ഛത്ര : ഇൻഡി സഖ്യത്തിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ. എൻഡിഎ വികസനത്തിനു വേണ്ടി പ്രവർത്തിക്കുമ്പോൾ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം അഴിമതിക്കു പേരുകേട്ടതാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഛത്ര നിയമസഭാ സീറ്റിലേക്ക് വ്യാഴാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ച ലോക് ജനശക്തി പാർട്ടി (രാം വിലാസ്) സ്ഥാനാർത്ഥി ജനാർദൻ പാസ്വാന് വേണ്ടി ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പാസ്വാൻ.
സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വികസനവും അഴിമതിയും തമ്മിൽ തിരിച്ചറിഞ്ഞ് വേണം വോട്ട് കുത്താനെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ അതിവേഗം വികസനത്തിന്റെ പാതയിൽ മുന്നേറി. അതേ കാലയളവിൽ ജാർഖണ്ഡ് പിന്നോട്ട് പോയി. അഴിമതിക്കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രിക്ക് ജയിലിൽ പോകേണ്ടി വന്നതിൽ തങ്ങൾക്ക് ലജ്ജ തോന്നുന്നുവെന്നും പാസ്വാൻ പറഞ്ഞു.
ഇതിനു പുറമെ ഒരു വശത്ത് മോദി സർക്കാർ ആരംഭിച്ച വികസനത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോഴും മറുവശത്ത് ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ അഴിമതിയും ചർച്ച ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എൽജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന് അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു. എൻഡിഎയ്‌ക്ക് കീഴിൽ ഒരു സീറ്റിൽ മാത്രമാണ് എൽജെപി ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ജാർഖണ്ഡിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ സീറ്റ് വിഭജനം അനുസരിച്ച് ബിജെപി 68 സീറ്റുകളിലും എജെഎസ്‌യു പാർട്ടി 10 ഇടങ്ങളിലും ജെഡിയു രണ്ടിടത്തും എൽജെപി (രാം വിലാസ്) ഒരിടത്തും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 13 നും നവംബർ 20 നും രണ്ട് ഘട്ടങ്ങളിലായി നടക്കും. നവംബർ 23 ന് വോട്ടെണ്ണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: