കോഴിക്കോട്: ജന്മഭൂമി സുവര്‍ണ ജൂബിലി വര്‍ഷാഘോഷത്തിന്റെ ഉദ്ഘാടനമായ ‘സ്വ’യുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. നവംബര്‍ മൂന്ന് മുതല്‍ ഏഴ് വരെ, കോഴിക്കോട്ട് സരോവരം പാര്‍ക്കിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് ‘സ്വ’ വിജ്ഞാനോത്സവം.
അഞ്ചു ദിവത്തെ പരിപാടി വിജ്ഞാനോത്സമായി ആഘോഷിക്കാനാണ് ഒരുക്കങ്ങള്‍. മഹാപ്രദര്‍ശനം, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, മത്സരങ്ങള്‍, കലാപരിപാടികള്‍ എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടക്കും.
രാജ്യത്തിന്റെ വികസന വളര്‍ച്ചാ പ്രദര്‍ശിനിയാണ് മുഖ്യ ആകര്‍ഷണം. ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി, ചൊവ്വയിലേക്കുള്ള ആകാശക്കുതിപ്പിന് സജ്ജമാകുകയാണ് ഐഎസ്ആര്‍ഒ. ലോകം ശ്രദ്ധിക്കുന്ന, രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒയുടെ ഇതുവരെയുള്ള നേട്ടങ്ങള്‍ വിസ്തരിച്ച് പ്രദര്‍ശിപ്പിക്കുന്ന ‘ഇസ്രോ’യുടെ വിജ്ഞാന പവലിയനായിരിക്കും മഹാപ്രദര്‍ശനത്തില്‍ ഏറ്റവും ശ്രദ്ധേയം.
ലോക നിര്‍മാണ ചരിത്രത്തില്‍ത്തന്നെ മുന്‍നിരയിലെത്തിക്കഴിഞ്ഞ കൊച്ചിന്‍ ഷിപ്‌യാഡിന്റേതാണ് മറ്റൊരു അഭിമാന പ്രദര്‍ശിനി. ചെറു ജലവാഹനങ്ങള്‍ മുതല്‍ കൂറ്റന്‍ യുദ്ധക്കപ്പല്‍ വരെ ഇതര രാജ്യങ്ങളുടെ സഹായമില്ലാതെ നിര്‍മിച്ച കൊച്ചി കപ്പല്‍ നിര്‍മാണ ശാലയുടെ വിജയ ചരിത്രഗാഥയുടെ പ്രദര്‍ശനമാകും ‘സ്വ’യിലേത്.
സമുദ്രോത്പന്നങ്ങളുടെ, പ്രത്യേകിച്ച് മത്സ്യസമ്പത്തിന്റെ സംസ്‌കരണ സംവിധാനത്തില്‍ വളര്‍ന്നിട്ടുള്ള വലിയ സാങ്കേതിക ശാസ്ത്രീയ മികവുകള്‍ രാജ്യത്തെ ‘ബ്ലൂ റവല്യൂഷ’ന്റെ ഉജ്ജ്വല ഉദാഹരണമാണ്. സമുദ്ര ഗവേഷണത്തിലും സമുദ്രോത്പന്ന സംസ്‌കരണ മേഖലയിലും രാജ്യം കൈവരിച്ച ഈ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് പോസ്റ്റ് ഹാര്‍വസ്റ്റ് ടെക്‌നോളജി ആന്‍ഡ് ട്രെയിനിങ് (നിഫ്പാറ്റ്) ആണ്.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ അടിത്തറയായ ചെറുകിട വ്യവസായ മേഖലയുടെ വികാസം പ്രദര്‍ശിപ്പിക്കുന്ന ചെറുപ്രദര്‍ശിനികളും ‘സ്വ’യിലുണ്ട്.
സന്ദര്‍ശകര്‍ക്ക് പ്രവേശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: