ഢാക്ക: ഷേഖ് ഹസീനയെ പിന്തുണച്ചതിന്റെ പേരില്‍ ബംഗ്ലാദേശില്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനെതിരെ കലാപം. രാത്രി ബംഗ ഭവന്‍ വളഞ്ഞ അക്രമിക്കൂട്ടം കല്ലെറിഞ്ഞു. അക്രമികളെ പിന്തിരിപ്പിക്കാന്‍ പോലീസിന് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിക്കേണ്ടിവന്നു.
ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന്റെ ഒരു രേഖയും തന്റെ പക്കലില്ലെന്ന പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ പ്രസ്താവനയാണ് അക്രമാസക്തമായ പ്രതിഷേധത്തിന് ഇടയാക്കിയത്. ഷഹാബുദീന്‍ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് രാത്രി രാഷ്‌ട്രപതി ഭവന്‍ ഉപരോധിച്ചത്.
ചൊവ്വാഴ്ച രാത്രിയോടെയാണ് മുദ്രാവാക്യങ്ങളുമായി ഒരു വിഭാഗം ആളുകള്‍ ബംഗ ഭവനിലേക്ക് നീങ്ങിയത്. ബാരിക്കേഡുകള്‍ നീക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ പോലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നു. പിന്നാലെ കണ്ണീര്‍വാതകവും പ്രയോഗിച്ചു. അഞ്ച് പേര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. ഇവരെ ഢാക്ക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ഡിഎംസിഎച്ച് പോലീസ് പോസ്റ്റ് ഇന്‍ചാര്‍ജ് മുഹമ്മദ് ഫാറൂഖ് പറഞ്ഞു. ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് ഇവര്‍ക്കെല്ലാം പരിക്കേറ്റത്.
തുടര്‍ന്ന് പ്രതിഷേധക്കാര്‍ ബംഗഭവന് സമീപം ഗുലിസ്ഥാന്‍ റോഡ് ഉപരോധിച്ചു. വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കല്ലെറിഞ്ഞു.
പ്രസിഡന്റിന്റെ രാജി ഉൾപ്പെടെ അഞ്ചിന ആവശ്യങ്ങളാണ് പ്രക്ഷോഭകർ മുന്നോട്ടാവയ്‌ക്കുന്നത്. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ, ഷെയ്ഖ് ഹസീനയുടെ സ്വേച്ഛാധിപത്യ സർക്കാരിന്റെ കൂട്ടുകാരനാണെന്നും ആ നയങ്ങൾ പിന്തുടരുന്ന ആളാണെന്നും അവർ ആരോപിക്കുന്നു. ബംഗ്ലാദേശിന്റെ പതിനാറാമത് പ്രസിഡന്റാണ് മുഹമ്മദ് ഷഹാബുദ്ദീൻ. രാജ്യത്തെ അറിയപ്പെടുന്ന നിയമജ്ഞനും ഉദ്യോഗസ്ഥനുമായിരുന്ന അദ്ദേഹത്തെ 2023ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അവാമി ലീഗിന്റെ പ്രതിനിധിയായാണ് നാമനിർദ്ദേശം ചെയ്തത്. എതിരില്ലാതെയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.
പ്രസിഡന്റിന്റെ രാജിയാണ് പ്രക്ഷോഭകരുടെ അഞ്ചിന ആവശ്യങ്ങളിൽ ഏറ്റവും പ്രധാനം.1972 ൽ എഴുതിയുണ്ടാക്കിയ നിലവിലെ ഭരണഘടന റദ്ദാക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം. 2024ന്റെ പശ്ചാത്തലത്തിൽ പുതിയ ഭരണഘടന എഴുതിയുണ്ടാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.അവാമി ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ ബംഗ്ലാദേശ് ഛത്ര ലീഗിനെ നിരാേധിക്കണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. ഷെയ്ഖ് ഹസീനയുടെ കീഴിൽ 2018ലും 2024ലും നടന്ന തിരഞ്ഞെടുപ്പുകൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഈ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച എംപിമാരെ അയോഗ്യരാക്കണമെന്നതും പ്രക്ഷോഭകരുടെ മറ്റൊരു പ്രധാന ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: