ന്യൂദല്‍ഹി: ഇടുക്കി ജില്ലയിലെ പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന 2,64,855 ഏക്കര്‍ കാര്‍ഡമം ഹില്‍ റിസര്‍വുകളില്‍(ഏലമലക്കാടുകള്‍) പുതുതായി പട്ടയം അനുവദിക്കുന്നത് സുപ്രീം കോടതി തടഞ്ഞു. സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് കോടതി വിധി.
ഏലമലക്കാടുകള്‍ വനഭൂമിയല്ല, റവന്യൂ ഭൂമിയാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ഇന്നലെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇത് പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് വി.ആര്. ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഇതില്‍ പെടുന്ന ഭൂമികള്‍ക്ക് പട്ടയം നല്‍കുന്നത് വിലക്കിയത്. കേരളത്തിലെ പ്രത്യേകിച്ച് ഇടുക്കിയിലെ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാകാന്‍ ഇടനല്‍കുന്നതാണ് കോടതി വിധി.
ഏലമലക്കാടുകള്‍ വാണിജ്യാവശ്യങ്ങള്‍ക്കായി മാറ്റരുത്, അവയ്ക്ക് പട്ടയം നല്‍കരുത്. കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടു. ഏലമലക്കാടുകളിലെ മരങ്ങളുടെ സംരക്ഷണം മാത്രമാണ് വനംവകുപ്പിനുള്ളതെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി.
ഇത് വനഭൂമിയല്ലെന്ന വാദം അമിക്കസ് ക്യൂറി നിഷേധിച്ചു. വനഭൂമിയാണെന്നു കാട്ടി സംസ്ഥാന സര്‍ക്കാര്‍ പലകുറി വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്പെടുന്ന മതികെട്ടാന്‍ചോല ദേശീയ ഉദ്യാനമാണ്. ഇതുപോലും റവന്യൂ ഭൂമിയാണെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്, അമിക്കസ് ക്യൂറി പറഞ്ഞു. അമിക്കസ് ക്യൂറിയുടെ വാദം ശരിവച്ച കോടതി സര്‍ക്കാര്‍ വാദങ്ങള്‍ അംഗീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: