ഉത്തര്‍പ്രദേശിലെ ഫറാ പര്‍ഖം ഗോ ഗ്രാമത്തിലെ ദീന്‍ദയാല്‍ ഗോ വിജ്ഞാന കേന്ദ്രത്തില്‍ സംഘടിപ്പിച്ച ആര്‍എസ്എസ് മഥുര വിഭാഗ് സാംഘിക്കില്‍ അഖിലഭാരതീയ സഹ ബൗദ്ധിക് പ്രമുഖ് ദീപക് വിസ്പുതെ സംസാരിക്കുന്നു
മഥുര (ഉത്തര്‍പ്രദേശ്): സ്വരാജ്യം, സ്വദേശി, സ്വധര്‍മം എന്നീ ആശയങ്ങള്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹ ബൗദ്ധിക് പ്രമുഖ് ദീപക് വിസ്പുതെ. സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ ഇതേ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ സമാജം ഉയരണം.
ഫറാ പര്‍ഖം ഗോ ഗ്രാമത്തിലെ ദീന്‍ദയാല്‍ ഗോ വിജ്ഞാന കേന്ദ്രത്തില്‍ സംഘടിപ്പിച്ച ആര്‍എസ്എസ് മഥുര വിഭാഗ് സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യപരിവര്‍ത്തനം ലക്ഷ്യമിട്ടാണ് സംഘം ശതാബ്ദി പ്രവര്‍ത്തനമെന്ന പഞ്ചപരിവര്‍ത്തനം മുന്നോട്ടുവയ്‌ക്കുന്നത്. നമ്മള്‍ ഓരോരുത്തരും ജീവിതത്തില്‍ നടപ്പാക്കേണ്ട ആശയങ്ങളാണ് അവ. സ്വദേശി ശീലമാകണം. സ്വയംസേവകന്റെ വ്യക്തിജീവിതത്തില്‍ സ്വദേശി നടപ്പാക്കേണ്ടത് അനിവാര്യമാണ്, കാരണം സമൂഹം നമ്മളെ കണ്ടാണ് പഠിക്കുന്നത്. പൗരധര്‍മം നിഷ്ഠയോടെ നിര്‍വഹിക്കണം.
സാമാജിക സമരസതയിലൂടെ വിവേചനമില്ലാത്ത സാമൂഹ്യ അവസ്ഥ സംജാതമാകണം. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചുകൂടുന്നതും പരസ്പരം സന്തോഷവും സങ്കടവും പങ്കിടുന്ന സാഹചര്യം സ്വാഭാവികമായി ഉരുത്തിരിയണം. കാലാവസ്ഥാ വ്യതിയാനമടക്കം പരിസ്ഥിതി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വീട്ടുപരിസരങ്ങളില്‍ നിന്ന് പരിഹാരം കാണണം. സംസ്‌കാരത്തിന്റെ പാഠങ്ങള്‍ കുടുംബങ്ങളില്‍ നിന്ന് പകരണം.
ഇത്തരത്തില്‍ പഞ്ചപരിവര്‍ത്തനത്തിലൂടെ രാഷ്‌ട്രത്തെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ ഓരോ വ്യക്തിയും അവനവന്റെ പങ്ക് തിരിച്ചറിയണം, ദീപക് വിസ്പുതെ പറഞ്ഞു. വിഭാഗ് സംഘചാലക് ഡോ. വീരേന്ദ്ര മിശ്ര അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക