കൊല്‍ക്കത്ത: ദന ചുഴലിക്കാറ്റ് ഇന്ന് ബംഗാള്‍ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ദിശയിലേക്ക് ദന നീങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുണ്ട്.
നാളെ രാത്രിക്കും മറ്റന്നാള്‍ രാവിലെയ്‌ക്കുമിടയില്‍ ദന വടക്കന്‍ ഒഡീഷ, ബംഗാള്‍ തീരം തൊടുമെന്നാണ് വിലയിരുത്തല്‍. 100-110 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റും അനുഭവപ്പെടും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് സൗത്ത് 24 പര്‍ഗനാസ്, നോര്‍ത്ത് 24 പര്‍ഗനാസ്, പര്‍ബ മേദിനിപൂര്‍, പാസ്ചിം മേദിനിപൂര്‍, ഝാര്‍ഗ്രാം, ബങ്കൂറ, ഹൂഗ്ലി, ഹൗറ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുണ്ട്. ഇവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ബംഗാളില്‍ കനത്ത മഴ തുടരുകയാണ്. 85 കേന്ദ്രങ്ങളിലായി അടിയന്തര സര്‍വീസുകള്‍ക്ക് സൗകര്യം ഒരുക്കി. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്.
അതേസമയം ദനയുടെ പശ്ചാത്തലത്തില്‍ 150ഓളം ട്രെയിനുകള്‍ റദ്ദാക്കി. 26 വരെയുള്ള 150 സര്‍വീസുകളാണ് റദ്ദാക്കിയതെന്ന് റെയില്‍വേ അറിയിച്ചു. രണ്ട് ദിവസത്തേക്ക് എല്ലാ ചരിത്രസ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക