ന്യൂദല്‍ഹി: ഓര്‍ത്തഡോക്സ്-യാക്കോബായ സഭകള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇല്ലാത്ത അധികാരം ഉപയോഗിച്ച് പള്ളികളുടെ ഭരണം ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവിടുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.
ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്ക വിഷയത്തില്‍ ഉള്‍പ്പെട്ട എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികളുടെ ഭരണം ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കേരളാ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഓര്‍ത്തഡോക്സ് പക്ഷം നല്കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഈ ഉത്തരവ്. എന്നാല്‍, കോടതിയലക്ഷ്യ ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ ഇത്തരമൊരു ഉത്തരവ് നല്കാന് ഹൈക്കോടതികള്‍ക്ക് അധികാരമില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പള്ളികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ഓര്‍ത്തഡോക്സ് പക്ഷം ഉന്നയിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, പോലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ്, അഡീ. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സെന്‍ട്രല്‍ സോണ്‍ ഐജി നീരജ്കുമാര്‍ ഗുപ്ത, എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, എറണാകുളം റൂറല്‍ എസ്പി വിവേക്കുമാര്‍, പാലക്കാട് കളക്ടര്‍ എസ്. ചിത്ര, പാലക്കാട് എസ്പി ആര്. ആനന്ദ് തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. തര്‍ക്കത്തിലുള്ള പള്ളികള്‍ ഏറ്റെടുക്കാന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് ആവശ്യത്തിന് പോലീസ് സുരക്ഷ നല്‍കണമെന്ന ഉത്തരവ് പാലിച്ചിട്ടുണ്ടെന്നും അതിനാല്‍ കോടതിയലക്ഷ്യം ഉണ്ടായിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: