ആലപ്പുഴ: സിപിഎം പുന്നമട പാര്‍ട്ടി ഓഫീസില്‍ വച്ചു ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന സിപിഎം വനിതാ പ്രവര്‍ത്തകയുടെ പരാതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരുന്നു. സിപിഎം പുന്നമട ലോക്കല്‍ സെക്രട്ടറി എസ് എം ഇക്ബാലിനെതിരെയാണു നോര്‍ത്ത് പൊലീസ് കേസെടുത്തത്.
പാർട്ടി ഓഫീസിൽവെച്ച് ശരീരത്തിൽ കടന്നുപിടിച്ചു. ലോക്കൽ സെക്രട്ടറിയാക്കാമെന്ന് പറഞ്ഞായിരുന്നു ലൈംഗികാതിക്രമമെന്നും പാർട്ടിയിൽ പരാതി നൽകിയിട്ട് നീതി കിട്ടിയില്ലെന്നും മൊഴിയിൽ പറയുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പാട്യം ജംഗ്ഷനിലെ പാർട്ടി ഓഫീസിൽ വെച്ചായിരുന്നു പുന്നമട ലോക്കൽ സെക്രട്ടറി എസ് എം ഇക്ബാലിന്റെ ലൈംഗിക ആതിക്രമമെന്നാണ് പരാതിക്കാരിയുടെ മൊഴി.
പിന്നിൽ നിന്ന് അനുവാദമില്ലാതെ കടന്ന് പിടിച്ചു. കുതറിമാറാൻ ശ്രമിച്ചിട്ടും പിടിവിട്ടില്ല. ബലം പ്രയോഗിച്ചാണ് രക്ഷപ്പെട്ടത്. പാർട്ടിയിലെ പദവികള്‍ വാഗ്ദാനം ചെയ്തായിരുന്നു അതിക്രമമെന്നും പാർട്ടി പ്രവർത്തകകൂടിയായ പരാതിക്കാരി പറയുന്നു. ഇക്ബാലിനെതിര 2 തവണ പാർട്ടി സെക്രട്ടറിക്ക് അടക്കം പരാതി നൽകിയിരുന്നു. രണ്ട് തവണയും അന്വേഷണ കമ്മീഷനെ വച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
പാർട്ടിയിൽ നിന്ന് നീതി കിട്ടുമെന്ന് കരുതിയാണ് ആദ്യം പൊലീസിനെ സമീപിക്കാതിരുന്നതെന്നും മൊഴിയിലുണ്ട്. എന്നാൽ ഇക്ബാലിനെ വീണ്ടും ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇതിന് പിന്നാലെയാണ് ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയത്. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നും പാർട്ടി അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണെന്നും ഇക്ബാൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: