പൂവാര്‍: വിദ്യാഭ്യാസ രംഗത്ത് ഫിന്‍ലാന്റ് മാതൃക നടപ്പിലാക്കാനുള്ള പഠനത്തിന് വിദേശപര്യടനം നടത്തിയ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അപ്പൂപ്പനോട് ഒരുകൂട്ടം കുഞ്ഞുങ്ങളുടെയും അധ്യാപകരുടെയും യാചന…ചെളി നിറയാത്ത ശുദ്ധമായ കുടിവെള്ളം മാത്രം. കോട്ടുകാല്‍ കഴിവൂര്‍ ഗവ. എല്‍പി സ്കൂളിലാണ് ശുദ്ധജലത്തിന് നെട്ടോട്ടമോടുന്നത്.
കോട്ടുകാല്‍ പഞ്ചായത്തിലെ ശ്രീനാരായണപുരം കഴിവൂര്‍ ഗവ. എല്‍പി സ്കൂള്‍ 140 വര്‍ഷം പിന്നിടുമ്പോഴും ശുദ്ധജലത്തിന് നെട്ടോട്ടമോടണം. പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും പുറമെ കുട്ടികള്‍ക്ക് കുടിക്കാനും പുറത്ത് നിന്നും വെള്ളം കൊണ്ടുവരണം. സ്കൂളില്‍ സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിലൂടെ വരുന്നതാവട്ടെ ചെളി നിറഞ്ഞ ഓരുവെള്ളവും. ഇതോടെ സ്കൂളിന് പുറത്ത് സ്വകാര്യ വ്യക്തി സ്ഥാപിച്ച കുഴല്‍ കിണറില്‍ നിന്നും ശുദ്ധജലം ശേഖരിച്ച് അധ്യാപകര്‍ തലച്ചുമടായി എത്തിക്കേണ്ട ഗതികേടിലാണ്. അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2022-23 ല്‍ ശുദ്ധജല പദ്ധതിക്ക് അഞ്ചുലക്ഷം രൂപ വകയിരുത്തി.
2023 ഏപ്രില്‍ മാസത്തില്‍ തന്നെ വര്‍ക്ക് ആരംഭിച്ചെങ്കിലും കുഴല്‍ കിണറിലും ടാങ്കു നിര്‍മ്മാണത്തിലും ഒതുങ്ങി. ഇരുമ്പ് പൈപ്പ് കൊണ്ട് തീര്‍ത്ത സ്റ്റാന്‍ഡും അതിന് മുകളിലായി 1000 ലിറ്റര്‍ കൊള്ളുന്ന വാട്ടര്‍ ടാങ്കും സ്ഥാപിച്ചു. 1,70724 രൂപ ഇതിന് ചിലവഴിച്ചതായി ഫലകവും സ്ഥാപിച്ചു. എന്നാല്‍ വെള്ളം ലഭിക്കണമെങ്കില്‍ പമ്പ് ചെയ്യാനുള്ള മോട്ടോര്‍ സ്ഥാപിക്കണം. മോട്ടോര്‍ പ്രവര്‍ത്തിക്കാന്‍ ഇലക്ട്രിക്ക് വര്‍ക്കുകള്‍ കൂടി പൂര്‍ത്തിയാക്കണം. പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് വര്‍ക്കിന് ക്വട്ടേഷന്‍ വിളിച്ചു. പക്ഷെ വര്‍ക്ക് ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. ഇതിന് നിശ്ചിയിച്ച തുകയിലുണ്ടായ കുറവാണ് പദ്ധതി പാതിവഴിയിലായതെന്ന് അധികൃതര്‍ പറയുന്നു.
ഇതോടെ വാട്ടര്‍ ടാങ്ക് നോക്കുകുത്തിയായി. അധ്യാപകരുടെയും കുട്ടികളുടെയും ശുദ്ധജലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: