വാഷിങ്ടണ്‍: ലോകം ഇന്നേവരെ അറിഞ്ഞതില്‍ വച്ച് ഏറ്റവും പ്രശസ്തനായ ഒരാള്‍ മടങ്ങി, എനിക്കെന്റെ അച്ഛനെ നഷ്ടപ്പെട്ടു… ടാര്‍സന്‍ എന്ന ഐതിഹാസിക കഥാപാത്രത്തെ അഭ്രപാളിയിലും ടിവി സീരിസിലും അനശ്വരനാക്കിയ അമേരിക്കന്‍ നടന്‍ റോണ്‍ എലിയുടെ വിയോഗ വാര്‍ത്ത ലോകത്തെ അറിയിച്ച് മകള്‍ കിര്‍സ്റ്റണ്‍ കാസലെ എലിയുടെ വികാര നിര്‍ഭരമായ കുറിപ്പ്. കാലിഫോര്‍ണിയയിലെ ലോസ് അലാമോസിലെ വസതിയില്‍ സപ്തംബര്‍ 29നാണ് റോണ്‍ എലി അന്തരിച്ചത്. എണ്‍പത്താറ് വയസായിരുന്നു.
1966 മുതല്‍ 1968 വരെ എന്‍ബിസി ടെലിവിഷന്‍ നെറ്റ്വര്‍ക്കിലാണ് ജനപ്രിയ ടിവി ഷോ ടാര്‍സന്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. ഡ്യൂപ്പില്ലാതെ സാഹസിക രംഗങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പ്രസിദ്ധനായ റോണ്‍ എലിക്ക് ഷൂട്ടിങ്ങിനിടയില്‍ പല തവണ ഗുരുതരമായ പരിക്കുകള്‍ ഏറ്റിട്ടുണ്ട്. 2001-ല്‍ അഭിനയത്തില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം എഴുത്തിലേക്ക് തിരിഞ്ഞു. രണ്ട് നോവലുകള്‍ പ്രസിദ്ധീകരിച്ചു 2014ല്‍ പുറത്തിറങ്ങിയ എക്സ്പെക്റ്റിങ് അമിഷ് എന്ന സിനിമയിലൂടെ മടങ്ങിവരവറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റഗ്രാമിലൂടെ കിര്‍സ്റ്റണ്‍ കാസലെ ഈ വിവരം ലോകത്തോട് പറഞ്ഞത്. കിര്‍സ്റ്റണ്‍ കാസലെയുടെ വികാര നിര്‍ഭരമായ കുറിപ്പിങ്ങനെ; ഹീറോ ആയിരുന്നു അച്ഛന്‍. നടന്‍, എഴുത്തുകാരന്‍, കുടുംബനാഥന്‍, എന്റെ പ്രേരണ…. ശരിക്കും മാന്ത്രികമായ എന്തോ ഒരു സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. പരിചയപ്പെട്ട എല്ലാവരിലും അദ്ദേഹം ഊര്‍ജവും ഉന്മേഷവും നിറച്ചു. എനിക്ക് സ്വര്‍ഗം പകര്‍ന്ന, അമ്പിളിഅമ്മാവനെ കൈക്കുമ്പിളിലാക്കിത്തന്ന അനുഭൂതിയായിരുന്നു അദ്ദേഹം. എന്തൊരു അവിശ്വസനീയമായ ലോകമാണ് അദ്ദേഹം സൃഷ്ടിച്ചത്. ശക്തനായിരുന്നു. കാവലായിരുന്നു… നിറയെ തമാശകള്‍ പറയുമ്പോഴും വിനയമുള്ള തന്റേടിയായിരുന്നു. എന്റെ മാതൃകയും പ്രേരണയുമായിരുന്നു. കുടുംബത്തിന് വേണ്ടി അദ്ദേഹം കഠിനാധ്വാനം ചെയ്തു. സ്‌നേഹിക്കുന്നവരുടെ സ്വപ്‌നങ്ങള്‍ സാധ്യമാക്കാന്‍ ത്യാഗം ചെയ്തു. ആ സ്‌നേഹം അറിഞ്ഞവരുടെ ലോകം കൂടുതല്‍ തിളക്കമുള്ളതും സാര്‍ത്ഥകവുമായി. എന്റെ ഹൃദയം അദ്ദേഹത്തിന്റെ അവശേഷിപ്പാണ്. അത് ഞാന്‍ ലോകത്തിന് സമര്‍പ്പിക്കും. കാരണം അദ്ദേഹത്തെ ലോകത്തിന് ആവശ്യമാണ്. ഏറ്റവും വലിയ ആശ്വാസം അച്ഛന്‍ എന്റെ അമ്മയുടെയും സഹോദരന്റെയും കൂടെയാണ് എന്നറിയുന്നതാണ്. അവരെയെല്ലാം ഞാന്‍ വളരെയധികം മിസ് ചെയ്യുന്നു, ഞങ്ങള്‍ എല്ലാവരും വീണ്ടും കണ്ടുമുട്ടുന്നത് വരെ, അഭിമാനത്തോടെ അവരെ സ്‌നേഹപൂര്‍വ്വം എന്റെ ഹൃദയത്തില്‍ ഉറപ്പിച്ചു കൊണ്ടുപോകും.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: