കൊല്‍ക്കത്ത: ബംഗാളിലെ മെതിനിപൂര്, തല്ദാന് ഗ്രസീതായി, മധാരി ഘട്ട്, നയ് ഹാത്തി, ഹാരോ എന്നിവിടങ്ങളില്‍ നവംബര്‍ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്ക് അഗ്നിപരീക്ഷയാകും. ഇതുവരെയുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ തൃണമൂല്കോണ്ഗ്രസിനായിരുന്നു വിജയമെങ്കില്‍ ഈ ഉപതെരഞ്ഞെടുപ്പുകളില്‍ അങ്ങനെയാകണമെന്നില്ല. ആര്‍ജി കര് മെഡിക്കല്‍ കോളേജ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടര്‍മാരില്‍ ഉണ്ടായ സര്‍ക്കാര്‍ വിരുദ്ധ വികാരമാണ് മമതയെ പൊള്ളിക്കുന്നത്. യുവ വനിതാ ഡോക്ടറുടെ മാനഭംഗകൊലപാതകം അത്രമേല്‍ പശ്ചിമബംഗാളിനെ പിടിച്ചുലച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എന്ന നിലയ്ക്ക് മമത സ്വീകരിച്ച നടപടികളില്‍ വോട്ടര്‍മാര്‍ തൃപ്തരല്ല. സുരക്ഷിതത്വം ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ തുടരുന്ന സമരത്തിന്റെ അഗ്നി അണയ്ക്കാന്‍ മമതയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടില്‍ തന്നെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍.ഇതിന് പൊതുജനങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് സ്ത്രീകളില്‍ നിന്ന് ലഭിക്കുന്ന പിന്തുണ വലുതാണ്. ആര് ജി കര് വിഷയം പരിഹരിക്കാതെ വോട്ടെടുപ്പിലേക്ക് പോകുന്നത് ആത്മഹത്യാപരമാകും.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മതാരിഹട്ട് ബിജെപിയുടെ സിറ്റിംഗ് സീറ്റാണ്.ഇത് ഒഴിച്ചുള്ളവയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണ് കഴിഞ്ഞ തവണ ജയിച്ചത്. സംസ്ഥാനത്തെ ക്രമസമാധാന നിലയെ പോലും ബാധിച്ച ആര് ജി. കര് പ്രക്ഷോഭം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് മമതാ ബാനര്‍ജി.എന്നാല്‍ മമതയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ ആറു നിയോജകമണ്ഡലങ്ങളിലും വിധിയെഴുതുമെന്ന് ബിജെപി പ്രഖ്യാപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: