സന്നിധാനം: ശബരിമലയിൽ മണിക്കൂറുകളോളം വൈദ്യുതി നിലച്ചത് ഭക്തരെ ബുദ്ധിമുട്ടിലാക്കി. നീലിമല മുതൽ അപ്പാച്ചിമേട് വരെയാണ് വൈദ്യുതി നിലച്ചത്. കനത്ത മഴയിൽ മൊബൈൽ വെളിച്ചത്തിലാണ് തീർത്ഥാടകർ മല കയറിയത്. ശനിയാഴ്ച വൈകുന്നേരം ഏഴുമണി മുതൽ പുലർച്ചെ 12.30 വരെയാണ് വൈദ്യുതി മുടങ്ങിയത്.
പമ്പയിലെ ട്രാന്‍സ്‌ഫോര്‍മറിലുണ്ടായ തകരാറാണ് പവര്‍കട്ടിലേക്ക് നയിച്ചത്. ദേവസ്വം ബോര്‍ഡിന്റെ കേബിള്‍ സംവിധാനവും തകരാറിലായതിനാല്‍ പകരം സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായില്ല. അതാണ് രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ചത്. കുത്തനെയുള്ള നാല് കയറ്റങ്ങളാണ് കൂരിരുട്ടിൽ ഭക്തർ കയറിയത്. ഒന്നാം നമ്പർ ഷെഡ് മുതൽ പതിനാലാം നമ്പർ ഷെഡ് വരെ വൈദ്യുതി ഉണ്ടായിരുന്നില്ല. കനത്ത മഴയിൽ തെന്നിക്കിടക്കുന്ന പാതയിലൂടെ കൊച്ചു കുട്ടികളെയും കൊണ്ട് മലകയറിയവർ ഏറെ ബുദ്ധിമുട്ടി.
വന്യമൃഗങ്ങളുടെയും പാമ്പുകളുടെയും സാന്നിധ്യമുള്ള പ്രദേശം മണിക്കൂറുകളോളം ഇരുട്ടിലായിട്ടും ദേവസ്വം ബോർഡോ കെഎസ്ഇബി അധികൃതരോ ഇടപെട്ടില്ല. ദേവസ്വം ബോർഡിന്റെ വൈദ്യുതി ലൈനിന്റെ കേബിൾ തകരാറാണ് കാരണമെന്ന് പറഞ്ഞ് കെഎസ്ഇബി കൈയൊഴിയുകയായിരുന്നു. തുലാമാസ പൂജയോട് അനുബന്ധിച്ച് വലിയ ഭക്തജനത്തിരക്കായിരുന്നു ശബരിമലയിൽ. ഏറ്റവും കൂടുതൽ ഭക്തരെത്തിയത് ശനിയാഴ്ചയും ഞായറാഴ്ചയും ആയിരുന്നു. അന്നാണ് നീലിമലയും അപ്പാച്ചിമേടും ഇരുട്ടിലായത്.
കഴിഞ്ഞ മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്തും ഇതുപോലെ വൈദ്യുതി മുടങ്ങിയിരുന്നു. ഇത് ഗുരുതര സുരക്ഷാവീഴ്ചയായാണെന്ന് കാണിച്ച് പോലീസും രഹസ്യാന്വേഷണ വിഭാഗവും സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നുവെങ്കിലും നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല. എന്നാൽ വൈദ്യുതി മുടങ്ങിയത് 40 മിനിറ്റ് നേരത്തേക്ക് മാത്രമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറയുന്നു. ശബരിമലയിൽ എത്തുന്ന ഭക്തർക്ക് വേണ്ട ക്രമീകരണങ്ങളൊരുക്കാനുള്ള പരിശ്രമത്തിലാണെന്നും ചെറിയ പിഴവുകൾ സ്വഭാവികമാണെന്നുമാണ് പ്രസിഡൻ്റിന്റെ വിശദീകരണം.
ഇടിമിന്നലുണ്ടായത് കൊണ്ടാണ് വൈദ്യുതി നിലച്ചത്. എന്നാല്‍ അത് 40 മിനിറ്റ് കൊണ്ട് പരിഹരിക്കുകയും ചെയ്തുവെന്ന് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: