ന്യൂദല്‍ഹി :ഇന്ത്യയും ചൈനയും അതിർത്തി പ്രദേശങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അതിനായുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യയുടെ വിദേശകാര്യസെക്രട്ടറി പ്രസ്താവിച്ചത് മുതല്‍ അങ്കലാപ്പുണ്ടാകുന്നത് കോണ്‍ഗ്രസിനാണ്. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഇതിനെതിരെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രസ്താവനയുമായി ചാടിവീഴുകയാണ്. ഇന്ത്യയെയും ചൈനയെയും തമ്മിലടിപ്പിച്ച് രാഷ്‌ട്രീയനേട്ടങ്ങള്‍ കൊയ്തിരുന്ന കോണ്‍ഗ്രസിന് വലിയൊരു അവസരമാണ് ഇന്ത്യയും ചൈനയും അതിര്‍ത്തിത്തര്‍ക്കങ്ങളില്ലാതെ നിലകൊണ്ടാല്‍ നഷ്ടമാകുക.
ചൈനയുമായി എന്തുകൊണ്ട് സമാധാനത്തിലായി എന്ന കാര്യത്തില്‍ ജനങ്ങളെ മോദി സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്നാണ് ജയറാം രമേശിന്റെ പ്രസ്താവന. കിഴക്കൻ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (ലൈൻ ഓഫ് ആക്ട്ച്വൽ കൺട്രോള്‍ അഥവാ എൽഎഎസി) പട്രോളിംഗ് പുനരാരംഭിക്കുന്നതിനുള്ള കരാറിൽ ഇന്ത്യയും ചൈനയും ധാരണയിലെത്തിയതായാണ് കഴിഞ്ഞ ദിവസം വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചത്. കിഴക്കൻ ലഡാക്ക് മേഖലയെ സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിലാണ് ധാരണയിലെത്തിയതെന്നും വിക്രം മിശ്രി പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു.
“ഡെംചോകില്‍ ഇന്ത്യയ്‌ക്ക് പട്രോളിംഗ് നടത്താനാകുമോ എന്ന കാര്യം വിശദമാക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡെംചോകില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് പട്രോളിംഗ് നടത്താന്‍ കഴിയാറില്ല. പാംഗോങ് സോയിലെ ഫിംഗര്‍ 3 പ്രദേശത്ത് ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് പട്രോളിംഗ് നടത്താന്‍ കഴിയുമോ?.പണ്ട് ഫിംഗര്‍ 8 വരെ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് പോകാന്‍ കഴിയുമായിരുന്നു.ചുഷൂലിലെ ഹെല്‍മെറ്റ് ടോപ്, റെസാങ്ങ് ലാ, റിഞ്ചെന്‍ ലാ, ടേബിള്‍ ടോപ്, ഗുരുങ് ഹില്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് പോകാന്‍ സാധിക്കുമോ?”. – ജയറാം രമേശ് ചോദിക്കുന്നു. ഇന്ത്യാ-ചൈന അതിര്‍ത്തിയിലെ ചില വിശദാംശങ്ങള്‍ നല്‍കി അനാവശ്യ ഭീതി പരത്തുകയാണ് ജയറാം രമേശ്.
എന്തായാലും ചൈനയും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവു വരുന്നതില്‍ കോണ്‍ഗ്രസിന് ഭീതിയുണ്ടെന്നതിന്റെ തെളിവാണ് തിടുക്കപ്പെട്ടുള്ള കോണ്‍ഗ്രസ് നേതാവിന്റെ ഈ വാര്‍ത്താസമ്മേളനം. ഇന്ത്യയും ചൈനയും തമ്മില്‍ സാധാരണക്കാര്‍ക്ക് അറിയാത്ത കുറെ കാര്യങ്ങള്‍ നിരത്തി തെറ്റിദ്ധാരണയും പുകമറയും സൃഷ്ടിക്കുന്ന രീതി കോണ്‍ഗ്രസ് നേതാക്കളുടെ പതിവാണ്. 2020ല്‍ ഇന്ത്യയുടെയും ചൈനയുടെയും പട്ടാളക്കാര്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കത്തില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ പട്ടാളക്കാര്‍ മാത്രമേ കൊല്ലപ്പെട്ടുള്ളൂ എന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചതാണ് കോണ്‍ഗ്രസ് നേതാക്കള്‍. പിന്നീട് സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള വിദേശചാനലുകള്‍ ഇന്ത്യന്‍ പട്ടാളക്കാരേക്കാള്‍ കൂടുതല്‍ ചൈനീസ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വീഡിയോയും ഫോട്ടോകളും സഹിതം പുറത്തുവിട്ടതോടെ ഇതേ കോണ്‍ഗ്രസുകാര്‍ക്ക് കണ്ടം വഴി ഓടേണ്ടതായും വന്നിരുന്നു.
നാല് വര്‍ഷത്തെ ചൈനയുമായുള്ള സംഘര്‍ഷത്തിന് വിരാമമിട്ടുകൊണ്ടാണ് കഴിഞ്ഞ ദിവസം യഥാര്‍ത്ഥ നിയന്ത്രണ രേഖയ്‌ക്ക് ഇരുവശവും പട്രോളിംഗ് നടത്താമെന്ന് ഇന്ത്യയും ചൈനയും തീരുമാനിച്ചത്. ഇന്ത്യയുടെ വലിയൊരു നയതന്ത്ര വിജയമായിരുന്നു ഇത്. ഇതിന്റെ ശോഭ കെടുത്താനാണ് ജയറാം രമേശും കൂട്ടരും വാര്‍ത്താസമ്മേളനവുമായി ഇറങ്ങിയിരിക്കുന്നത്.
കോണ്‍ഗ്രസുകാര്‍ ചൈനീസ് ചാരന്മാര്‍
ചൈനയുടെ ചാരന്മാരാണ് കോണ്‍ഗ്രസ് എന്ന ആരോപണം പണ്ട് മുതലേ നിലനില്‍ക്കുന്ന ഒന്നാണ്. ഒരു പക്ഷെ നെഹ്രുവിന്റെ കാലം മുതലേ. ഇന്ത്യയ്‌ക്ക് ഐക്യരാഷ്‌ട്രസഭയില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിന് തടയിട്ടത് നെഹ്രുതന്നെയാണ് എന്നത് ഒരു ചരിത്രവസ്തുതയാണ്. ഇന്ത്യയ്‌ക്ക് പകരം ആ സ്ഥിരാംഗത്വം നെഹ്രു ചൈനയ്‌ക്ക് വിട്ടുകൊടുക്കുകയായിരുന്നു. ചൈനയുടെ എംബസിയില്‍ നിന്നും രാജീവ് ഗാന്ധി ഫൗണ്ടേഷന് വേണ്ടി പണം സ്വീകരിക്കുന്നതിനായി രാഹുല്‍ ഗാന്ധി കരാറില്‍ ഒപ്പുവെച്ചതും പരസ്യമായ രഹസ്യമാണ്. ചൈനയുടെ ഉല്‍പന്നങ്ങള്‍ക്കായി ഇന്ത്യയുടെ വിപണി തുറന്നുകൊടുക്കാന്‍ സോണിയാഗാന്ധി തീരുമാനിച്ചത് ഈ ആവശ്യം ഉയര്‍ത്തി രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് ശേഷമാണ്. അതായത് ഇന്ത്യയില്‍ ചൈനയുടെ അധിനിവേശത്തിന് ചുക്കാന്‍ പിടിച്ചത് കോണ്‍ഗ്രസ് ആണെന്നര്‍ത്ഥം. നെഹ്രു പ്രധാനമന്ത്രിയായിരിക്കവേ, 1962ല്‍ നടന്ന ഇന്ത്യാ-ചൈനായുദ്ധത്തിന് ശേഷം ഇന്ത്യയുടെ 38000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലമാണ് ചൈന കയ്യടക്കിയത്. ലഡാക്കിലെ ഈ 38000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം കഴിഞ്ഞ ആറ് ദശകമായി ചൈന അനധികൃതമായി കൈവശംവെച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ചൈനീസ് ചാരന്മാരായി അറിയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക