മഥുര (ഉത്തര്‍പ്രദേശ്): ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക്കിന് ഫറ ഗോ ഗ്രാം പര്‍ഖമിലെ ദീന്‍ദയാല്‍ ഗോവിജ്ഞാന്‍ അനുസന്ധാന്‍ കേന്ദ്രം നവധ ഓഡിറ്റോറിയത്തില്‍ തുടക്കമായി. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ ഭാരതമാതാവിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
അന്തരിച്ച സ്വാമി രാഘവാചാര്യ മഹാരാജ് (ജയ്പൂര്‍), പദ്മവിഭൂഷണ്‍ രത്തന്‍ ടാറ്റ, ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, ഈനാട്, റാമോജി ഫിലിം സിറ്റി സ്ഥാപകന്‍ രാമോജി റാവു, സിപിഎം നേതാവ് സീതാറാം യെച്ചൂരി, മുന്‍ വിദേശകാര്യ മന്ത്രി നട്വര്‍ സിങ്, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി, അഡ്മിറല്‍ (റിട്ട.) രാംദാസ് തുടങ്ങിയ പ്രമുഖര്‍ക്ക് യോഗം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് അവതരിപ്പിച്ച അഖില ഭാരതീയ പ്രതിനിധി സഭാ റിപ്പോര്‍ട്ട് കാര്യകാരി മണ്ഡല്‍ അംഗീകരിച്ചു.
സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ നടത്തിയ പ്രഭാഷണത്തിലെ വിഷയങ്ങളെ കുറിച്ച് കാര്യകാരിമണ്ഡല്‍ ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യും. മാര്‍ച്ചിലെ പ്രതിനിധി സഭ മുന്നോട്ടുവച്ച വാര്‍ഷിക കാര്യപരിപാടികളുടെ അവലോകനവും പ്രവര്‍ത്തനവികാസവും ചര്‍ച്ച ചെയ്യും. സംഘത്തിന്റെ ശതാബ്ദി പ്രവര്‍ത്തനവും പഞ്ചപരിവര്‍ത്തനത്തിന്റെ (സാമാജിക സമരസത, കുടുംബ മൂല്യങ്ങളുടെ പ്രബോധനം, പരിസ്ഥിതി സംരക്ഷണം, സ്വദേശി ജീവിതശൈലി, പൗരബോധം) കര്‍മ്മ പദ്ധതിയും ചര്‍ച്ചയാകും.
ആര്‍എസ്എസിന്റെ 11 ക്ഷേത്രങ്ങളില്‍നിന്നും 46 പ്രാന്തങ്ങളില്‍ നിന്നുമുള്ള സംഘചാലക്, സഹസംഘചാലക്, കാര്യവാഹ്, പ്രചാരക് എന്നിവരുള്‍പ്പെടെ 393 പ്രവര്‍ത്തകരാണ് ബൈഠക്കില്‍ പങ്കെടുക്കുന്നത്. സഹ സര്‍കാര്യവാഹുമാരായ ഡോ. കൃഷ്ണ ഗോപാല്‍, സി.ആര്‍. മുകുന്ദ, അരുണ്‍ കുമാര്‍, രാംദത്ത് ചക്രധര്‍, ആലോക് കുമാര്‍, അതുല്‍ ലിമായെ, അഖില ഭാരതീയ കാര്യവിഭാഗ് പ്രമുഖന്മാര്‍, കാര്യകാരി അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്, കാര്യകാരി മണ്ഡല്‍ ബൈഠക് ഇന്ന് വൈകിട്ട് സമാപിക്കുമെന്ന് സഹ പ്രചാര്‍ പ്രമുഖ് നരേന്ദ്ര കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: