ന്യൂദല്‍ഹി: യുഎസില്‍ പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുനെ വധിക്കാന്‍ ശ്രമിച്ചു എന്ന് യുഎസ് ആരോപിക്കുന്ന ഇന്ത്യക്കാരനാണ് വികാസ് യാദവ്. ഇയാളെ യുഎസിന് കൈമാറണം എന്ന് യുഎസിനേക്കാള്‍ കൂടുതല്‍ ഉച്ചത്തില്‍ ആവശ്യപ്പെടുന്നത് സിഖ് സ് ഫോര്‍ ജസ്റ്റിസ് എന്ന ഖലിസ്ഥാന്‍ സംഘടനയുടെ നേതാവ് കൂടിയായ ഗുര്‍പത് വന്ത് സിങ്ങാണ്.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയെ ജയിപ്പിച്ചതിന് കോടികള്‍ ഖലിസ്ഥാന്‍ സംഘടനകള്‍ ഒഴുക്കിയെന്ന് പരസ്യമായി പ്രസ്താവിച്ചത് ഗുര്‍പത് വന്ത് സിങ്ങാണ്. മോദിയെയും അമിത് ഷായെയും പരസ്യമായി വീഡിയോകളിലൂടെ വഴക്ക് പറയാനും ഇയാള്‍ക്ക് മടിയില്ല. ഇപ്പോള്‍ ഇന്ത്യയിലെ യാത്രാവിമാനങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണിയും ഇയാള്‍ മുഴക്കുന്നുണ്ട്. ഈ ഗുര്‍പത് വന്ത് സിങ്ങാണ് വികാസ് യാദവിനെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കണമെന്ന് ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നത്.
യുഎസ് നിതിന്യായവകുപ്പാണ് ഗുര്‍പത് വന്ത് സിങ്ങ് പന്നുനെ വധിക്കാന്‍ വികാസ് യാദവ് ഗൂഢാലോചന നടത്തി എന്ന ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. യുഎസില്‍ ഖലിസ്ഥാന്‍ അനുകൂല റാലികള്‍ സംഘടിപ്പിക്കുക, യുഎസില്‍ ഖലിസ്ഥാന്‍ എന്ന പ്രത്യേക രാജ്യം ഇന്ത്യയില്‍ രൂപീകരിക്കണമോ വേണ്ടയോ എന്നറിയാല്‍ ജനഹിതപരിശോധന പരസ്യമായി നടത്തുക തുടങ്ങി എല്ലാ വിധ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്ന വ്യക്തിയാണ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍. അമേരിക്ക ജനാധിപത്യത്തെക്കുറിച്ചും അഖണ്ഡതയെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുമെങ്കിലും ഇന്ത്യയുടെ അഖണ്ഡതയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന, ഖലിസ്ഥാന്‍ തീവ്രവാദത്തിന് വളം വെച്ചുകൊടുക്കുന്ന ഗുര്‍പത് വന്ത് സിങ്ങ് പന്നനും അദ്ദേഹത്തിന്റെ സിഖ് സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയ്ക്കും പരസ്യമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. ഇത് അമേരിക്കയുടെ ഇരട്ടത്താപ്പാണ്. ലോകത്തിലെ ചെറിയ രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കാനുള്ള ശക്തികളെ എന്‍ജിഒ എന്ന സാമൂഹ്യസേവനത്തിന്റെ മറവില്‍ ഊട്ടിവളര്‍ത്തുന്നത് അമേരിക്കയുടെ രീതിയാണ്. അല്ലെങ്കില്‍ എന്തിനാണ് മറ്റ് രാജ്യങ്ങളിലെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനും സമത്വം കൊണ്ടുവരാനും ജനാധിപത്യം കൊണ്ടുവരാനും അമേരിക്ക ശതകോടികള്‍ പലവിധ എന്‍ജിഒകള്‍ക്ക് വേണ്ടി ഒഴുക്കുന്നത്. ലക്ഷ്യം ആ രാജ്യങ്ങളിലെ ഭരണത്തെ അട്ടിമറിക്കാനുള്ള പ്രതിലോമശക്തികളെ വളര്‍ത്തല്‍ തന്നെ. ഷേഖ് ഹസീനയെ അട്ടിമറിച്ച ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിന്റെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്ന മുഹമ്മദ് യൂനസിന് നോബല്‍ സമ്മാനം നല്‍കിയത് ഇതേ അമേരിക്കയാണ് എന്നത് മറക്കരുത്.
വികാസ് യാദവിനെതിരെ അമേരിക്ക ഉയര്‍ത്തിയ വലിയൊരു ആരോപണം യുഎസിലുള്ള ഗുര്‍പത് വന്ത് സിങ്ങ് പന്നുനെ വധിക്കാന്‍ ബാഹ്യ ശക്തികളുമായി ഗൂഢാലോചന നടത്തി എന്നതാണ്. ഈ ബാഹ്യ ശക്തികള്‍ ഇന്ത്യന്‍ രഹസ്യ ഏജന്‍സികളിലെ പ്രതിനിധികള്‍ ആകാമെന്നും അമേരിക്ക ആരോപിക്കുന്നു.
എന്തായാലും അമേരിക്ക കുറ്റം ആരോപിക്കുന്ന ഒരു ഇന്ത്യന്‍ പൗരനെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കുന്നതിന് ചില വ്യവസ്ഥകള്‍ ഉണ്ട്. കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച് ഇന്ത്യയും യുഎസും തമ്മില്‍ 1997ല്‍ ഒരു കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇന്ത്യയുടെ ആഭ്യന്തരനിമയങ്ങളും വിദേശ ഉടമ്പടികളും പരിഗണിച്ച ശേഷമേ ഇന്ത്യക്കാരനായ ഒരാളെ വിദേശരാജ്യത്തിന് വിചാരണയ്ക്കായി വിട്ടുകൊടുക്കേണ്ടതുള്ളൂ എന്ന് ഈ നിയമം അനുശാസിക്കുന്നു. പ്രതിയെന്ന് കുറ്റപ്പെടുത്തുന്ന ആള് രാഷ്ട്രീയ കുറ്റകൃത്യമാണ് നടത്തിയിട്ടുള്ളതെങ്കില്‍ ആ വ്യക്തിയെ വിദേശരാജ്യത്തിന് വിട്ടുകൊടുക്കേണ്ട കാര്യമില്ല. . രാഷ്ട്രീയ കുറ്റകൃത്യത്തിന്റെ പേരിലാണ് ഈ കുറ്റവാളി വിചാരണ ആവശ്യപ്പെടുന്നതെങ്കില്‍ ആ വ്യക്തിയെ വിട്ടുകൊടുക്കേണ്ട ആവശ്യമില്ല. വികാസ് യാദവിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് തുണയാവുക ഈ വ്യവസ്ഥയായിരിക്കും
ഇന്ത്യ വികാസ് യാദവിനെ വിട്ടുകൊടുക്കുകയാണെങ്കില്‍ ഇന്ത്യയ്ക്കെതിരെ വിദേശത്തിരുന്ന് യുദ്ധം ചെയ്യുന്ന കുറ്റവാളികളെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ആവശ്യവും ഉയരും. വര്‍ഷങ്ങളായി ഇന്ത്യയ്ക്ക് ഒരു മുള്ളായി നിലകൊള്ളുന്ന സംഘടനയാണ് സിഖ് സ് ഫോര്‍ ജസ്റ്റിസ്. പഞ്ചാബിനെ ഇന്ത്യയില്‍ നിന്നും സ്വതന്ത്രമാക്കി ഖലിസ്ഥാന്‍ രൂപീകരിക്കുന്നതിനുള്ള ജനഹിത പരിശോധന നടത്താന്‍ ലോകമെമ്പാടും ഈ സിഖ് സ് ഫോര്‍ ജസ്റ്റിസും അതിന്റെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നനും ആഹ്വാനം ചെയ്തു നടന്നിരുന്നു. എന്നിട്ടും അമേരിക്കയുടെ മണ്ണ് അവര്‍ക്ക് അഭയം നല്കുന്നു. ഗുര് പത് വന്ത് സിങ്ങ് പന്നുന്‍ യുഎസില്‍ വിലസുമ്പോള്‍ വികാസ് യാദവിനെ യുഎസിന് വിട്ടുകൊടുക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നയതന്ത്ര പരാജയമായി വിലയിരുത്തപ്പെടും.
തീവ്രവാദത്തെ ചെറുത്തുതോല്‍പിക്കുന്നതിന് ഇന്ത്യയും യുഎസും തമ്മില്‍ ഉടമ്പടിയുണ്ട്. എന്നാല്‍ യുഎസിന്റെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ സംഘടനകള്‍ ഭീകരവാദികളാണ്. അവര്‍ക്ക് യുഎസ് സ്വാതന്ത്ര്യം നല്കുന്നതെങ്ങിനെ? യുഎസിന്റെ മണ്ണില്‍ കുറ്റകൃത്യം ചെയ്യാന്‍ ശ്രമിച്ച ഒരു ഇന്ത്യക്കാരനെ വിട്ടുകൊടുത്തില്ലെങ്കില്‍ അത് വലിയ കുറ്റമായി ഇന്ത്യയുടെ മേല്‍ ചാര്‍ത്തപ്പെടും. ഈ സാഹചര്യത്തില്‍ ഗുര് പത് വന്ത് സിങ്ങ് പന്നുനെ വിട്ടുകിട്ടാന്‍ ഇന്ത്യയ്ക്കും ആവശ്യപ്പെടാനാകും. ഖലിസ്ഥാനും സിഖ് സ് ഫോര്‍ ജസ്റ്റിസും പോലുള്ള സംഘടനകള്‍ക്കും എതിരെ ശക്തമായ നടപടി കൈക്കൊള്ളാന്‍ ഈ സാഹചര്യത്തില്‍ യുഎസിനെ പ്രേരിപ്പിക്കാനും സാധിക്കും.
വികാസ് യാദവിനെ വിട്ടുകൊടുക്കണമെങ്കില്‍ ഇന്ത്യയ്ക്ക് നിരവധി നിയമതടസ്സങ്ങള്‍ മറികടക്കേണ്ടതുണ്ട്. ഒന്ന്, വികാസ് യാദവ് ഇത്തരം ഒരു ഗൂഢാലോചന നടത്തിയോ എന്നതിന് മതിയായ തെളിവുകള്‍ ഇന്ത്യയിലെ കോടതിയില്‍ ഹാജരാക്കണം. ഈ കേസ് രാഷ്ട്രീയ കുറ്റകൃത്യം എന്ന വിഷയത്തിനുള്ളില്‍ പെടുന്നതാണെങ്കില്‍ യുഎസിന് വികാസ് യാദവിനെ കൈമാറുന്നത് ഒഴിവാക്കാനാവും. വികാസ് യാദവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് രാഷ്ട്രീയ പ്രേരണയാലാണെന്ന് വാദിക്കാന്‍ കഴിഞ്ഞാലും വികാസ് യാദവിനെ യുഎസിന് വിട്ടുകൊടുക്കുന്നതില്‍ നിന്നും ഒഴിവാക്കാനാവും. എന്തായാലും വികാസ് യാദവിനെ യുഎസിന് വിട്ടുകൊടുക്കണോ വേണ്ടയോ എന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ വിശദമായി എല്ലാ വശങ്ങളും പരിശോധിച്ച ശേഷം എടുക്കേണ്ട തീരുമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: