ന്യൂദല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സമ്മാനിച്ച ആഘാതത്തില്‍ നിന്ന് മുക്തരാവാതെ ഇന്‍ഡി സഖ്യം. മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പോലും പൂര്‍ത്തിയാക്കാനാവാത്ത ഗതികേടിലാണ് പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഗാഡി.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാനസികമായി തകര്‍ത്തെന്ന് നിരന്തരം ആരോപിക്കുന്ന രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനേറ്റ കനത്ത പ്രഹരമാണ് ഹരിയാന വിധി. ഇതോടെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം അടക്കം മഹാരാഷ്‌ട്രയില്‍ സീറ്റ് വിഭജന ചര്‍ച്ചയില്‍ കടുംപിടുത്തം ശക്തമാക്കി. ഓരോ സീറ്റിലെയും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ദല്‍ഹിക്ക് ഓടുന്ന മഹാരാഷ്‌ട്ര കോണ്‍ഗ്രസ് നേതൃത്വത്തെ ഉദ്ധവ് വിഭാഗം പരിഹസിക്കുക കൂടി ചെയ്തതോടെ സഖ്യത്തിലെ ഭിന്നതകള്‍ കൂടുതല്‍ പരസ്യമായി. ഹരിയാന ഫലത്തിന് പിന്നാലെ മഹാരാഷ്‌ട്രയിലെയും ഝാര്‍ഖണ്ഡിലെയും തെരഞ്ഞെടുപ്പ് ക്രമീകരണങ്ങളൊരുക്കുന്നതില്‍ മാനസിക സമ്മര്‍ദ്ദത്തിലാണ് കോണ്‍ഗ്രസ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്‌ട്രയിലെ 48സീറ്റില്‍ 30 ഇടത്തും കോണ്‍ഗ്രസ്, ശിവസേന ഉദ്ധവ്, എന്‍സിപി ശരദ് പവാര്‍ പാര്‍ട്ടികളാണ് വിജയിച്ചത്. ബിജെപി സഖ്യത്തിന്റെ ജയം 17 സീറ്റിലൊതുങ്ങി. എന്നാല്‍ ഹരിയാനയില്‍ ലോക്സഭയില്‍ വലിയ മുന്നേറ്റം കാട്ടിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നു.
സീറ്റ് വിഭജനം നീളുന്നതില്‍ മഹാവികാസ് അഗാഡിയിലെ പാര്‍ട്ടികളില്‍ ആശങ്ക ശക്തമാണ്. കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തോറത് ഇന്നലെ ശരദ് പവാറുമായും ഉദ്ധവ് താക്കറെയുമായും പ്രത്യേക കൂടിക്കാഴ്ചകള്‍ നടത്തി.
നിയമസഭയിലേക്കുള്ള 288 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയും ഉടന്‍ പ്രഖ്യാപിക്കുമെന്ന് പറയുന്നുണ്ടെങ്കിലും വിദര്‍ഭ മേഖലയില്‍ കോണ്‍ഗ്രസും ഉദ്ധവ് താക്കറെയും തമ്മിലുള്ള സീറ്റു തര്‍ക്കത്തില്‍ പരാഹാരമുണ്ടാക്കാനായിട്ടില്ല.
ബിജെപിയാവട്ടെ 99 പേരുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ട് പ്രചാരണത്തില്‍ മുന്നിലാണ്. ഇതില്‍ 71 സിറ്റിങ് എംഎല്‍എമാരും ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: