Categories: Business

അനില്‍ അംബാനി കുടുംബത്തിന്റെ മാനം കളഞ്ഞു; റിലയന്‍സ് എന്ന ബ്രാന്‍റ് നാമം ആദ്യമായി പുറത്തുള്ള ഹിന്ദുജ സഹോദരങ്ങള്‍ ഉപയോഗിക്കും

Published by

മുംബൈ: റിലയന്‍സ് എന്ന ബ്രാന്‍റ് നാമം ചരിത്രത്തില്‍ ആദ്യമായി റിലയന്‍സ് കുടുംബത്തിന് പുറത്തുള്ളൊരാള്‍ ഉപയോഗിക്കും ഭാഗ്യം ലഭിച്ചത് ഹിന്ദുജയ്‌ക്ക്. ഹിന്ദുജ സഹോദരന്മാര്‍ എന്ന് അറിയപ്പെടുന്ന മൂന്ന് സഹോദരങ്ങളാണ് ഈ ഗ്രൂപ്പിന് ഉടമകള്‍. 1914ല്‍ സിന്ധി കുടുംബാംഗമായ പ്രേമാനന്ദ് ദീപ് ചന്ദ് ഹിന്ദുജയാണ് ഹിന്ദുജ ഗ്രൂപ്പ് സ്ഥാപിച്ചത്. ഇദ്ദേഹത്തിന്റെ മക്കളായ ശ്രീചന്ദ്ര ഹിന്ദുജ, ഗോപീചന്ദ് ഹിന്ദുജ, പ്രകാശ് ഹിന്ദുജ എന്നിവരുടെ ഉടമസ്ഥതിയിലുള്ള ഈ കമ്പനിയ്‌ക്ക് ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ബിസിനസുണ്ട്. ഓട്ടോമോട്ടീവ്, ഓയില്‍, സ്പോഷ്യാലിറ്റഇ കെമിക്കല്‍, ഫിനാന്‍സ്, ബാങ്കിംഗ് , ഐടി തുടങ്ങി 11 മേഖലകളില്‍ ബിസിനസുണ്ട്.

ഒടുവില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപിറ്റല്‍ എന്ന പാപ്പരായ കമ്പനിയെ ഹിന്ദുജ ഗ്രൂപ്പ് ഏറ്റെടുക്കുന്നു. ഹിന്ദുജ ഗ്രൂപ്പിന്റെ ഇന്‍ഡസ്ഇന്‍ഡ് ഇന്‍റര്‍നാഷണല്‍ ഹോള്‍ഡിംഗ്സ് (ഐഐഎച്ച്എല്‍) ആണ് റിലയന്‍സ് ക്യാപിറ്റലിനെ ഏറ്റെടുക്കുന്നത്. വന്‍ കടബാധ്യത കാരണം പ്രതിസന്ധിയിലായ അനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപിറ്റലിനെ ഇന്‍ഡ്സ് ഇന്‍ഡ് ഇന്‍റര്‍നാഷണല്‍ ഹോള്‍ഡിംഗ്സ് 9,650 കോടി രൂപ മുടക്കിയാണ് ഏറ്റെടുക്കുന്നത്.

മൂന്ന് വര്‍ഷത്തേക്ക് റിലയന്‍സ് എന്ന പേര് ഹിന്ദുജ ഗ്രൂപ്പ് ഉപയോഗിക്കും. റിലയന്‍സിന് പുറത്തുള്ള ഒരു ഗ്രൂപ്പ് റിലയന്‍സ് എന്ന പേര് ഉപയോഗിക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും . പാപ്പരായ റിലയന്‍സ് ക്യാപിറ്റല്‍ ഏറ്റെടുക്കുന്ന ഹിന്ദുജ ഗ്രൂപ്പ് ‘റിലയന്‍സ്’ ബ്രാന്‍ഡ് ഉപയോഗിക്കുന്നതില്‍ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ട അനില്‍ ധീരുഭായ് അംബാനി വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ അപേക്ഷ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ തള്ളിയതോടെയാണ് ഇത്. ‘റിലയന്‍സ്’ ബ്രാന്‍ഡ് മൂന്ന് വര്‍ഷത്തേക്ക് ഉപയോഗിക്കാന്‍ ഹിന്ദുജ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ ഇന്‍ഡസ്ഇന്‍ഡ് ഇന്‍റര്‍നാഷണല്‍ ഹോള്‍ഡിംഗ്സിനെ (ഐഐഎച്ച്എല്‍) കമ്പനി ലോ ട്രൈബ്യൂണല്‍ അനുവദിച്ചു.

നേരത്തെ മൂന്ന് വര്‍ഷത്തേക്ക് ‘റിലയന്‍സ്’ ബ്രാന്‍ഡ് ഉപയോഗിക്കാന്‍ ഹിന്ദുജ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ ഇന്‍ഡസ്ഇന്‍ഡ് ഇന്‍റര്‍നാഷണല്‍ ഹോള്‍ഡിംഗ്സിനെ കമ്പനി ലോ ട്രൈബ്യൂണല്‍ അനുവദിച്ചതിനെതിരെ അനില്‍ ധീരുഭായ് അംബാനി വെഞ്ച്വേഴ്സ പരാതി നല്‍കുകയായിരുന്നു.എന്നാല്‍ ഈ അപേക്ഷ തള്ളി. ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ റിലയന്‍സ് ക്യാപിറ്റലിനെ ‘ഇന്‍ഡസ്ഇന്‍ഡ്’ എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്യാന്‍ പദ്ധതിയിടുന്നതായി ഹിന്ദുജ ഗ്രൂപ്പ് വ്യക്തമാക്കി. എന്‍സിഎല്‍ടിയുടെ റെസല്യൂഷന്‍ പ്ലാന്‍ അനുസരിച്ച് ‘റിലയന്‍സ്’ പേര് ഉപയോഗിക്കാന്‍ അനുവദിച്ചിരിക്കുന്ന മൂന്ന് വര്‍ഷത്തെ കാലയളവിന് ശേഷം ഈ റീബ്രാന്‍ഡിംഗ് നടക്കും.

അനില്‍ ധീരുഭായ് അംബാനി വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡും റിലയന്‍സ് ക്യാപിറ്റലും തമ്മിലുള്ള 2014 ഏപ്രിലിലെ ബ്രാന്‍ഡ് ലൈസന്‍സിംഗ് കരാറാണ് തര്‍ക്കത്തിന് തുടക്കം കുറിച്ചത്. കരാറിന് കീഴില്‍, 10 വര്‍ഷത്തേക്ക് ബ്രാന്‍ഡ് ഉപയോഗിക്കുന്നതിന് റിലയന്‍സ് ക്യാപിറ്റലിന് ലൈസന്‍സ് നല്‍കിയിരുന്നു. അത് കാലഹരണപ്പെട്ടെങ്കിലും ഫെബ്രുവരി 27-ലെ ഉത്തരവില്‍, മൂന്ന് വര്‍ഷത്തേക്ക് ബ്രാന്‍ഡ് ഉപയോഗിക്കാന്‍ ഇന്‍ഡസ്ഇന്‍ഡ് ഇന്‍റര്‍നാഷണല്‍ ഹോള്‍ഡിംഗ്സിനെ അനുവദിക്കുകയായിരുന്നു. റിലയന്‍സ് ക്യാപിറ്റലിന്റെ ബ്രാന്‍ഡും ലോഗോയും മൂന്ന് വര്‍ഷത്തേക്ക് ഉപയോഗിക്കുന്നതിന് ഇത് വഴി ഇന്‍ഡസ് ഇന്‍ഡിന് സാധിക്കും.

കമ്പനിയെ ഏറ്റെടുക്കുന്നതിന് 2022 ഫെബ്രുവരിയില്‍ താല്‍പര്യ പത്രം ക്ഷണിക്കുകയും അഡ്മിനിസ്ട്രേറ്ററെ നിയമിക്കുകയും ചെയ്തു. റിലയന്‍സ് ക്യാപിറ്റലിന് 40,000 കോടി രൂപയിലധികം വരുന്ന കടബാധ്യതയാണ് ഉള്ളത്. 2019 ഒക്ടോബര്‍ മുതല്‍ റിലയന്‍സ് ക്യാപിറ്റല്‍ കടങ്ങളുടെ തിരിച്ചടവില്‍ വീഴ്ച വരുത്താന്‍ തുടങ്ങിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by