നാഗദൈവങ്ങൾക്കു പ്രാധാന്യമുള്ള ദിനമാണ് ഓരോ മാസത്തിലെയും ആയില്യം നാൾ. തുലാമാസത്തിലെ ആയില്യം ‘മണ്ണാറശാല ആയില്യം’ എന്നാണ് അറിയപ്പെടുന്നത്. നവംബർ 16 ബുധനാഴ്ചയാണ് ഇക്കൊല്ലത്തെ മണ്ണാറശാല ആയില്യം. പരിസ്ഥിതിയുടെയും വിശ്വാസത്തിന്റെയും സംരക്ഷിതകേന്ദ്രങ്ങളാണു കാവുകൾ. പതിനാലു ഏക്കറോളം വരുന്ന കാവിനുള്ളിലാണു മണ്ണാറശാല നാഗരാജ ക്ഷേത്രവും ഇല്ലവും സ്ഥിതിചെയ്യുന്നത്.
വാസുകീ ചൈതന്യത്തെ സങ്കൽപ്പിച്ചു ശൈവപൂജാ രീതിയാണ് മണ്ണാറശാലയിൽ . നാഗരാജാവിന്റെ ശ്രീകോവിലിനു വടക്കു വശത്തു മറ്റൊരു ശ്രീകോവിലിലായാണു സർപ്പയക്ഷിയമ്മയുടെ പ്രതിഷ്ഠ. സ്‌ത്രീയാണ് ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി . ‘മണ്ണാറശാല അമ്മ’ എന്നറിയപ്പെടുന്ന പൂജാരിണി ഭക്‌തർക്കു നാഗദൈവങ്ങളുടെ പ്രതിരൂപമാണ്. പുലർച്ചെ ഇല്ലത്തെ നിലവറയിലും തെക്കേ തളത്തിലും വിളക്ക് തെളിക്കുന്നത് അമ്മയാണ്. കന്നി, തുലാം, കുംഭ മാസങ്ങളിലെ ആയില്യവും ശിവരാത്രിയുമാണ് ഇവിടുത്തെ പ്രധാന ആഘോഷദിനങ്ങൾ.
മണ്ണാറശാല ആയില്യത്തിനു നടത്തുന്ന എഴുന്നള്ളത്തു പ്രധാനപ്പെട്ട ചടങ്ങാണ്. ഉച്ചപൂജയ്‌ക്ക് ശേഷമാണ് പ്രസിദ്ധമായ ആയില്യം എഴുന്നളളത്ത്. നാഗരാജാവിന്റെയും മറ്റു നാഗദൈവങ്ങളുടെയും വിഗ്രഹങ്ങൾ ഇല്ലത്തെ തെക്കേ തളത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. ആയില്യദിനത്തിൽ നാഗദേവതകളെ പ്രാർഥിച്ചാൽ കുടുംബ ഐശ്വര്യവും ഐക്യവും വർധിക്കും എന്നാണ് വിശ്വാസം.
സർപ്പദോഷം തീരുവാനും സർപ്പങ്ങളുടെ അനുഗ്രഹം ലഭിക്കാനും തുലാമാസത്തിലെ ആയില്യം നക്ഷത്ര ദിവസം വഴിപാടുകൾ സമർപ്പിക്കുന്നത് ഉത്തമമാണ്. മണ്ണാറശ്ശാലയിൽ തൊഴാൻ സാധിച്ചാൽ നന്ന് . അതിനു സാധിക്കാത്തവർ വീടിന് അടുത്ത് സർപ്പപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ വഴിപാടുകൾ സമർപ്പിച്ചു പ്രാർഥിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: