കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേള എറണാകുളം ജില്ലയിലെ 17 വേദികളിലായി നവംബര്‍ 4 മുതല്‍ 11 വരെ ഒളിംപിക്‌സ് മാതൃകയില്‍ വിപുലമായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
24,000 കായിക പ്രതിഭകള്‍ 39 കായിക ഇനങ്ങളില്‍ മത്സരിക്കും. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ഈ മേള ലോകത്തിലെ ഏറ്റവും വലിയ കായികമേളയാകും. മേളയില്‍ സമൂഹത്തില്‍ സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെകൂടി പങ്കെടുപ്പിച്ച് നടത്തുന്ന ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് രാജ്യത്തിന് മാതൃകയാകുമെന്ന് വിദ്യാഭാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. മത്സരങ്ങള്‍ രാത്രി 10 വരെ നീളും.
വിജയികള്‍ക്ക് പ്രൈസ് മണി, മെഡല്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കുന്നതിനോടൊപ്പം ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്‌ക്ക് മുഖ്യമന്ത്രിയുടെ പേരില്‍ എവര്‍ റോളിംഗ് ട്രോഫി നല്‍കുമെന്നും മന്ത്രി പറഞ്ഞു. കായികമേളയുടെ പ്രചരണാര്‍ത്ഥം കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ദീപശിഖയും ഭാഗ്യചിഹ്നം തക്കുടും തിരുവനന്തപുരത്ത് നിന്ന് എവെര്‍ റോളിങ് ട്രോഫിയും വഹിച്ചുകൊണ്ട് പ്രചരണജാഥകളായി പുറപ്പെടും. വിവിധ ജില്ലകളില്‍ പര്യടനമായി നവംബര്‍ 3ന് എറണാകുളം ജില്ലയില്‍ എത്തിച്ചേരും. ജില്ലയിലെത്തുന്ന ജാഥകളെ വിപുലമായ സ്വീകരണത്തോടെ ഉദ്ഘാടന വേദിയായ കലൂര്‍ സ്റ്റേഡിയത്തിലേക്ക് ആനയിക്കും.
നവംബര്‍ 4ന് വൈകിട്ട് 4ന് കലൂര്‍ സ്റ്റേഡിയത്തില്‍ വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങ് വിദ്യാഭ്യാസ മന്ത്രി നിര്‍വഹിക്കും. മേളയോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടിയില്‍ ചലച്ചിത്ര താരം മമ്മൂട്ടി മുഖ്യാതിഥിയായിരിക്കും. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷനാകും. മേളയുടെ സമാപന ചടങ്ങുകളും സമ്മാനദാനവും 11ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025 ജനുവരി 4 മുതല്‍ 8 വരെയുള്ള തിരുവനന്തപുരത്ത് വിവിധ വേദികളിലായി സംഘടിപ്പിക്കും. ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 15 മുതല്‍ 18 വരെ ആലപ്പുഴയില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: