്ദ്രിയങ്ങളും മൂന്നു ദേവതകളും ചേർന്നാലും 18. കളരിയിൽ 18 അടവ്. സംഗീതത്തിലും 18 അടിസ്ഥാന ഉപകരണങ്ങളാണുള്ളത്. അങ്ങനെ ഈ പ്രപഞ്ചത്തിന്റെതന്നെ ആത്മാവ് തേടുന്ന വഴിയാണ് പതിനെട്ടു പടികള്. ശബരിമലയിൽ ഏറ്റവും പവിത്രമായ ഒന്നാണ് പടിപൂജ. പൂജാദ്രവ്യങ്ങൾക്കു പുറമേ 7501 രൂപയാണ് വഴിപാടുനിരക്ക്. ശബരിമല തന്ത്രിയാണ് പടിപൂജ നടത്തുക. അത്താഴപൂജയ്‌ക്കുമുമ്പ് ഒരു മണിക്കൂറിലധികം നീളുന്നതാണീ പൂജ. ആ സമയം ക്ഷേത്രത്തിലെ മറ്റു പൂജകളൊക്കെ നിർത്തിവെക്കും.
30 നിലവിളക്കുകൾ,
18 നാളികേരം,
18 കലശ വസ്ത്രങ്ങൾ,
18 പുഷ്പ ഹാരങ്ങൾ എന്നിവ പടിപൂജയുടെ പ്രത്യേകതയാണ്.
കെട്ടുനിറ
ശബരിമലയ്‌ക്ക് പോകുമ്പോൾ സ്വന്തമായി കെട്ടുനിറയ്‌ക്കരുത്. കെട്ടുനിറ സമയത്ത് പന്തലില്‍ ഗണപതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍, ഇങ്ങനെ മൂന്ന് വിഗ്രഹങ്ങളോ ഫോട്ടോയോ ഉണ്ടായിരിക്കണം. ഗുരുസ്വാമിയുടെ നിര്‍ദ്ദേശ പ്രകാരം മുന്‍കെട്ടില്‍ നെയ്യ്, തേങ്ങ, കര്‍പ്പൂരം കാണിക്ക, മലര്‍, കദളിപ്പഴം, കല്‍ക്കണ്ടം, മുന്തിരിങ്ങ, വെറ്റില, പാക്ക്, പടിക്കല്‍ ഉടക്കുവാനുള്ള നാളികേരം, മഞ്ഞള്‍പ്പൊടി, തേന്‍, പനിനീര്, ശര്‍ക്കര ഉണ്ട, ഉണക്കലരി, കുരുമുളക് ഇവയും, പിന്‍കെട്ടില്‍ ഭക്തനാവശ്യമായവയും, എരുമേലി ഗണപതിക്കുള്ള തേങ്ങ, മാളികപ്പുറത്ത് ഉരുട്ടുവാനുള്ള തേങ്ങ ഇവയും നിറയ്‌ക്കണം. എരുമേലിയില്‍ പോകാത്ത ഭക്തര്‍ പമ്പയില്‍ ആ വഴിപാട് നടത്താം.
നാളികേരം ഉടയ്‌ക്കൽ നാളികേരത്തിന്റെ ചിരട്ട ‘സ്ഥൂല’ ശരീരത്തെയും പരിപ്പ് ‘സൂക്ഷ്മ’ ശരീരത്തെയും ഉള്ളിലുള്ള വെള്ളം കാരണത്തെയും സൂചിപ്പിക്കുന്നു.
അറിഞ്ഞും അറിയാതെയും വാക്കാലോ, പ്രവർത്തിയാലോ, ചിന്തയാലോ നീയാകുന്ന ഈ പ്രപഞ്ചത്തിൽ വച്ച് ഇന്നുവരെ ഞാൻ ചെയ്തു പോയ സകല വിധപാപങ്ങളും പൊറുത്തു മാപ്പാക്കി എന്റെ ശരീരമാകുന്ന ഈ നാളികേരത്തിൽ ഉണ്ടാക്കി വച്ച പാപങ്ങളും കർമ്മ ദോഷങ്ങളും ദുരിതങ്ങളും അവിടത്തെ അനുഗ്രഹം കൊണ്ടു അഗ്നിയാൽ ഭസ്മമാക്കി തന്നു എന്നെയും നീ,
നീയാം പൊരുളായി മാറ്റേണമേ അയ്യനെ .
എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് നാളികേരം ഉടക്കേണ്ടത്.
മല കയറൽ
പമ്പാഗണപതിയേയും സമസ്ത ദേവീ ദേവന്മാരെയും വണങ്ങി ഭഗവാന്റെ ഭൂതഗണങ്ങ ളോടും അനുവാദം വാങ്ങി വനയാത്ര തുടങ്ങണം. പമ്പയില്‍ പന്തളത്ത് രാജാവിനേയും കാണണം. ശബരിപീഠത്തില്‍ കര്‍പ്പൂരം കത്തിക്കണം. കന്നിക്കാര്‍ അപ്പാച്ചിക്കുഴിയില്‍ അരിയുണ്ട എറിയണം. ശരംകുത്തിയില്‍ ശരം നിക്ഷേപിക്കണം. സന്നിധാനത്ത് ചെന്ന് ഭഗവല്‍ ദര്‍ശനം കിട്ടുന്ന മാത്രയില്‍ ഭക്തനും ഭഗവാനും ഒന്നാകുന്നു.
അതാണ് തത്വമസി.
വ്രതം അവസാനിപ്പിക്കുമ്പോൾ
ശബരിമല ദർശനം കഴിഞ്ഞു തിരിച്ചെത്തിയാൽ അപ്പോൾത്തന്നെ വ്രതം അവസാനിപ്പിക്കാം. അയ്യപ്പൻ തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ നിലവിളക്ക് കൊളുത്തി വച്ച് കുടുംബാംഗങ്ങൾ ശരണം വിളിയോടെ എതിരേൽക്കണം . പൂജാമുറിയിൽ കെട്ടു താങ്ങിയതിനു ശേഷം ശരീര ശുദ്ധി വരുത്തിയിട്ടാണ് മാല ഊരേണ്ടത്.
മാലയൂരി പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്.
മാല ഊരുന്നതിനുള്ള മന്ത്രം
‘അപൂര്‍വ്വമചലാരോഹ
ദിവ്യദര്‍ശന കാരണ
ശാസ്തൃ മുദ്രാത്വകാദേവ
ദേഹിമേ വ്രതമോചനം’
ഈ മന്ത്രം ജപിച്ചു ശരണം വിളിയോടെ മാല ഊരാം . ചിലയിടങ്ങളിൽ നാളികേരം ഉടക്കാറുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക