വിപുലീകരിച്ച ബ്രിക്സ് കുടുംബമെന്ന നിലയില്‍ നാമിന്ന് ആദ്യമായി കണ്ടുമുട്ടിയതില്‍ അതിയായ സന്തോഷമുണ്ട്. ബ്രിക്സ് കുടുംബത്തിന്റെ ഭാഗമായ എല്ലാ പുതിയ സുഹൃത്തുക്കളെയും ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ റഷ്യയുടെ വിജയകരമായ ബ്രിക്സ് അധ്യക്ഷപദത്തിന് പ്രസിഡന്റ് പുടിനെ അഭിനന്ദിക്കുക്കുകയും ചെയ്യുന്നു.
യുദ്ധങ്ങള്‍, സാമ്പത്തിക അനിശ്ചിതത്വം, കാലാവസ്ഥാവ്യതിയാനം, ഭീകരവാദം തുടങ്ങി ഒട്ടേറെ വെല്ലുവിളികള്‍ ലോകം അഭിമുഖീകരിക്കുന്ന സമയത്താണ് നമ്മുടെ കൂടിക്കാഴ്ച നടക്കുന്നത്. വടക്ക്-തെക്ക് വിഭജനത്തെയും കിഴക്ക്-പടിഞ്ഞാറ് വിഭജനത്തെയുംകുറിച്ച് ലോകം സംസാരിക്കുന്നു. പണപ്പെരുപ്പം തടയല്‍, ഭക്ഷ്യസുരക്ഷ ഉറപ്പാക്കല്‍, ഊര്‍ജസുരക്ഷ, ആരോഗ്യസുരക്ഷ, ജലസുരക്ഷ എന്നിവ ലോകത്തിലെ എല്ലാ രാജ്യങ്ങളും മുന്‍ഗണന നല്കുന്ന കാര്യങ്ങളാണ്. സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തില്‍, സൈബര്‍ ഡീപ്ഫേക്ക്, വ്യാജ വിവരങ്ങള്‍ എന്നിങ്ങനെ പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവന്നിട്ടുമുണ്ട്. ഈ സമയത്ത്, ബ്രിക്സില്‍ വലിയ പ്രതീക്ഷകളാണുള്ളത്. വൈവിധ്യമാര്‍ന്നതും ഏവരെയും ഉള്‍ക്കൊള്ളുന്നതുമായ വേദി എന്ന നിലയില്‍ എല്ലാ മേഖലകളിലും ബ്രിക്സിന് മികച്ച പങ്ക് വഹിക്കാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇക്കാര്യത്തില്‍, നമ്മുടെ സമീപനം ജനകേന്ദ്രീകൃതമായി തുടരണം. ഭിന്നിപ്പിക്കലിനുള്ള സംഘടനയല്ല ബ്രിക്സ്. മറിച്ച്, മാനവികതയുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒന്നാണ്. ഈ സന്ദേശം ലോകത്തിന് നല്‍കണം. നാം പിന്തുണയ്ക്കുന്നത് സംഭാഷണത്തെയും നയതന്ത്രത്തെയുമാണ്; യുദ്ധത്തെയല്ല. കോവിഡ് പോലൊരു വെല്ലുവിളിയെ ഒരുമിച്ച് മറികടക്കാന്‍ കഴിഞ്ഞതുപോലെ, ഭാവിതലമുറകള്‍ക്ക് സുരക്ഷിതവും കരുത്തുറ്റതും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാന്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്കു തീര്‍ച്ചയായും കഴിയും.
ഭീകരവാദത്തെയും അതിനുള്ള ധനസഹായത്തെയും പ്രതിരോധിക്കുന്നതിന്, എല്ലാവരുടെയും ഏകമനസ്സുള്ള, ഉറച്ച പിന്തുണ ആവശ്യമാണ്. ഗൗരവമേറിയ ഈ വിഷയത്തില്‍ ഇരട്ടത്താപ്പിന് സ്ഥാനമില്ല. നമ്മുടെ രാജ്യങ്ങളിലെ യുവാക്കള്‍ ഭീകരവാദത്തിന്റെ ഭാഗമാകുന്നതു തടയാന്‍ നാം സജീവ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര ഭീകരതയെക്കുറിച്ചുള്ള സമഗ്ര കണ്‍വെന്‍ഷന്റെ കാര്യത്തില്‍ യുഎന്നില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വിഷയത്തില്‍ നാം ഒരുമിച്ച് പ്രവര്‍ത്തിക്കണം. അതുപോലെ, സൈബര്‍ സുരക്ഷയ്ക്കും സുരക്ഷിതമായ നിര്‍മിതബുദ്ധിക്കുമായുള്ള ആഗോള ചട്ടങ്ങളില്‍ നാം പ്രവര്‍ത്തിക്കേണ്ടതുമുണ്ട്.
പങ്കാളി രാജ്യങ്ങളായി ബ്രിക്സിലേക്ക് പുതിയ രാജ്യങ്ങളെ സ്വാഗതം ചെയ്യാന്‍ ഭാരതം തയ്യാറാണ്. ഇക്കാര്യത്തില്‍ എല്ലാ തീരുമാനങ്ങളും സമവായത്തിലൂടെയാകണം. ബ്രിക്സ് സ്ഥാപക അംഗങ്ങളുടെ അഭിപ്രായങ്ങള്‍ മാനിക്കണം. ജൊഹാനസ്ബര്‍ഗ് ഉച്ചകോടിയില്‍ സ്വീകരിച്ച മാര്‍ഗനിര്‍ദേശക തത്വങ്ങള്‍, മാനദണ്ഡങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവ എല്ലാ അംഗങ്ങളും പങ്കാളി രാജ്യങ്ങളും പാലിക്കേണ്ടതുണ്ട്. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകുന്ന സംഘടനയാണ് ബ്രിക്സ്. ലോകത്തിന് നമ്മുടെ സ്വന്തം മാതൃക നല്‍കുന്നതിലൂടെ, ആഗോള സ്ഥാപനങ്ങളുടെ പരിഷ്കരണങ്ങള്‍ക്കായി നാം കൂട്ടായും ഐക്യത്തോടെയും ശബ്ദമുയര്‍ത്തണം.
യുഎന്‍ രക്ഷാസമിതി, ബഹുരാഷ്ട്ര വികസന ബാങ്കുകള്‍, ഡബ്ല്യുടിഒ തുടങ്ങിയ ആഗോള സ്ഥാപനങ്ങളിലെ പരിഷ്കാരങ്ങളില്‍ സമയബന്ധിതമായി നാം മുന്നോട്ടുപോകണം. ബ്രിക്സില്‍ നമ്മുടെ ശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമ്പോള്‍, ആഗോള സ്ഥാപനങ്ങളെ പരിഷ്കരിക്കാന്‍ ആഗ്രഹിക്കുന്ന ഒന്നായി കണക്കാക്കപ്പെടുന്നതിനുപകരം അവയെ മാറ്റിസ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒന്നെന്ന പ്രതിച്ഛായ ഈ സംഘടനയ്ക്ക് ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. ഗ്ളോബല്‍ സൗത്ത് രാജ്യങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും മനസ്സില്‍ സൂക്ഷിക്കണം. നമ്മുടെ ‘വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത്’ ഉച്ചകോടിയിലും ജി 20 അധ്യക്ഷതയിലും ഭാരതം ഈ രാജ്യങ്ങളുടെ ശബ്ദം ആഗോള വേദിയില്‍ ഉയര്‍ത്തി. ബ്രിക്സിന്റെ കീഴിലും ഈ ശ്രമങ്ങള്‍ക്കു കരുത്തേകുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ വര്‍ഷം ആഫ്രിക്കയിലെ രാജ്യങ്ങളെ ബ്രിക്സില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ വര്‍ഷവും നിരവധി ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളെ റഷ്യ ക്ഷണിച്ചിട്ടുണ്ട്.
വ്യത്യസ്ത വീക്ഷണങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും സംഗമം സൃഷ്ടിച്ച ബ്രിക്സ് കൂട്ടായ്മ, ലോകത്തിന് പ്രചോദനത്തിന്റെ ഉറവിടമാകുകയും ക്രിയാത്മക സഹകരണം വളര്‍ത്തുകയും ചെയ്യുന്നു. വൈവിധ്യം, പരസ്പരബഹുമാനം, സമവായത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകുന്ന പാരമ്പര്യം എന്നിവയാണ് നമ്മുടെ സഹകരണത്തിന്റെ അടിസ്ഥാനം. നമ്മുടെ ഈ ഗുണവും നമ്മുടെ ബ്രിക്സ് മനോഭാവവും മറ്റ് രാജ്യങ്ങളെയും ഈ വേദിയിലേക്ക് ആകര്‍ഷിക്കുന്നു. വരുംകാലങ്ങളില്‍ നാം ഒരുമിച്ച് ഈ അതുല്യമായ വേദി സംഭാഷണത്തിനും സഹകരണത്തിനും ഏകോപനത്തിനും മാതൃകയാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇക്കാര്യത്തില്‍, ബ്രിക്സിന്റെ സ്ഥാപക അംഗമെന്ന നിലയില്‍, ഭാരതം എല്ലായ്പ്പോഴും അതിന്റെ ഉത്തരവാദിത്തങ്ങള്‍ തുടര്‍ന്നും നിറവേറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: