തിരുവനന്തപുരം: ഗവര്‍ണറുടെ ഉത്തരവ് അനുസരിച്ചതിനും പെന്ഷന് പിടിച്ചുവച്ചതിന് സുപ്രീംകോടതിയില്‍ പോയതിനും സാങ്കേതിക സര്‍വകലാശാല മുന്‍ വിസി ഡോ. സിസ തോമസിനെതിരെ പ്രതികാര നടപടി. സുപ്രീംകോടതി പറഞ്ഞിട്ടും പെന്‍ഷനും ആനുകൂല്യങ്ങളും തടഞ്ഞുവച്ചു. വിരമിച്ച് 19 മാസം കഴിഞ്ഞിട്ടും വിടാതെ പിന്തുടര്ന്ന് പ്രതികാര നടപടി. ആനുകൂല്യം ലഭിക്കാനുള്ളത് ഒരു കോടിയോളം രൂപ. സര്‍വകലാശാല രേഖകള്‍ കാണാനില്ലെന്ന് പറഞ്ഞ് പോലീസ് നടപിടിക്കും ശ്രമം.
സാങ്കേതിക സര്‍വകലാശാല വിസി സ്ഥാനത്ത് ചുമതലയിലിരിക്കെ 2023 മാര്‍ച്ച് 31ന് ആണ് ഡോ. സിസ തോമസ് വിരമിച്ചത്. ഗവര്‍ണറുടെ ഉത്തരവ് അനുസരിച്ചതിന്റെ പ്രതികാരത്തില്‍ പെന്‍ഷനും ആനുകൂല്യങ്ങളും തടഞ്ഞുവച്ചിരിക്കുകയാണ്. ഹൈക്കോടതിയും സുപ്രീംകോടതിയും നിര്‍ദേശിച്ചിട്ടുപോലും പെന്‍ഷനും
ആനുകൂല്യവും നല്‍കിയിട്ടില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് പെന്‍ഷനും ആനുകൂല്യങ്ങളും നല്കാന് സുപ്രീംകോടതി നിര്‍ദേശിച്ചതാണ്. 33 വര്‍ഷത്തെ സര്‍വീസുള്ള സിസ തോമസിന് ആനുകൂല്യങ്ങളെല്ലാംകൂടി ഒരു കോടിയോളം രൂപയാണ് ലഭിക്കാനുള്ളത്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ കോടതി ഉത്തരവ് നടപ്പാക്കാനുള്ള നടപടി ആരംഭിച്ചിട്ടില്ല. 19 മാസമായി പെന്ഷന് പോലും ലഭിച്ചിട്ടില്ല. മാത്രവുമല്ല സാങ്കേതിക സര്‍വകലാശാലയില്‍ നിന്നും ഫയല്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സിന്‍ഡിക്കേറ്റിനെയും സെനറ്റിന് പകരമുള്ള ബോര്‍ഡ് ഓഫ് ഗവര്ണേഴ്സിനെയയും ഉപയോഗിച്ച് പോലീസ് കേസിനൊരുങ്ങുകയാണ് സര്‍ക്കാര്‍.
സിസാ തോമസിനെ നിയന്ത്രിക്കാന്‍ സിന്‍ഡിക്കേറ്റും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സും ചേര്‍ന്ന് മൂന്നംഗ സമിതിയെ നിയോഗിച്ച് പ്രമേയം പാസാക്കിയിരുന്നു. സിന്‍ഡിക്കേറ്റിന്റെയും ബാര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെയും കണ്‍വീനര്‍ രജിസ്ട്രാറാണ്. അദ്ദേഹമാണ് ഫയലുകള്‍ സൂക്ഷിക്കേണ്ടതും. വിസിക്ക് പ്രിന്റ് ഔട്ട് എടുത്ത് നല്‍കിയത് രജിസ്ട്രാറാണ്. അതില്‍ വിസി ഒപ്പു വച്ചിട്ടില്ലാത്തതിനാല്‍ സര്‍വകലാശാല രേഖയുമല്ല. അത് ഗവര്‍ണര്‍ക്ക് നല്കിയ പരാതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പ്രമേയം ഗവര്‍ണര്‍ റദ്ദാക്കി. ഗവര്‍ണര്‍ക്ക് നല്കിയ പരാതി ഫയല്‍ തിരികെ ലഭിക്കില്ല. മാത്രമല്ല രജിസ്ട്രാറുടെ കമ്പ്യൂട്ടറില്‍ രേഖകള്‍ ഇപ്പോഴും ഉണ്ട്. എന്നിട്ടും ഫയല്‍ കാണാനില്ലെന്ന് പറഞ്ഞ് ഉന്നത വിദ്യാഭ്യാസ വകുപ്പിനെ ഉപയോഗിച്ച് പോലീസിനെക്കൊണ്ട് കേസെടുപ്പിക്കാനാണ് സാങ്കേതിക സര്‍വകലാശാലയുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: